DweepDiary.com | ABOUT US | Friday, 19 April 2024

ആരോഗ്യ ഇന്‍ഷ്വറന്‍സിന് പച്ചക്കൊടി

In main news BY Admin On 28 April 2016
കവരത്തി(27.04.16)- ലക്ഷദ്വീപിന്റെ ആരോഗ്യ വിഭാഗത്തിന്റെ ചരിത്രത്തില്‍ ഒരു നാഴിക കല്ലായി മാറാവുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇന്‍ഷ്വറന്‍സ് വിഭാഗവും ലക്ഷദ്വീപ് സര്ക്കാരും ഒപ്പുവെച്ചു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ.ഹംസക്കോയയും ബി.ഡി.ഓ ശ്രീ.ഐ.സി.പൂക്കോയയും, ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഓഫീസര്‍ ശ്രീ.കോയയുമാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായുള്ള കരാറില്‍ (MOU) ദ്വീപിനു വേണ്ടി ഒപ്പു വെച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പി.എച്ച്.എച്ച് (മൂന്ന് രൂപയുടെ അരിക്ക് അര്‍ഹരായവര്‍) വിഭാഗങ്ങള്‍ക്കാണ് ഇതിന്റെ ആനൂകൂല്യം ലഭിക്കുക.
ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കുള്ള കുടിശ്ശിക സര്‍ക്കാരാണ് വഹിക്കുക. പി.എച്ച്.എച്ച് വിഭാഗത്തില്‍ പെടുന്ന 22,000 പേരാണ് ദ്വീപിലുള്ളത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയനുസരിച്ച് ഈ വിഭാഗത്തിലുള്ള ഒരു കുടുംബത്തിന് ഒരു ഇന്‍ഷ്വറന്‍സ് കാര്‍ഡാണ് നല്‍കുക. ഈ കാര്‍ഡ് മുഖേന ഇതില്‍ പരാമര്‍ശിക്കുന്ന ആയിരത്തോളം രോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ സാധിക്കും. ഈ കാര്‍ഡിലൂടെ ഇതിന്റെ പരിധിയില്‍ വരുന്ന ഹോസ്പിറ്റലുകളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സാധാരണ രോഗങ്ങള്‍ക്ക് 2 ലക്ഷം രൂപവരേയും മാരക രോഗങ്ങള്‍ക്ക് 3 ലക്ഷം രൂപ വരേയും സൗജന്യ ചികിത്സ നേടാന്‍ സാധിക്കും. ഉദാഹരണത്തിന് ഒരു കുടുംബത്തിലെ ഒരു രോഗിക്ക് ഈ വര്‍ഷം 30,000 രൂപയുടെ ചികിത്സ നേടിയാല്‍ ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബാക്കി വരുന്ന 1,70,000 രൂപ സാധാരണ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ആ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വിനിയോഗിക്കാം. പക്ഷെ അടുത്തവര്‍ഷെത്തേക്ക് ഇത് നീക്കിവെക്കാന്‍ സാധിക്കില്ല. രോഗിക്ക് ഇതിന്റെ ആനു കൂല്യം ലഭിക്കണമെങ്കില്‍ മെഡിക്കല്‍ റഫറന്‍സും ആവശ്യമായിവരും. രോഗി യാത്ര ചെയ്യുന്ന കപ്പല്‍ അല്ലെങ്കില്‍ ഹെലികോപ്റ്ററിന്റെ ചെലവും ഇതിലൂടെ ലഭ്യമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പി.എച്ച്.എച്ച് വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡ് രണ്ട് മാസത്തിനുള്ളില്‍ നല്‍കുമെന്നും കരാറിലുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.വിജയകുമാര്‍.IAS ഉം എം.പി ശ്രീ.പി.പി. മുഹമ്മദ് ഫൈസലും കരാര്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY