DweepDiary.com | ABOUT US | Tuesday, 05 November 2024

കപ്പൽ ടിക്കറ്റുകൾ പൂർണ്ണമായും ഓൺലൈനിൽ

In main news BY P Faseena On 21 September 2023
കൊച്ചി: സെപ്റ്റംബർ ഇരുപത്തി നാലു മുതൽ ഒക്ടോബർ അവസാനം വരെയുള്ള ഒരു മാസത്തെ യാത്രാകപ്പൽ ടിക്കറ്റുകൾ പൂർണ്ണമായും ഓൺലൈനിൽ റിലീസ് ചെയ്യും. ടിക്കറ്റ് ലഭിക്കാതെ കൗണ്ടറുകൾക്ക് മുമ്പിൽ സംഘർഷം പതിവായതിനെ തുടർന്നാണ് പുതിയ നടപടി.
എം വി അറേബ്യൻ സീ, എം വി ലഗൂൺ, എം വി കവരത്തി യാത്രകൾക്കായി മെയിൻലാൻഡിൽ നിന്ന് ദ്വീപുകളിലേക്കുള്ള ഓപ്പൺ ക്വാട്ട ടിക്കറ്റുകൾ സെപ്റ്റംബർ 21ന് രാവിലെ ഒമ്പതര മുതൽ ഓൺലൈനായി റിലീസ് ചെയ്യും. ദ്വീപിൽ നിന്ന് വൻകരയിലേക്കും മറ്റ് ദ്വീപുകളിലേക്കുമുള്ള യാത്രകളുടെ ടിക്കറ്റുകൾ പൂർണമായും ഓൺലൈനിൽ സെപ്റ്റംബർ 22ന് രാവിലെ ഒമ്പതര മുതൽ ലഭ്യമാകുംമെന്നാണ് പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ എം കെ ഷെക്കീൽ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
ഒരു കപ്പലിന്റെ ടിക്കറ്റ് റിലീസ് സമയത്ത് പോലും പ്രശ്നങ്ങൾ നേരിടുന്ന ടിക്കറ്റ് വെബ്സൈറ്റിൽ ഒരു മാസത്തേക്കുള്ള മൂന്ന് കപ്പലുകളുടെ ടിക്കറ്റ് ഒരേസമയം റിലീസ് ചെയ്യുന്നത് എത്രത്തോളം ഫലപ്രദമാകുമെന്നത് യാത്രക്കാരിൽ ആശങ്ക ഉണ്ടാക്കുന്നതാണ്. കപ്പലുകളുടെ കുറവും അശാസ്ത്രീയമായ പ്രോഗ്രാമിങ്ങും കാരണം രൂക്ഷമായ ടിക്കറ്റ് പ്രശ്നത്തിൽ നിന്ന് അധികാരികൾക്ക് തടിയൂരാനുള്ള മാർഗമാണ് പൂർണമായും ഓൺലൈനിലേക്ക് ടിക്കറ്റ് റിലീസിങ്ങ് മാറ്റിയത് എന്നാണ് ആരോപണം.
നിലവിൽ 70 ശതമാനം കൗണ്ടർ വഴിയും 30 ശതമാനം ഓൺലൈനിലുമാണ് ടിക്കറ്റ് വിതരണം നടത്തിയിരുന്നത്. പുതിയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വൻകരയിൽ കുടുങ്ങിയ ദ്വീപുകാർ ഡി ഡിയുടെ ക്വാട്ടേഴ്സിലെത്തി പ്രതിഷേധിച്ചു. കൗണ്ടർ ടിക്കറ്റുകൾ വ്യവസ്ഥാപിതമായി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്ന സാഹചര്യത്തിൽ പുതിയ ഉത്തരവ് ബോധപൂർവ്വമുള്ള അക്രമമാണെന്നാണ് ദ്വീപുകാർ പറയുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY