DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് കപ്പല്‍ സംവിധാനത്തെ പുകഴ്ത്തി ആന്തമാന്‍ പത്രം

In main news BY Admin On 21 April 2016
കൊച്ചി (21/04/2016): ഇന്ത്യയിലെ സമുദ്ര ജല ഗതാഗതത്തെ പൂര്‍ണമായി ആശ്രയിക്കുന്ന പ്രദേശങ്ങളാണ് ലക്ഷദ്വീപും ആന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹവും. രണ്ടും കേന്ദ്ര ഭരണ പ്രദേശങ്ങള്‍. ജനസംഖ്യാ അടിസ്ഥാനത്തില്‍ കേരളത്തിലെ ഒരു പഞ്ചായത്തിന്‍റെ വലുപ്പം പോലുമില്ലാത്ത ലക്ഷദ്വീപ് ആകെ കൂടി ഒരു ജില്ലയായി കണക്കാക്കുന്നു. എന്നാല്‍ 3 ജില്ലകളും 500 ഓളം ദ്വീപുകളും വരുന്ന ആന്തമാന്‍ പക്ഷെ ജലഗതാഗതത്തിന്‍റെ കാര്യത്തില്‍ ലക്ഷദ്വീപിനെ മാതൃകയാക്കണമെന്നാണ് അവിടുത്തെ പ്രധാന മാധ്യമമായ ആന്തമാന്‍ ശീഖ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെയുള്ള 17 സ്പീഡ് ബോട്ടുകളില്‍ എം‌വി ബംഭൂക, എം‌വി കമോര്‍ത്ത, എം‌വി നോര്‍ത്ത് പാസേജ്, എം‌വി ജോളി ബോയ്, എം‌വി റാണി ഛംഗ എന്നീ 5 എണ്ണം ഒഴികെ ബാക്കിയെല്ലാം കട്ടപ്പുറത്തായതോടെയാണ് പത്രം തുറമുഖ വകുപ്പിനെതിരെ വാര്‍ത്ത എഴുതിയത്. തുറമുഖ വകുപ്പ് കപ്പലുകളുടെ അറ്റകുറ്റപ്പണികളില്‍ കാണിക്കുന്ന അലംഭാവവും കൃത്രിമത്വവും കാരണമാണ് ഇത്രയും വെസ്സലുകള്‍ സര്‍വീസിന് ലഭിക്കാതെ കട്ടപ്പുറത്തായത്. കഴിഞ്ഞ സുനാമിയില്‍ സാരമായ കേട് സംഭവിച്ച എം‌വി തീല്‍ ഡ്രൈ ഡോക്കിന് ശേഷവും വെള്ളം കേറുന്നത് കാരണം യാത്രക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഡ്രൈ ഡോക്കിന് പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരിച്ച് കിട്ടാത്ത എം‌വി ഒഞ്ചേ, എം‌വി ലോംഗ് ഐലന്‍റ് കപ്പലുകളും ദ്വീപുകരുടെ യാത്രാപ്രശ്നം രൂക്ഷമാക്കുന്നു. എം‌വി ചാമ്പല്‍ ബേയുടെ കോല്‍ഡ് ഫ്രീസര്‍ കേടായതോടെ അവ നന്നാക്കുകയോ പുതിയത് വാങ്ങിക്കുന്നതിനോ പകരം എം‌വി ഒഞ്ചേയുടേയും എം‌വി രാമാനുജത്തിന്‍റെയും ഫ്രീസറുകള്‍ അടിച്ചു മാറ്റി എം‌വി ചാമ്പല്‍ ബേയ്ക്ക് വെച്ചു. കൂടാതെ 2005'ല്‍ ഡിഗില്‍പ്പൂരിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസ് നടത്തുന്നത് ഇന്ന്‍ മൂന്നായി കുറഞ്ഞു. എന്നാല്‍ 40 വര്‍ഷം പഴക്കമുള്ള എം‌വി ഭാരത സീമ എന്നകപ്പല്‍ പോലും കുറവുകളില്ലാതെ കൈകാര്യം ചെയ്യുകയും ബന്ധപ്പെട്ട മന്ത്രാലയത്തിന്‍റെ അനുമതിയോടെ എം‌വി കോറല്‍ എന്ന അത്യാധുനികമായ യാത്രാ കപ്പല്‍ സ്വന്തമാക്കുകയും ചെയ്ത ലക്ഷദ്വീപ് ഭരണകൂടം തെളിയിക്കുന്നത് സമുദ്ര ഗതാഗത മേഖലയിലെ പ്രൊഫഷണല്‍ മിടുക്കാണെന്ന് പത്രം പുകഴ്ത്തുന്നു. അതിനാല്‍ ഭരണകൂടം കപ്പല്‍ ഗതാഗതത്തെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥരെ സ്പെയിനിലേക്ക് അയക്കാതെ ലക്ഷദ്വീപിലേക്ക് അയക്കണമെന്നും പത്രം ആവശ്യപ്പെടുന്നു.

എന്നാല്‍ പത്രത്തിന്‍റെ കണ്ടുപിടിത്തങ്ങള്‍ പലതും ശരിയല്ലെന്ന്‍ ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ലക്ഷദ്വീപിന്‍റെ എം‌വി അമീന്‍ ദ്വീവി കപ്പല്‍ ഡോക്കില്‍ കയറി ഒരു വര്‍ഷമാവാറായി. മറൈന്‍ സര്‍വേയര്‍ നടത്തിയ സര്‍വേയില്‍ കപ്പലിന്‍റെ സ്റ്റെബിലിറ്റി (സന്തുലനാവസ്ഥ) നഷ്ടപ്പെട്ടതായും അതിനാല്‍ കപ്പലിന് അനിശ്ചിത കാലത്തേക്ക് യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു എന്ന്‍ പറയാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. കൊച്ചി കപ്പല്‍ ശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന് മാത്രമെ വിശ്വാസമുള്ളു. പലകപ്പലുകളും അറ്റകുറ്റപ്പണികളുടെ പേരും പറഞ്ഞ് ഒരു പണിയും ചെയ്യാതെ പെയിന്‍റ് പൂശി തിരിച്ചേല്‍പ്പിക്കുന്നൂ. ഇതിനായി കനത്ത തുകയും ഈടാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മോണിറ്ററിങ്ങ് നടത്തേണ്ട ലക്ഷദ്വീപ്പ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനും കൊച്ചി ഡോക്ക് യാര്‍ഡിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി നടത്തുകയെന്ന ആരോപണം കാലാകാലങ്ങളായി നാവിക വിദഗ്ദ്ധര്‍ ഉന്നയിക്കുന്നെങ്കിലും അധികൃതര്‍ നിസംഗത തുടരുകയാണ് ചെയ്യുന്നത്. ഇതേ അവസ്ഥ തുടരുകയെയാണെങ്കില്‍ നമ്മുടെ യാത്രാ വാഹനങ്ങളും വരും കാലങ്ങളില്‍ കട്ടപ്പുറത്താകും എന്നത് സംശയങ്ങള്‍ക്ക് അധീതമായ കാര്യമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY