DweepDiary.com | ABOUT US | Saturday, 20 April 2024

കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കവരത്തിയും

In main news BY Admin On 30 August 2015
ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന രാജ്യത്തെ 98 നഗരങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. കേരളത്തില്‍ നിന്ന് കൊച്ചി മാത്രം ഉള്‍പ്പെട്ട പട്ടികയില്‍ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയുമുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് പട്ടിക പുറത്തുവിട്ടത്. നഗരങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടിക പുറത്തിറക്കി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തെ നൂറുനഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 48,000 കോടി രൂപയാണ് മാറ്റിവച്ചത്. പ്രതിവര്‍ഷം 100 കോടി രൂപ വീതം അഞ്ചുവര്‍ഷത്തേക്ക് നഗരങ്ങളുടെ വികസനത്തിന് ലഭിക്കും. അടിസ്ഥാന സൗകര്യ വികസനം, ആധുനിക സാങ്കേതിക വിദ്യ, തടസമില്ലാത്ത ജല, വൈദ്യുത വിതരണം, ഖര മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനം, മികച്ച പൊതു വാഹന സംവിധാനം, പദ്ധതി നിര്‍വഹണത്തിലെ ജന പങ്കാളിത്തം, കുറ്റമറ്റ സുരക്ഷാ ക്രമസമാധാന പാലന സംവിധാനങ്ങള്‍, ഉന്നത നിലവാരമുള്ള ശുചീകരണ സൗകര്യങ്ങള്‍, ഐ.ടി കണക്ടിവിറ്റി, ഇ ഗവേര്‍ണന്‍സ് തുടങ്ങിയവ ഈ നഗരങ്ങളുടെ പ്രത്യേകതകളായിരിക്കുമെന്നും ആദ്യഘട്ടത്തില്‍ 24 നഗരങ്ങളിലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. 13 നഗരങ്ങള്‍ ഇടംപിടിച്ച ഉത്തര്‍പ്രദേശിനാണ് പട്ടികയില്‍ ഏറ്റവുംകൂടുതല്‍ പ്രാതിനിധ്യമുള്ളത്. തമിഴ്‌നാട് (12), മഹാരാഷ്ട്ര (10) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മധ്യപ്രദേശ് (7), ബിഹാര്‍, ആന്ധ്ര പ്രദേശ് (3 എണ്ണം വീതം) എന്നീ സംസ്ഥാനങ്ങള്‍ക്കും പട്ടികയില്‍ മികച്ച പ്രാതിനിധ്യം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് അഹമ്മദാബാദ്, ഗാന്ധിനഗര്‍, ബറോദ, മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയും (ഉത്തര്‍പ്രദേശ്) പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം പാട്‌ന (ബിഹാര്‍), ബംഗളൂരു (കര്‍ണാടക), കൊല്‍ക്കത്ത (പശ്ചിമബംഗാള്‍), ഷിംല (ഹിമാചല്‍പ്രദേശ്) എന്നീ വന്‍നഗരങ്ങള്‍ ഇടം കണ്ടില്ല. 98 നഗരങ്ങളില്‍ 24 എണ്ണവും സംസ്ഥാന തലസ്ഥാനങ്ങളാണ്. പോര്‍ട്ട് ബ്ലെയര്‍ (ആന്തമാന്‍ ദ്വീപുകള്‍), വിശാഘപട്ടണം, തിരുപ്പതി (ആന്ധ്ര), മംഗളൂരു, ബെലഗാവി, ഷിമോഗ, ഹുബ്ബള്ളി, തുമകുരു, ദവാങ്കിരി (എല്ലാം കര്‍ണാടക), തിരുച്ചിറപ്പള്ളി, ചെന്നൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, വെല്ലൂര്‍, സേലം, ഈറോഡ്, തഞ്ചാവൂര്‍, ദിണ്ഡിഗല്‍, മധുരൈ, തൂക്കുകിട്, തിരുനല്‍വേലി നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


(കടപ്പാട്- സുപ്രഭാതം)

SHARE YOUR FEEDBACK

RECENT IN THIS CATEGORY