DweepDiary.com | ABOUT US | Wednesday, 24 April 2024

എന്‍‌സി‌പി'യുടെ "ബിരിയാണി സമര"ത്തിന് ജനപിന്തുണ-സമരം എല്ലാ ദ്വീപുകളിലേക്കും വ്യാപിപ്പിക്കും

In main news BY Admin On 10 September 2014
ചെത്ലാത് (09/09/2014): വൈജാത്യങ്ങളുടെ പേരില്‍ പലസമരങ്ങളും വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. കല്‍പ്പാക്കം ആണവ വിരുദ്ധ സമിതി നടത്തിയ കടലില്‍ ഇറങ്ങി നിന്നു കൊണ്ടുള്ള സമരവും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനെതിരെ പരിപൂര്‍ണ നഗ്നയായി മാത്രം പ്രത്യക്ഷപ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീ വിമോചന പ്രവര്‍ത്തകരും അടുത്ത കാലത്തിലെ 'അപൂര്‍വ്വ' സമരപ്പട്ടികയില്‍ പെടും. എന്നാല്‍ ലക്ഷദ്വീപിലെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഒരു സമരമാണ് എന്‍‌സി‌പി ചെത്ലാത് ഘടകം സംഘടിപ്പിച്ചത്. കപ്പല്‍ കാന്‍റീന്‍ പരിപാലിക്കുന്ന സ്പോര്ട്സ് (SPORTS), ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ എന്നിവര്‍ ഏകപക്ഷീയമായി കൊണ്ടുവന്ന വിലവര്‍ദ്ധനവിനെതിരെയാണ് നവസമരവുമായി എന്‍‌സി‌പി രംഗത്തെത്തിയത്. കപ്പലിലെ സര്‍വ്വയാത്രക്കാര്‍ക്കും ബിരിയാണി വിതരണം ചെയ്തുകൊണ്ടാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ എന്‍‌സി‌പി ഞെട്ടിച്ചത്. അതോടെ ഇന്നലെ കപ്പല്‍ കാന്‍റീനില്‍ ഭക്ഷണം കഴിച്ചത് കേവലം മൂന്ന് പേര്‍ മാത്രം. വിലവര്‍ദ്ധനവിനെതിരെ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കപ്പല്‍ എത്തുന്ന എല്ലാ ദ്വീപുകളിലും കുറഞ്ഞ വിലക്ക് മൂന്ന് നേരവും ഭക്ഷണം വിതരണം ചെയ്ത് സ്പോര്ട്സ് പൂട്ടിക്കും എന്ന്‍ എന്‍‌സി‌പി നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലക്ഷദ്വീപ് ഒട്ടാകെയുള്ള സമര സമിതി കണ്‍വീനറായി എന്‍‌വൈ‌സി യൂത്ത് വൈസ് പ്രസിഡന്‍റ് ആസിഫ് ആസാദിനെ (കല്പേനി) പാര്‍ട്ടി ചുമതലപ്പെടുത്തി. എന്നാല്‍ എന്‍‌സി‌പി'യുടെ ബിരിയാണി നാടകം പുതിയ എം.പി. മുഹമ്മദ് ഫൈസലിന്‍റെ പിടിപ്പ് കേടും കഴിവില്ലായ്മയും മറച്ചു വെക്കാനാണെന്ന് ചെത്ലാത് ദ്വീപ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY