DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് സീ കപ്പലില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

In main news BY Admin On 20 January 2015
കടമത്ത്(18/01/2015): സ്വഭാവിക പ്രസവത്തിന് പ്രയാസം കണ്ടതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സയ്ക്കായി കൊച്ചിയിലേക്ക് റഫര്‍ ചെയ്തതായിരുന്നു അമിനി ദ്വീപ് സ്വദേശി കാപാറ്റെ ചെറ്റ ആമിനയെ. ഭര്‍ത്താവ് അല്‍അമീനുമായി കപ്പലില്‍ അവസാനയാത്രക്കാരിയായി കയറുമ്പോള്‍ തന്‍റെ ഉള്ളിലെ നവകുസുമം അറബി കടലിന്‍റെ തോലോലത്തില്‍ ഭൂമിയിലേക്ക് ഭൂജാതനാവുമെന്ന് കരുതിക്കാണില്ല. കപ്പല്‍ വിട്ട് മുന്നൂറോളം കിലോമീറ്റര്‍ കഴിഞ്ഞ് കൊച്ചിയോടടുത്ത് എത്തിയപ്പോള്‍ ആമിനക്ക് പ്രസവ വേദന തുടങ്ങി. കപ്പലിലെ ഡ്യൂട്ടി ഡോക്ടര്‍ ഷാനവാസ് കുട്ടിയുടെ കിടപ്പ് ശരിയായ രൂപത്തിലല്ല എന്നും പെട്ടെന്ന് വിദഗ്ദ്ധ ചികില്‍സക്ക് വിധേയമാക്കണമെന്ന് (ഡോ. ഷാനവാസ്, ഡോ. സുഹ്റ ബീഗം, ആമിനയുടെ ഭര്‍ത്താവ് അല്‍അമീന്‍) ക്യാപ്റ്റന്‍ ശിവശങ്കരന് വിവരമറിയിച്ചു. കൊച്ചി എത്താന്‍ ഇനിയും ഒരുപാട് ദൂരം കപ്പലിന് സഞ്ചരിക്കണമായിരുന്നു. ഉടനെ ക്യാപ്റ്റന്‍ 245 യാത്രക്കാര്‍ക്കും സംഭവം അറിയിച്ചു. കുട്ടിയുടേയും മാതാവിന്‍റെയും ജീവന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദൈവത്തിന്‍റെ സഹായം പെട്ടെന്ന് കിട്ടുമെന്ന് ക്യാപ്റ്റന്‍ പോലും പ്രതീക്ഷിച്ചില്ലായിരിക്കും. പാസഞ്ചര്‍ ലിസ്റ്റ് പരിശോധിച്ച ക്യാപ്റ്റന്‍ ഒന്നാം ക്ലാസില്‍ രണ്ടാം നമ്പര്‍ ക്യാബിനിലെ ഡോ. സുഹറ ബീഗം എന്ന പേര് കണ്ടു. പിന്നെ ഒട്ടും താമസിച്ചില്ല. അറിയിപ്പ് മുഴങ്ങി. "ഡോ. സുഹ്റ എന്ന യാത്രക്കാരി എത്രയും പെട്ടെന്ന് റിസപ്ഷനില്‍ ബന്ധപ്പെടുക". ഗവേഷണ വിഷയത്തില്‍ കരസ്ഥമാക്കിയ ഡോക്ടറേറ്റാണോ അതോ ജീവശാസ്ത്ര ഡോക്ടറാണോ എന്ന ആശങ്ക മാത്രമെ അപ്പോള്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നത്. എല്ലാവരുടേയും പ്രതീക്ഷകള്‍ക്കും അപ്പുറത്ത് ഡോ. സുഹ്റ ഗൈനക്കോളജിസ്റ്റ് ആണെന്ന വാര്‍ത്ത ഏവര്‍ക്കും ശുഭ ചിന്തകള്‍ നല്‍കി. എങ്കിലും സിസേറിയന്‍ നടത്താനുള്ള സൌകര്യമില്ലാത്തത് ആശങ്ക ബാക്കിയായി. വി‌ഐ‌പി ക്യാബിനിലെ യാത്രക്കാരെ ഒഴിപ്പിച്ച് ലേബര്‍ റൂം തയ്യാറാക്കി. കപ്പലിന്‍റെ ചാഞ്ചാട്ടം ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ കപ്പല്‍ അല്‍പ സമയത്തേക്ക് നിര്‍ത്തി. ഇത്രയും താമസിച്ചതിന് പ്രതിഷേധം രേഖപ്പെടുത്തി ആര്‍ത്ത് കരഞ്ഞു കൊണ്ട് ഒരാണ്‍കുട്ടി ജനിച്ചു. അതോടെ ആശങ്കകള്‍ക്ക് വിരാമമായി. 2.7 കിലോഗ്രാം തൂക്കമുള്ള കുട്ടിയും മാതാവും സുഖമായിട്ടിരിക്കുന്നതായി കപ്പല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY