DweepDiary.com | ABOUT US | Saturday, 20 April 2024

വൈദ്യുത സംവിധാനങ്ങള്‍ തകരാറിലായിട്ട് രണ്ടാഴ്ച പിന്നിടുന്നു - ആന്ത്രോത്ത് ദ്വീപില്‍ ദുരിതം തുടരുന്നു

In main news BY Admin On 06 April 2016
ആന്ത്രോത്ത് (04/04/2016): സമയാ സമയങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ മുടങ്ങിയപ്പോള്‍ ദുരിതത്തിലായത് ഒരു ദ്വീപ് മുഴുവനും. ജല-സൌരോര്‍ജ്ജ പദ്ധതികളൊന്നും കാര്യമായി ഇല്ലാത്ത ലക്ഷദ്വീപില്‍ കൂറ്റന്‍ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ആന്ത്രോത്ത് ദ്വീപില്‍ ഒരേ സമയം ഇത്തരം മൂന്ന്‍ ജനറേറ്ററുകള്‍ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്ത വിധം കേടായതോടെ ആന്ത്രോത്ത് ജനതയ്ക്ക് വേനല്‍കാലം കലികാലമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ധര്‍ണകളും സമരവും നടത്തിയെങ്കിലും ഭൂമിശാസ്ത്രമായ ഒറ്റപ്പെടല്‍ കാരണം ബദല്‍ സംവിധാനം എത്തിക്കാന്‍ ഭരണ കൂടത്തിന് സാധിച്ചില്ല. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും വാടകയ്ക്ക് ജനറേറ്റര്‍ എടുക്കാനുള്ള ആലോചന സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ വിജയകുമാര്‍ ഐ‌എ‌എസ് പുതിയ ജനറേറ്ററുകള്‍ വാങ്ങുവാനുള്ള അടിയന്തിര ഉത്തരവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെങ്കിലും ദ്വീപിലേക്ക് ജനറേറ്റര്‍ എത്താന്‍ സാങ്കേതികമായി ഇനിയും സമയം എടുക്കും. ദിവസം പലപ്പോയായി 7 മണിക്കൂര്‍ വൈദ്യുതി വിതരണം ചെയ്യാന്‍ വിദ്യുദ്ഛക്തി വകുപ്പിന്‍റെ ആന്ത്രോത്ത് യൂണിറ്റ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വൈദ്യുതിയുടെ അഭാവത്തില്‍ ബി‌എസ്‌എന്‍‌എല്‍ ടവറുകളും മറ്റു ആശയവിനിമയ ഉപാധികളും താറുമാറായതോടെ ആന്ത്രോത്ത് ദ്വീപ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. പുതിയ ജനറേറ്ററുകള്‍ എത്തുന്നത് വരെ മറ്റു ദ്വീപുകളില്‍ കൂടുതലായുള്ള ജനറേറ്ററുകള്‍ എത്തിക്കാന്‍ ഉത്തരവുണ്ടായി. ഉത്തരവിന്റെ പശ്ചാതലത്തില്‍ അഗത്തി, കല്‍പേനി, കവരത്തി ദ്വീപുകളിലെ അഡീഷണല്‍ ജനറേറ്ററുകള്‍ ചരക്ക് കപ്പലുകള്‍ വഴി ആന്ത്രോത്തിലേക്ക് മാറ്റി തുടങ്ങി. ഇതിനിടെ അഗത്തി ദ്വീപില്‍ ജനറേറ്റര്‍ മാറ്റുന്നത് ഡി‌വൈ‌എഫ്‌ഐ - സി‌പി‌ഐ (എം) പ്രവര്‍ത്തകര്‍ തടഞ്ഞു. പവര്‍ഹൌസ് ഭാഗത്തേക്ക് കൂടുതല്‍ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പുതിയ ജനറേറ്ററുകള്‍ എത്തിക്കാനുള്ള ദര്‍ഘാസ് നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ ഇവ ദ്വീപിലെത്തിക്കാന്‍ സാധിക്കുമെന്നും ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY