DweepDiary.com | ABOUT US | Thursday, 28 March 2024

ഒരു എംപിക്ക് മൂന്നു ഗ്രാമങ്ങളുടെ വികസനം; ആദര്‍ശ ഗ്രാമ പദ്ധതിക്കു തുടക്കം- പ്രതീക്ഷയോടെ ചെറിയ ദ്വീപുകള്‍

In main news BY Admin On 12 October 2014
ന്യൂഡല്‍ഹി . ഓരോ പാര്‍ലമെന്റ് അംഗവും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു ഗ്രാമങ്ങള്‍ വീതം വികസിപ്പിക്കാനുള്ള സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (പാര്‍ലമെന്റ് ആദര്‍ശ ഗ്രാമ പദ്ധതി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ രാജ്യത്ത് 2500 ഗ്രാമങ്ങള്‍ എംപിമാര്‍ക്കുതന്നെ വികസിപ്പിക്കാനാകുമെന്നു മോദി പറഞ്ഞു. സംസ്ഥാനങ്ങള്‍ എംഎല്‍എമാരെക്കൂടി ഇതുപോലെ ഗ്രാമങ്ങള്‍ വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചാല്‍ രാജ്യത്തിനു മാതൃകാ ഗ്രാമങ്ങളുടെ കാര്യത്തില്‍ വന്‍ പുരോഗതി കൈവരിക്കാനാകും. ഈ പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയം കടന്നു വരരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ലോക്നായക് ജയപ്രകാശ് നാരായന്റെ ജന്മദിനത്തോടനുബന്ധിച്ച് ശനിയാഴ്ചയാണു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓരോ എംപിയും 2016നുള്ളില്‍ ഓരോ മാതൃകാ ഗ്രാമം വികസിപ്പിക്കണം. 2019നുള്ളില്‍ രണ്ടു ഗ്രാമങ്ങള്‍ കൂടി വികസിപ്പിക്കണം. ഒരു ബ്ളോക്കില്‍ ഒരു ഗ്രാമം വികസിപ്പിക്കാന്‍ സാധിച്ചാല്‍ അത് മറ്റു ഗ്രാമങ്ങള്‍ക്കു കൂടി പ്രചോദനമാകും - പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലുള്ള ഒരു ഗ്രാമമാണ് താന്‍ വികസനത്തിനായി തിരഞ്ഞെടുക്കുന്നതെന്നും മോദി പറഞ്ഞു. എംപിമാര്‍ സ്വന്തം ഗ്രാമമോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഗ്രാമമോ തിരഞ്ഞെടുക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 2019നും 2024നുമിടയില്‍ അടുത്ത അഞ്ചു ഗ്രാമങ്ങള്‍ കൂടി വികസനത്തിനായി തിരഞ്ഞെടുക്കണം. 3000 മുതല്‍ 5000 വരെ ജനങ്ങള്‍ പാര്‍ക്കുന്ന ഗ്രാമങ്ങളായിരിക്കണം ആദ്യം തിരഞ്ഞെടുക്കേണ്ടത്. വനപ്രദേശങ്ങളില്‍ 1000 മുതല്‍ 3000 വരെ ജനവാസമുള്ള ഗ്രാമമായാലും മതി. ഈ ഗ്രാമങ്ങളുടെ വികസനം ദേശീയ തലത്തില്‍ നിരീക്ഷിക്കാന്‍ വെബ് അടിസ്ഥാനത്തിലുള്ള മോണിട്ടറിങ് കേന്ദ്രം ആരംഭിക്കും. കാലാവധിയുടെ പകുതിയാകുമ്പോള്‍ ഈ ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തിരുത്തലുകള്‍ നിര്‍ദേശിക്കും. ലക്ഷദ്വീപുകളില്‍ ചെറിയ ദ്വീപുകളായ ചെത്ത്ലാത്ത്, കില്‍ത്താന്‍, ബിത്ര ദ്വീപുകള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇത് നോക്കിക്കാണുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY