DweepDiary.com | ABOUT US | Friday, 29 March 2024

അഞ്ച് മേഖലകള്‍ക്കായി അഞ്ച് കപ്പലുകള്‍ - പുതിയ കപ്പല്‍ പ്രോഗ്രാം ഉടന്‍: എം‌പി

In main news BY Admin On 08 September 2014
ചെത്ലാത്/ ബിത്ര/ കില്‍ത്താന്‍ (31/08/2014): രണ്ടു ദിവസത്തെ അനൌദ്യോഗിക സന്ദര്‍ശനത്തിന് വടക്കന്‍ ദ്വീപുകളിലെത്തിയ ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍ പടിപ്പുര ദ്വീപുകളിലെ പ്രധാന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്തു. എസ്‌ബി സ്കൂള്‍ ബിത്ര, ചെത്ലാത്-കില്‍ത്താന്‍ ദ്വീപുകളിലെ സീനിയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവ സന്ദര്‍ശിക്കുകയും സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. വൈകുന്നേരം എന്‍‌സി‌പി അനുകൂല സര്‍വീസ് സംഘടനയായ എല്‍‌ജി‌ഇ‌യു ചെത്ലാത് ഘടകം സംഘടിപ്പിച്ച ചായ സല്‍കാരത്തില്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥരുടെ പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോയാണ് കപ്പല്‍ ഗതാഗത മേഖലയിലെ ശ്രദ്ധേയമായ അദ്ദേഹത്തിന്‍റെ വീക്ഷണം പങ്കുവെച്ചത്. ആകെ പത്ത് ദ്വീപുകളിലേക്ക് ആറ് കപ്പലുകള്‍ കൊണ്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്തത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ പിടിപ്പ് കേടാണെന്ന് അദ്ദേഹം ആരോപിച്ചു.

ആകെ ദ്വീപുകളെ (1) അഗത്തി-കവരത്തി, (2) അമിനി-കടമം, (3) ആന്ത്രോത്ത്-കല്‍പേനി, (4) മിനിക്കോയ് (5) ബിത്ര-ചെത്ലാത്-കില്‍ത്താന്‍ എന്നിങ്ങനെ അഞ്ച് മേഖലയായി തിരിക്കുകയും ഓരോ കപ്പലുകള്‍ വീതം അഞ്ച് മേഖലയിലേക്കും അനുവദിക്കുകയും ചെയ്തു കൊണ്ട് സര്‍വീസ് നടത്തുന്ന രീതിയാണ് അദ്ദേഹം ആവിഷ്കരിച്ചത്. ഓരോ മേഖലയിലേയും കപ്പലുകള്‍ മറ്റു നാല് മേഖലയിലൂടെയും കടന്ന്‍ പോകുന്നു. അവ ഘടികാര ഗതിയിലും എതിര്‍ ഘടികാര ഗതിയിലും സര്‍വീസ് നടത്തും. കൂടാതെ റിസര്‍വില്‍ സൂക്ഷിക്കുന്ന കപ്പലുകള്‍ ആവശ്യമായ മേഖലയിലൂടെ സര്‍വീസ് നടത്തി യാത്രാ പ്രശ്നം പരിഹരിക്കും.

അന്തരിച്ച മുന്‍ എന്‍‌സി‌പി സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് എഫ്‌ഐ ആറ്റയുടെ വസതി സന്ദര്‍ശിച്ച അദ്ദേഹം പിന്നീട് കില്‍ത്താനിലേക്ക് പോയി. ഇതിനിടെ എം‌പിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹെലിപ്പാട് ഭാഗത്തെ നാല്‍കാലികളുടെ വിസര്‍ജ്ജ്യം വൃത്തിയാക്കിയില്ല എന്നാരോപിച്ച് എന്‍‌സി‌പി പ്രവര്‍ത്തകര്‍ സ്ഥലം എസ്‌ഡി‌ഓ പി‌വി‌പി ഖലീലുമായി വാക് തര്‍ക്കമുണ്ടായി. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നാല്‍കാലികളെ പിടിക്കുമെന്ന് നേരത്തെ വിളംബരം ചെയ്തെങ്കിലും ഇത് നടപ്പിലാക്കിയില്ലായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY