DweepDiary.com | ABOUT US | Thursday, 25 April 2024

കേന്ദ്രവും എ‌എ‌പി'യും തമ്മിലുള്ള പോര് ലക്ഷദ്വീപിന് ഗുണമായേക്കും - എ‌എ‌പി'യുടെ പ്രിയപ്പെട്ട ഐ‌എസുകാരന്‍ ലക്ഷദ്വീപിലേക്ക്

In main news BY Admin On 25 July 2015
ഡല്‍ഹി (24/07/2015): ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി, ഡല്‍ഹി പോലീസിനെ സംസ്ഥാന സര്‍ക്കാരിന്‍റെ താഴെയാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എ‌എ‌പി കേന്ദ്രവുമായി തുടക്കത്തില്‍ തന്നെ ശീതയുദ്ധത്തിലായിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വുമണ്‍ (DCW) ശ്രീമതി സ്വാതി മലിവാളിന്‍റെ നിയമനം അംഗീകരിക്കില്ലെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് സംഗ് അറിയിച്ചതോടേയാണ് ജനങ്ങള്‍ തെരെഞ്ഞെടുത്ത ഗവര്‍മെന്‍റും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലെഫ്റ്റനന്‍റ് ഗവര്‍ണറും തമ്മില്‍ കലഹത്തിലായത്. കേന്ദ്ര സര്‍ക്കാര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ പക്ഷത്തായതോടെ എ‌എ‌പിയും കേന്ദ്രവും തുറന്ന പോരിലേക്ക്. കൂടാതെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന പല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേയും കേജ്രിവാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റി. അഴിമതി വിരുദ്ധനും ഡല്‍ഹി ജല ബോര്‍ഡിന്‍റെ (DJB) സി‌ഇ‌ഓ ആയിരുന്ന ശ്രീ വിജയ കുമാറിനെ (ഐ‌എ‌എസ്) കെജ്രിവാള്‍ സര്‍ക്കാര്‍ വാറ്റ് കമ്മീഷ്ണറായി നിയമിച്ചിട്ട് അധികമായില്ല. കേന്ദ്ര സര്‍ക്കാര്‍ അതിനും പണി കൊടുത്തു.

ലക്ഷദ്വീപിലെ നിലവിലെ അഡ്മിനിസ്ട്രേറ്ററായ ശ്രീ രാജേഷ് പ്രസാദിനെ മാറ്റാന്‍ ലക്ഷദ്വീപ് എം‌പി ശ്രീ മുഹമ്മദ് ഫൈസല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തി വരുകയായിരുന്നു. ഈ അവസരം മുതലെടുത്ത കേന്ദ്രം ശ്രീ വിജയ കുമാറിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത തല ജോയിന്‍റ് കാഡര്‍ അഥോറിറ്റി (JCA) മീറ്റിങ്ങിലാണ് തീരുമാനമായത്. ഇത് ലക്ഷദ്വീപിന് ഗുണമാവുമെന്ന് കരുതുന്നു. എല്‍‌ഡി‌സി‌എല്‍, സ്പോര്‍ട്ട്സ് പോലേയുള്ള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തി വരുന്ന അഴിമതികള്‍ക്ക് കൂച്ചുവിലങ്ങ് വീഴുമെന്ന് കരുതേണ്ടിയിരിക്കുന്നു.

ഇതിനിടെ ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്ററുടെ ചിത്രം എന്ന്‍ അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം മാധ്യമ പ്രവര്‍ത്തകരില്‍ ആശയ കുഴപ്പമുണ്ടാക്കി. "Our New Admini" എന്ന പേരിലുള്ള ഈ ചിത്രം ഡല്‍ഹിയിലെ ഇപ്പോയത്തെ ജല ബോഡ് (DJB) സി‌ഇ‌ഒ ശ്രീ സജ്ജന്‍ സിങ്ങ് യാദവ് ഐ‌എ‌എസിന്‍റെതാണെന്ന് ദ്വീപ് ഡയറി കണ്ടെത്തി.

അവലംബം: The Pioneer, (24/07/2015) Delhi Edition

SHARE YOUR FEEDBACK

RECENT IN THIS CATEGORY