DweepDiary.com | ABOUT US | Wednesday, 06 July 2022

ബൈക്കപകടത്തിൽ മരിച്ച ചെത്ലത് സ്വദേശിയുടെ മൃതദേഹം വിട്ട്‌നല്‍കാതെ അധികൃതർ

In regional BY P Faseena On 12 June 2022
ചെത്ലത്: ചെത്ലത് ദ്വീപിൽ ബുധനാഴ്ച്ച നടന്ന ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ദ്വീപ് ഭരണകൂടം. ചെത്ലത് ദ്വീപ് സ്വദേശി കടപ്പുറത്ത്ഇല്ലം അബ്ദുല്‍ ഖാദറിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കാത്തത്‌കൊണ്ട് ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. അപകടം നടക്കുന്നസമയത്ത് ബൈക്കിന് പുറകിലിരുന്നാണ് അബ്ദുല്‍ഖാദര്‍ സഞ്ചരിച്ചത് എന്ന ആരോപണം ഉന്നയിച്ചാണ് അധികാരികള്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണ് എന്ന നിഗമനത്തിലെത്തിയത്. എന്നാൽ മരിച്ചയാളാണ് ബൈക്കിന് പുറകിലിരുന്ന് യാത്രചെയ്തിരുന്നത് എന്ന് ഇത്വരെ ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മരണപ്പെട്ട ദിവസം രാത്രി പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കുകയും ചേത്ലാത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥൻ സംശയാസ്പദമായ സാഹചര്യമില്ല എന്നെഴുതിനൽകുകയും ചെയ്തതോടെ കവരത്തി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മൃതദേഹം വിട്ടുനൽകാനുള്ള അനുമതി നൽകി, എന്നാൽ പിന്നീട് പോലീസ് സൂപ്രണ്ടിൻ്റെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടൽമൂലം പോസ്റ്റ്മോർട്ടം ചെയ്യണം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു എന്നാണ് സംഭവസ്ഥലത്ത് നേരിട്ട് സന്നിഹിതരായിരുന്ന ചിലർ സ്ഥിരീകരിക്കുന്നത്. നാട്ടുകാരും ബന്ധുക്കളും മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ പിന്നാമ്പുറത്ത് മൃതശരീരം പോസ്റ്റ്മോർട്ടം നടത്താൻ വൻകരയിലേക്ക് കൊണ്ടുപോകാൻ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിൻ്റെ അനുവാദം നേടുന്നതിനുള്ള നടപടികളുമായി കവരത്തി സ്റ്റേഷൻ ഇൻ ചാർജ് മുന്നോട്ട് പോകുകയായിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വെറും ഒരു മൊബൈൽ മോർച്ചറി സൗകര്യം മാത്രമുള്ള കവരത്തിയിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള സൗകര്യങ്ങളില്ല എന്ന് കവരത്തിയിലുള്ള ഇന്ദിരാഗാന്ധി ആശുപത്രി അധികൃതർ ഔദ്യോഗികമായി പോലീസ് വകുപ്പിനെ അറിയിച്ചിട്ടുണ്ട്. യുവാവിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്താൻ കൊച്ചിയിലേക്ക് കൊണ്ട് പോകുക എന്നതാണ് ഏക മാർഗം എന്നിരിക്കെ കൊച്ചിയിലേക്ക് കൊണ്ട് പോകാൻ ഹെലികോപ്റ്റർ സേവനം കഴിഞ്ഞ നാല് ദിവസമായിട്ടും ലഭ്യമായിട്ടില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്നലെ പോലീസ് സൂപ്രണ്ടിനെ കാണാൻ എത്തിയ ജനപ്രതിനിധികളോട് ഞങ്ങളുടെ പരിധിയിൽ വരാത്ത കാര്യമാണ് ഹെലികോപ്റ്റർ സർവീസ് എന്നും പോർട്ട് ഡിപ്പാർട്ട്മെൻ്റിലും ആരോഗ്യവകുപ്പിലും കാര്യങ്ങൾ അന്വേഷിക്കണമെന്നായിരുന്നു പോലീസ് സൂപ്രണ്ടിന്റെ മറുപടി. നിലവില്‍ അബ്ദുല്‍ഖാദറിന്റെ മൃതശരീരം കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അത്യാസന്ന നിലയിലുള്ള രോഗികൾക്കായി ഹെലികോപ്റ്റർ ആവശ്യം വരുന്നതിനാലാണ് മൃതദേഹം കൊണ്ട്പോകാൻ ഹെലികോപ്റ്റർ നൽകാത്തത് എന്നാണ് ആരോഗ്യവകുപ്പിൽ നിന്ന് അറിയാൻ സാധിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെത്ലത് തെക്ക് ഹെലിപാഡിന് സമീപം ബൈക്ക് മരത്തിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിൽ യാത്ര ചെയ്ത രണ്ട്പേരും തെറിച്ച് വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ ഖാദറിനെ ഹെലികോപ്റ്ററിൽ കവരത്തിയിലെത്തിക്കുന്നതിനിടയിൽ ജീവന്‍നഷ്ടമായി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാദുഷ ഗുരുതര പരിക്കുകളോടെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച്ച രാത്രി ഒമ്പത് മണിക്ക് അപകടംപറ്റിയ ഇരുവരെയും പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് ഹെലികോപ്റ്റര്‍ എത്തിയാണ് കവരത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്. പിന്നീട് ബാദുഷയെ കൊച്ചിയിലേക്ക് മാറുകയായിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ 304 പോലുള്ള വളരെ പ്രധാനപ്പെട്ട വകുപ്പ് ചുമത്തിയത് കൊണ്ടാണ് പൊലീസ് സൂപ്രണ്ട് പോസ്റ്റ്മോർട്ടം വേണമെന്ന് ശഠിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്രയും ദിവസമായിട്ടും പോസ്റ്റ്മോർട്ടം നടത്താൻ സാധിക്കാത്തത് അധികൃതരുടെ അ നാസ്ഥയാണെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY