DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിലെ മണലും കടലും കുട്ടികളുടെ കായികവളര്‍ച്ചയെ സഹായിക്കുന്നു: കവരത്തി സ്വദേശിക്ക് കായികപഠനമേഖലയിൽ ഡോക്ടറേറ്റ്

In regional BY Admin On 26 June 2021
കവരത്തി: കായികമേഖലയിൽ കാലത്തിനൊത്ത പരിശീലന സൗകര്യങ്ങളൊന്നുമില്ലാത്ത ലക്ഷദ്വീപിനു പ്രകൃതി ഒരുക്കിയിരിക്കുന്നത് സ്വാഭാവികമായ ഉത്തേജനികളാണ്. ദ്വീപിലെ കടപ്പുറത്തെ പഞ്ചാരമണലിലും ലഗൂണിലും നൽകുന്ന പരിശീലനം വഴി മികച്ച ഫലം കായികമേഖലയിൽ കൈവരിക്കാനാവുമെന്ന് ഗവേഷണം നടത്തി തെളിയിച്ചിരിക്കുകയാണ് കവരത്തി ദ്വീപിലെ കായിക അധ്യാപകൻ സജീദ് കെ പി. ലക്ഷദ്വീപ് സ്കൂൾ കായിക മത്സരങ്ങളിൽ പങ്കെടുത്ത 14 മുതൽ 17 വരെ പ്രായമുള്ള 60 ആൺകുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് അദ്ദേഹം തന്റെ പഠനം നടത്തിയത്. ബാഡ്മിൻ്റൺ പരിശീലകനും കവരത്തി ദ്വീപിലെ കോഴിക്കോട് സർവ്വകലാശാല അധ്യാപക പരിശീലനകേന്ദ്രത്തിൽ കായിക അധ്യാപകനും കൂടിയാണ് സജീദ്. ബാഡ്മിൻ്റൺ കളിയിൽ ഏർപ്പെടുന്ന കുട്ടികളെ കടപ്പുറത്തെ മണലിലും ദ്വീപിലെ കടലിലും പരിശീലനം നൽകിയപ്പോൾ അവരുടെ പ്രകടനത്തെ ഗുണപരമായി സ്വാധീനിക്കുന്നു എന്നാണ് വിവിധ ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം സമർത്ഥിക്കുന്നത്.

കവരത്തി ദ്വീപിലെ കക്കിനിപ്പുര മുത്ത്ബീയുടെയും കറുത്തോളപ്പുര കുഞ്ഞിക്കോയയുടെയും മകനാണ് സജീദ്. കവരത്തിയിലെ വിവിധ സ്കൂളുകളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മലപ്പുറം ഗവർമൻ്റ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കായിക വിദ്യാഭ്യാസത്തിൽ ബിരുദവും ബിരുദാന്തരബിരുദവും കരസ്ഥമാക്കി. പിന്നീട് പുതുച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്നും എംഫിലും പൂർത്തീകരിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ബാഡ്മിൻ്റൺ പരിശീലക യോഗ്യത നേടിയ സജീദ് തമിഴ്നാട് കായിക സർവ്വകലാശാലയിൽ നിന്നാണ് പി എച്ച് ഡി പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ഓൺലൈൻ ആയി ഓപ്പൺ ഡിഫെൻസ് കഴിഞ്ഞതോടെ എല്ലാ ഔപചാരികതകളും വിജയകരമായി പൂർത്തിയാക്കിയ സജീദ് ഡോക്ടറേറ്റ് ഡിഗ്രിക്കായി കാത്തിരിക്കുകയാണ്. നേരത്തെ യുജിസി നെറ്റും ജെ.ആർ.എഫും കരസ്ഥമാക്കിയ അദ്ദേഹം 2013 ൽ കടമം ദ്വീപിലെ കോളേജിലാണ് അധ്യാപനജീവിതം ആരംഭിച്ചത്. നിരവധി വർഷങ്ങളായി കവരത്തിയിലെ ചെറുപ്പക്കാർക്ക് ബാഡ്മിന്റണിൽ സൗജന്യപരിശീലനം നൽകിവരുന്നു.

വിവിധ കായികമേഖലകളിൽ മികച്ച അഭിരുചിയും കഴിവുമുള്ള ധാരാളം കുട്ടികൾ ലക്ഷദ്വീപിൽ ഉണ്ടെങ്കിലും ശാസ്ത്രീയമായ പരിശീലനങ്ങൾ തീർത്തും ഇല്ലെന്ന ദുരവസ്ഥ ലക്ഷദ്വീപിലെ കായികമേഖല മുരടിച്ചുപോകാൻ പ്രധാനകാരണമാണെന്ന് അദ്ദേഹം ദ്വീപ് ഡയറിയോട് പറഞ്ഞു. സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിൽ ഇന്ത്യയിൽ എല്ലായിടത്തും യോഗ്യരായ പരിശീലകരുണ്ട്. ലക്ഷദ്വീപിൽ ആകെയുള്ള അഞ്ചു കോച്ചുമാരെ നിയമിച്ചിരിക്കുന്നത് ഡിപ്പാർട്ടമെന്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയർസ് വകുപ്പാണ്. സ്പോർട്സ് കൗൺസിലിന് കീഴിൽ കോച്ചുമാരില്ലാത്തതും സ്പോർട്സ് കൗൺസിലിന്റെ അശാസ്ത്രീയ ഘടനയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്‌കൂൾ പ്രിൻസിപ്പാൾമാരെയാണ് ഓരോ ദ്വീപിലെയും പ്രാദേശിക സ്പോർട്സ് കൗൺസിൽ ചെയർമാനായി നിയമിക്കുന്നത്. അവരിൽ മിക്കവരും പലപ്പോഴും സ്പോർട്സുമായി ബന്ധമില്ലാത്തവരാണ് എന്നതും ഒരു പരിമിതിയാണ്. ഭരണരംഗത്തുള്ളവരും പൊതുസമൂഹവും ശാസ്ത്രീയമായ രീതിയിൽ സ്പോർട്സിനെ സമീപിക്കാൻ സമയം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ മാതാപിതാക്കളോടും ദൈവത്തോടും ഒപ്പം റിസേർച്ച് ഗൈഡ് പ്രൊഫ. എസ് മണികണ്ഠനോടും കടപ്പാടുണ്ടെന്ന് അദ്ദേഹം ദ്വീപ് ഡയറിയോട് പറഞ്ഞു.

(സജീദ് കെ പി)

SHARE YOUR FEEDBACK

RECENT IN THIS CATEGORY