DweepDiary.com | ABOUT US | Wednesday, 24 April 2024

11 കോടിയുടെ ആരോപണം: ഷൗക്കത്തലിക്കെതിരെ നിയമനടപടികളുമായി ലക്ഷദ്വീപ് എം.പി

In main news BY P Faseena On 08 November 2022
കവരത്തി: സമൂഹമാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് എം.പിക്കെതിരെയും ഇന്ത്യൻ ജുഡീഷ്യറിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കെ.പി ഷൗക്കത്തലിക്കെതിരെ നിയമ നടപടികളുമായി എം.പി പി.പി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍  ഫറൂഖ് ഖാനില്‍ നിന്ന് ബി.ജെ.പിയില്‍ ചേരുന്നതിന്  11 കോടി രൂപ കൈപ്പറ്റിയെന്നും ആ തുക  ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ഉപയോഗിച്ചു എന്ന തെറ്റായ ആരോപണം ഉന്നയിച്ച ഷൗക്കത്തലിക്കെതിരെ കവരത്തി പോലീസ് സ്‌റ്റേഷനില്‍ എം.പി പരാതി നല്‍കി.
പുറത്തുവന്ന ഓഡിയോ സന്ദേശത്തിലൂടെ ജഡ്ജിമാര്‍ പണത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ഇന്ത്യന്‍ ജുഡീഷ്യറി എപ്പോഴും വാങ്ങാവുന്നതാണെന്ന് ആരോപിക്കുന്നു. പാര്‍ട്ടിയേയും  എം.പി യേയും എംപിയുടെ  ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ  ബോധപൂര്‍വം വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഷൗക്കത്തലി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നു എന്നും എം.പി നല്‍കിയ പരാതിയില്‍ പറയുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 499, 500 വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 പ്രകാരമുള്ള കുറ്റങ്ങളും ഷൗക്കത്തലി ചെയ്തു.  ജുഡീഷ്യറിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിലൂടെ രാജ്യത്തെ മുഴുവന്‍ നീതിന്യായ വ്യവസ്ഥയെയാണ് ഷൗക്കത്തലി അപമാനിച്ചത് എന്നും എം.പി കവരത്തി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫറൂഖ് ഖാനില്‍ നിന്ന് 11 കോടി രൂപ എം.പി കൈപ്പറ്റി എന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഷൗക്കത്തലി സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്.  2019ലെ തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എം.പിയും അനുഭാവികളും ബി.ജെ.പി യില്‍ ലയിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മുന്‍ അഡ്മിനിസ്‌ട്രേറ്ററില്‍ നിന്ന് പണം കൈപ്പറ്റിയത്. ഇക്കാര്യം പ്രഫുല്‍ പട്ടേലിന് അറിയാമെന്നും അതുകൊണ്ടാണ് എം.പി അഡ്മിനിസ്‌ട്രേറ്ററുമായി കൂടിക്കാഴ്ചക്ക് തയ്യാറാകാത്തത് എന്നാണ് ഷൗക്കത്തലിയുടേതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. തുടര്‍ന്ന് ഷൗക്കത്തലിയെ ആറ് വര്‍ഷത്തേക്ക് എന്‍.സി.പി യില്‍ നിന്ന്  പുറത്താക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.സി.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എന്‍.കെ അബ്ദുല്‍ഗഫൂര്‍ വ്യക്തമാക്കി.
എന്നാല്‍ സംഭവം വിവാദമായപ്പോള്‍ എം.പിക്കെതിരെ ഉന്നയിച്ച ആരോപണം കേട്ടറിവ് മാത്രമാണെന്നും, ഫോണിൽ വിളിച്ച എൻ.സി.പി പ്രവർത്തകരോട് തനിക്ക് ഇത്തരം ഒരു ഇടപാടിനെ കുറിച്ച് അറിയില്ല എന്നും അതിനെ സംബന്ധിച്ച് ഒരു തെളിവും തന്റെ പക്കൽ ഇല്ല എന്നും ഷൗക്കത്തലി പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുമായി ലക്ഷദ്വീപ് എം.പി നേരിട്ട് കൂടിക്കാഴ്ച നടത്താത്തതിന് കാരണമായി പറഞ്ഞു കേട്ട കാര്യം താൻ പറയുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹത്തെ വിളിച്ച എൻ.സി.പി പ്രവർത്തരോട് പറയുന്ന ശബ്ദ സന്ദേശവും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY