DweepDiary.com | ABOUT US | Wednesday, 24 April 2024

മാഗിക്ക് പുറമെ ലക്ഷദ്വീപില്‍ 13 വെളിച്ചെണ്ണകളും നിരോധിച്ചു

In main news BY Admin On 06 July 2015
കവരത്തി (03/07/2015): മാഗി ന്യൂഡില്‍സും അനുബന്ധ ഉല്‍പന്നങ്ങളും നിരോധിച്ചത് കൂടാതെ 13 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കൂടി ലക്ഷദ്വീപ് ഭക്ഷ്യ സുരക്ഷ കമ്മീഷ്ണര്‍ നിരോധിച്ചു. ഇവ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യവസായികള്‍ക്കെതിരെ പിഴ, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

കേരള ഭക്ഷ്യ സുരക്ഷ വകുപ്പും നാളികേര വികസന ബോര്‍ഡും ഏപ്രില്‍ 2015നു സംയുക്തമായി നടത്തിയ പരിശോധനയില്‍ പാമോയില്‍, പാംകെര്‍നല്‍ ഓയില്‍, മിനറല്‍ ഓയില്‍ എന്നിവ മായംചേര്‍ക്കാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നാളികേര വികസനബോര്‍ഡിന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ഇതിന്‍റെ ഫലം വന്നിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരം കേരള ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍ ടി വി അനുപമ ഇവ നിരോധിക്കുകയായിരുന്നു. കേരളത്തില്‍ നിരോധിച്ച ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണകള്‍ കൈവശം സൂക്ഷിക്കുകയോ വില്‍ക്കുകയോ വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 56 പ്രകാരം രണ്ടു ലക്ഷം രൂപവരെ പിഴ ചുമത്തുന്ന കുറ്റമാണുള്ളത്. മനഃപൂര്‍വം ലംഘിച്ചതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വകുപ്പുണ്ട്.

99% ഉപഭോഗ വസ്തുക്കളും കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് ലക്ഷദ്വീപില്‍ എത്തുന്നത്. കേരളത്തില്‍ നിരോധനം വന്ന സാധനങ്ങള്‍ വ്യവസായികളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് വന്‍തോതില്‍ ലക്ഷദ്വീപിലേക്ക് കയറ്റി അയക്കാറുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ലക്ഷദ്വീപ് ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ ശ്രീ ജെ അശോക് കുമാര്‍ ഐ‌എ‌എസ് നിരോധന ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടര്‍/ സബ് ഡിവിഷണല്‍ ഓഫീസര്‍, ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ് എന്നിവര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.


ലക്ഷദ്വീപില്‍ നിരോധിച്ച വെളിച്ചെണ്ണകളും അവയുടെ നിര്‍മ്മാതാക്കളും:-
1. കേര പ്ലസ് (ബിന്‍ ഷെയ്ഖ് ഫുഡ് പാര്‍ക്ക്, എടക്കര)
2. ഗ്രീന്‍ കേരള (അച്ചു ട്രെഡേഴ്‌സ്, പാലക്കാട്)
3. കേര എ ഒണ്‍ (എ.എം കോക്കനട്ട് ഇന്‍ഡസ്ട്രീസ്, തിരുപ്പൂര്‍, തമിഴ്‌നാട്)
4. കേര സൂപ്പര്‍ (എ.എം കോക്കനട്ട് ഇന്‍ഡസ്ട്രീസ്, തിരുപ്പൂര്‍, തമിഴ്‌നാട്)
5. കേര ഡ്രോപ്സ് (സൗത്ത് ലാന്‍ഡ് അഗ്രോ ടെക് ഇന്‍ഡസ്ട്രീസ്, രാമനാട്ടുകര)
6. ബ്ലേസ് (പവന്‍ ഇന്‍ഡസ്ട്രീസ്, മലപ്പുറം)
7. പുലരി (ബ്ലോക്ക് നം. 26, കിന്‍ഫ്ര ഫുഡ് പ്രോസസിങ് പാര്‍ക്ക്, അടൂര്‍, പത്തനംതിട്ട)
8. കൊകൊ സുധം/ ശുദ്ധം (കൈരളി അഗ്രോ പ്രോഡക്ട്‌സ്, കൊച്ചി)
9. കല്ലട പ്രിയം (കല്ലട ഓയില്‍ മില്‍സ്, തൃശ്ശൂര്‍)
10. കേര നന്മ (ശ്രീ പരാശക്തി ഓയില്‍ ട്രെഡേഴ്‌സ്, അയിരൂര്‍, വര്‍ക്കല)
11. കൊപ്ര നാട് (ജോസ് ബ്രദേഴ്‌സ് ആന്‍ഡ് സണ്‍സ്, തൃശ്ശൂര്‍)
12. കൊക്കനട്ട് നാട് (ജോസ് ബ്രദേഴ്‌സ് ആന്‍ഡ് സണ്‍സ്, തൃശ്ശൂര്‍)
13. കേര ശ്രീ (പി.കെ ഓയില്‍ മില്‍സ്, ചേവരമ്പലം, കോഴിക്കോട്)

SHARE YOUR FEEDBACK

RECENT IN THIS CATEGORY