DweepDiary.com | ABOUT US | Friday, 19 April 2024

എം‌വി കോറല്‍സ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു - ഇനി അറബിക്കടലില്‍ ദ്വീപിനെ സേവിക്കും - ആച്ചാട അഹമദ് ഹാജി ചടങ്ങ് ബഹിഷ്കരിച്ചു

In main news BY Admin On 11 January 2015
കൊച്ചി (09/01/2015): ലക്ഷദ്വീപിന്‍റെ പുതിയ യാത്രാക്കപ്പല്‍ എം‌വി കോറല്‍സ് ബഹുമാനപ്പെട്ട ഉപരിതലഗതാഗത മന്ത്രി ശ്രീ നിതിന്‍ ജൈറാം ഗഡ്കരി കമ്മീഷന്‍ ചെയ്ത് രാജ്യത്തിന് സമര്‍പ്പിച്ചു. 400 യാത്രക്കാരെയും 250 മെട്രിക് ട്ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുള്ള കോറല്‍സ് ഏത് കാലാവസ്ഥയിലും യാത്രായോഗ്യമാണ്. ഇതിൽ പത്ത്‌ ഫസ്റ്റ്‌ ക്ലാസ്‌ കാബിൻ ബർത്തുകളും 40 സെക്കൻഡ്‌ ക്ലാസ്‌ ബർത്തുകളഉം 350 ബങ്ക്‌ ക്ലാസ്‌ ബർത്തുകളും ഉണ്ട്‌. ശ്രീലങ്കയിലെ കൊളംബോ ഡോക്ക്‌ യാർഡിൽ രണ്ടു കോടി 92 ലക്ഷം ഡോളർ ചെലവിലാണ്‌ കോറൽസ്‌ നിർമിച്ചത്‌. കൊച്ചിക്കും ലക്ഷദ്വീപിനുമിടയിൽ 40 നോട്ട്‌ വേഗത്തിൽ യാത്ര ചെയ്യും വിധമാണ്‌ കപ്പലിന്റെ രുപകൽപ്പന.നിലവില്‍ ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ ശേഷിയുള്ള നാല് കപ്പലുകളാണ് ലക്ഷദ്വീപിനുള്ളത്. ഇതോടെ മണ്‍സൂണ്‍ സീസണിലെ യാത്രാക്ലേശം ഒരുപരിധിവരെ പരിഹരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. കൂടാതെ ലക്ഷദ്വീപിന് മാത്രമായ ഒരു വാര്‍ഫും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുണ്ടായി. കൊച്ചി തുറമുഖ ട്രസ്‌റ്റാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് വാർഫ് നിർമ്മിച്ചു നൽകിയത്. ചെലവായ 37.52 കോടി രൂപ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്ളാൻ ഫണ്ടിൽ നിന്നാണ് വിനിയോഗിച്ചത്. കൊച്ചിയിൽ യാത്രാ കപ്പലുകൾ അടുക്കുന്നതിന് മതിയായ സൗകര്യങ്ങളും പാസഞ്ചർ ടെർമിനലും ഇല്ലാത്ത സാഹചര്യത്തിലാണ് വാർഫ് നിർമ്മിക്കേണ്ടി വന്നത്. 300 മീറ്റർ നീളമുണ്ട്.

പരിപാടിയില്‍ ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ എച്ച് രാജേഷ് പ്രസാദ്, എം‌പി കെ‌വി തോമസ് (എര്‍ണാകുളം ലോകസഭ നിയോജക മണ്ഡലം), ഡൊമിനിക് പ്രസന്‍റേഷന്‍ എം‌എല്‍‌എ, പോള്‍ ആന്‍റണി ( ചെയര്‍മാന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), ശ്രീ അബയ് സിഗെ (സി‌ഇ‌ഓ, കൊളംബോ ഷിപ് യാര്‍ഡ്), ജെ അശോക് കുമാര്‍ ഐ‌എ‌എസ് (സെക്രട്ടറി, പോര്‍ട്ട് ഷിപ്പിങ്ങ് ആന്‍ഡ് ഏവിയേഷന്‍ ലക്ഷദ്വീപ്) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡിസ്ട്രിക്റ്റ് പഞ്ചായത്ത് പ്രസിഡന്‍റ് കം ചീഫ് കൌണ്‍സിലര്‍ ശ്രീ ആച്ചാട അഹമദ് ഹാജി ചടങ്ങുകള്‍ ബഹിഷ്കരിച്ചു. പരിപാടിയില്‍ തന്‍റെ പാര്‍ട്ടിയിലേതടക്കം ലക്ഷദ്വീപില്‍ നിന്നുള്ള രാഷ്ട്രീയ പ്രമുഖര്‍ക്ക് ക്ഷണമോ വേണ്ട പ്രാമുഖ്യമോ നല്‍കാത്തത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ചടങ്ങുകള്‍ ബഹിഷ്കരിച്ചത്.

പുതിയ കപ്പല്‍ ലക്ഷദ്വീപിന്‍റെ യാത്രാക്ലേശം ഗണ്യമായി കുറയ്ക്കുമെന്ന് ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍ മാധ്യമങ്ങളോട് പ്രസ്താവിച്ചു. 2030 ഓടെ ലക്ഷദ്വീപിലെ പഴയ കപ്പലുകളുടെ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി പുതിയവ രംഗപ്രവേശം ചെയ്യുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ രാജേഷ് പ്രസാദ് ഐ‌എ‌എസ് പ്രസ്താവിച്ചു. കപ്പല്‍ നിര്‍മ്മാണത്തിന് ചെലവ് കുറഞ്ഞതിനാലാണ് ശ്രീലങ്കയെ ആശ്രയിക്കുന്നതെന്ന ലക്ഷദ്വീപ് ഉദ്യോഗസ്ഥരുടെ മറുപടിയില്‍ ത്യാപ്തനാവാത്ത മന്ത്രി രാജ്യം കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരങ്ങളെ വെല്ലുന്ന തരത്തില്‍ കപ്പല്‍നിര്‍മ്മാണ സാങ്കേതികത സ്വായത്തമാക്കാന്‍ പരിശ്രമിക്കണമെന്ന് പ്രസ്താവിച്ചു. ഈ സമയം വേദിയില്‍ കൊളംബോ ഷിപ് യാര്‍ഡ് സി‌ഇ‌ഓ ശ്രീ അബയ് സിഗെ ഉണ്ടായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY