DweepDiary.com | ABOUT US | Friday, 19 April 2024

LSAയുടെ ഇഫ്ത്താര്‍ സംഗമം ശ്രദ്ധേയമായി

In main news BY Admin On 22 July 2014
കോഴിക്കോട്(21.7.14):- ലക്ഷദ്വീപ് സ്റ്റുഡന്‍റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നളന്ത ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്ത്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു.പരിപാടി ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ദ്വീപിലെ അടിസ്ഥാന വികസന പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനെകുറിച്ച് പ്രത്യേകം സൂചിപ്പിച്ചു. ആറ് മെഗാബൈറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടത്തുകാര്‍ രണ്ടുമണിക്കൂര്‍ കാത്തിരിക്കണം. വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യ മേഖലകളില്‍ രൂക്ഷമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.കപ്പലുകളുടെ ഗതാഗതത്തിന് ഷെഡ്യൂള്‍ ഇല്ലാത്തതിനാല്‍ അത്യാവശ്യ സമയങ്ങളില്‍ പോലും യാത്രക്ക് നിവാസികള്‍ ബുദ്ധിമുട്ടുന്നു. വിദ്യാഭ്യാസ മേഖലയില്‍ 119ഉം പരിസ്ഥിതി വകുപ്പില്‍ 66ഉം തുറമുഖ വകുപ്പില്‍ 60ഉം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് ഏഴു വര്‍ഷമായി പുതുക്കിയിട്ടില്ല. സര്‍ക്കാറില്‍ ചെലുത്തിയ സമ്മര്‍ദത്തത്തുടര്‍ന്ന് ലക്ഷദ്വീപിലെ എല്ലാ നിവാസികളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്ന പദ്ധതി രണ്ടുമാസംകൊണ്ട് യാഥാര്‍ഥ്യമാകുമെന്ന് എം.പി പറഞ്ഞു. മൂന്ന് രൂപക്ക് എല്ലാ ബി.പി.എല്ലുകാര്‍ക്കും അരി ലഭിക്കുന്ന പദ്ധതി നടപ്പായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്, കപ്പല്‍ സമയ ക്രമീകരണം, തസ്തികകളിലെ ഒഴിവ് എന്നീ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
എം.എ. റിസാല്‍ അധ്യക്ഷത വഹിച്ചു. ഡി. അലി മണിക്ഫാന്‍, എ. കുഞ്ഞിക്കോയ തങ്ങള്‍, അബ്ദുല്‍ മജീദ്, അഡ്വ. സത്യനാരായണന്‍, ഹംസ എന്നിവര്‍ സംസാരിച്ചു. പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് പി.പി. മുഹമ്മദ് ഫൈസല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അബൂബക്കര്‍ സ്വാഗതവും ഷമീര്‍ നന്ദിയും പറഞ്ഞു. വിവിധ കോളേജുകളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY