DweepDiary.com | ABOUT US | Saturday, 20 April 2024

കേരള സ്റ്റോറിയെ പ്രത്സാഹിപ്പിച്ചവര്‍ ദ്വീപിന്റെ പ്രശ്‌നം പറയുന്ന സിനിമയെ ഇരുട്ടിലാക്കുന്നു: ഐഷ സുല്‍ത്താന

In main news BY P Faseena On 01 June 2023
കൊച്ചി: കേരള സ്റ്റോറി എന്ന കള്ളക്കഥയെ പ്രോത്സഹിപ്പിച്ചവര്‍ എന്തുകൊണ്ട് ദ്വീപിലെ പ്രശ്‌നങ്ങള്‍ തുറന്നുകാണിക്കുന്ന സിനിമയെ അടിച്ചമര്‍ത്തുന്നുവെന്ന് സംവിധായിക ഐഷ സുല്‍ത്താന. താന്‍ ആദ്യമായി സംവിധാനം ചെയ്ത 'ഫ്‌ളഷ്' എന്ന സിനിമയെ പെട്ടിയിലാക്കിയതിന് പിന്നില്‍ വ്യക്തമായ അജണ്ഡയുണ്ടെന്നും ഐഷ സുല്‍ത്താന കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിനിമയുടെ റിലീസിനായി വ്യക്തികളെ കണ്ടെത്തിവരുമ്പോഴും നിര്‍മാതാവ് താല്‍പര്യംകാണിക്കാതെ പിന്മാറുകയാണെന്നും ഐഷ ആരോപിച്ചു.
റിലീസുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചപ്പോള്‍ ഐഷ എന്ത് ചെയ്താലും അതിനെതിരെയായാകും ഞങ്ങളുടെ പ്രവര്‍ത്തനം എന്നാണ് നിര്‍മാതാവ് പ്രതികരിച്ചത്. ലക്ഷദ്വീപിന് എന്തുവേണം എന്തുവേണ്ട എന്ന് പറയുന്ന കഥയാണ് 'ഫ്‌ളഷ്' സിനിമ. ആ സിനിമയാണ് റിലീസിങ് പോലും നിഷേധിച്ച് കൊന്നുകൊണ്ടിരിക്കുന്നത്. 2020 ആഗസ്റ്റിലാണ് ' സിനിമ ആദ്യമായി അനൗണ്‍സ് ചെയ്യുന്നത്. തുടക്കത്തില്‍ പ്രൊഡ്യൂസര്‍ ഇല്ലാത്ത സിനിമയിലേക്ക് ആനന്ദ് പയ്യന്നൂര്‍ എന്ന പ്രൊഡ്യൂസര്‍ താല്പര്യം പ്രകടിപ്പിച്ച് എത്തുകയായിരുന്നു.
പിന്നീട് ബീനാ കാസിമിനെ പരിചയപ്പെടുകയും സിനിമയുടെ നിര്‍മാണം അവര്‍ ഏറ്റെടുക്കാമെന്ന തീരുമാനത്തില്‍ എത്തുകയുമായിരുന്നു. ഷൂട്ട് കഴിഞ്ഞ് ലക്ഷദ്വീപില്‍ നിന്ന് തിരിച്ചു വന്നതിന് ശേഷമാണ് ബീനാ കാസിമിനെ നേരില്‍ കാണുന്നത്. പലതവണ സിനിമയുടെ കഥ പറയാന്‍ ശ്രമിച്ചപ്പോഴും നിര്‍മാതാവ് കഥകേള്‍ക്കേണ്ട എന്ന് പറയുകയായിരുന്നു. 2021 ഫെബ്രുവരി എട്ടിന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഒമ്പതാം തീയ്യതി ബീനാ കാസിമിന്റെ ഭര്‍ത്താവും ലക്ഷദ്വീപ് ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ വ്യക്തി അഞ്ചു ദിവസംകൊണ്ട് സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ അവശ്യപ്പെട്ടു. എന്നാല്‍ അത് സാധ്യമല്ലെന്ന് വ്യക്തമാക്കി. അടുത്ത ദിവസം മുതല്‍ പലപ്രശ്‌നങ്ങളും ഷൂട്ടിനിടയില്‍ നേരിടേണ്ടി വന്നു. ഇതെല്ലാം തരണം ചെയ്ത് മുന്നോട്ട് വന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് നിര്‍മാതാവിന്റെ നിസ്സഹകരണം കാരണം ഇപ്പോള്‍ പുറത്തിറക്കാന്‍ കഴിയാതെയിരിക്കുന്നതെന്നും ഐഷ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുന്ന സിനിമ പുറത്തിറക്കാന്‍ അവര്‍ കൂട്ടു നില്‍ക്കില്ല എന്നാണ് പറയുന്നത്.  എല്ലാ സര്‍ക്കാരിനെതിരെയും പ്രതികരിക്കുന്ന സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരള സ്‌റ്റോറി പൊലെയുള്ള ഒരു കള്ളക്കഥ സിനിമയായി വന്നു. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഇക്കൂട്ടര്‍ ലക്ഷദ്വീപിലെ യഥാര്‍ത്ഥ കഥയെ കൊന്നുകൊണ്ടിരിക്കുകയാണ് എന്നും ഐഷ കുറ്റപ്പെടുത്തി.  സിനിമയില്‍ എടുത്തുപറയുന്നത് ലക്ഷദ്വീപിലെ ഇവാക്വാഷനെക്കുറിച്ചാണ്. അത് യഥാര്‍ത്ഥ സംഭവമാണ്.  കേരള സ്റ്റോറിപോലെ വളച്ചൊടിച്ച സംഭവമല്ല.  അത് മൂടിവെക്കുന്നത് അനീതിയാണ്. ലക്ഷദ്വീപില്‍ വേണ്ടത് ലഗൂണ്‍ വില്ലയോ 26,000 കോടിയുടെ ജയിലോ അല്ല. മികച്ച ആശുപത്രിയും നല്ല ഡോക്ടര്‍മാരുമാണ്. ഒരുമാസം കൂടി നിര്‍മാതാവിന്റെ തീരുമാനത്തിനായി കാത്തിരിക്കും. റിലീസിനായി ഇനിയും നിര്‍മാതാവ് സഹകരിച്ചില്ലെങ്കില്‍ താന്‍ എന്താണോ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് അതു പറയുന്ന നായകന്റെ സീന്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കുമെന്നും ഐഷ സുല്‍ത്താന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

SHARE YOUR FEEDBACK

RECENT IN THIS CATEGORY