DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കുന്നു

In main news BY P Faseena On 25 September 2022
കവരത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ വിജ്ഞാനം നിര്‍ബന്ധമാക്കാനൊരുങ്ങി ഭരണകൂടം. സര്‍ക്കാര്‍ സേവനങ്ങള്‍ ബുദ്ധിമുട്ട് ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കാനും ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിനുമാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരിലെ എ,ബി,സി ജീവനക്കാര്‍ കമ്പ്യൂട്ടര്‍ ഉപയോഗത്തിൽ വൈദഗ്ധ്യം ഉള്ളവരാകണം എന്നാണ് സെപ്റ്റംബര്‍ 15 ന് സ്‌പെഷ്യല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇ-ഗവേണന്‍സ് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നയമാണ് ലക്ഷദ്വീപില്‍ പിന്തുടരുന്നത്. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്റെ കീഴില്‍ കമ്പ്യൂട്ടര്‍ നൈപുണ്യത്തെക്കുറിച്ചുള്ള പരിശീലനം സംഘടിപ്പിക്കും. പരിശീലന കാലഘട്ടത്തിന് ശേഷം പരീക്ഷയും ഉദ്യോഗസ്ഥര്‍ നേരിടണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ ഗ്രൂപ്പ് എ& ബി ജീവനക്കാര്‍ക്ക് CCC+ ഉം ഗ്രൂപ്പ് സി ജീവനക്കാര്‍ക്ക് CCC (Course on Computer Concept) കോഴ്‌സിലായിരിക്കും പരിശീലനം നല്‍കുക. എല്ലാ ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കണം. ഗ്രൂപ്പ് എ,ബി ജീവനക്കാര്‍ക്കായി CCC+ ലെവല്‍ പരീക്ഷയും. ഗ്രൂപ്പ് സി ജീവനക്കാര്‍ക്കായി CCC ലെവല്‍ പരീക്ഷയും നടത്തും. കമ്പ്യൂട്ടര്‍ നൈപുണ്യ പരീക്ഷ എല്ലാ ഗ്രൂപ്പുകള്‍ക്കും നിര്‍ബന്ധമാണ്. നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ പ്രൊബോഷന്‍ കാലയളവില്‍ കമ്പ്യൂട്ടര്‍ നൈപുണ്യ പരീക്ഷയില്‍ വിജയിക്കണം. പ്രൊബോഷന്‍ കാലയളവില്‍ പരീക്ഷ വിജയിക്കാത്തവരുടെ കാലാവധി നീട്ടും. ആ കാലയളവില്‍ പരീക്ഷ വിജയിച്ചില്ലെങ്കില്‍ വിജയിച്ചതിന് ശേഷം മാത്രമേ അവരുടെ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയൂ.
ഉദ്യോഗസ്ഥരുടെ എം.എ.സി.പി ഉദ്യോഗക്കയറ്റത്തിന് മുമ്പ് പ്രസ്തുത പരീക്ഷ പാസാകണം. ഗ്രൂപ്പ് സി തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് CCC പരീക്ഷ പാസാകേണ്ടതുണ്ട്. ഉദ്യോഗസ്ഥരില്‍ ഗ്രൂപ്പ് C' (Multi Tasking Staff) ല്‍ നിന്ന് ഗ്രൂപ്പ് സി യിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിനു മുമ്പ് സി.സി.സി പരീക്ഷയില്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മേല്‍പ്പറഞ്ഞ പരീക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. അതേപോലെ ഗ്രൂപ്പ് ബി യില്‍ നിന്ന് ഗ്രൂപ്പ് എ യിലേക്ക് സ്ഥാനക്കയറ്റം നേടുകയും CCC+ പരീക്ഷ വിജയിക്കുകയും ചെയ്താല്‍ ഇവരെയും മുകളില്‍ പറഞ്ഞ പരീക്ഷയില്‍ നിന്ന് ഒഴിവാക്കും.
ലക്ഷദ്വീപിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്, ടെക്‌നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, വഴിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരീക്ഷ നടത്തുന്നത്. പരീക്ഷ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. ആകെ 100 മാര്‍ക്കില്‍ 50 മാര്‍ക്ക് തിയറിയും 50 മാര്‍ക്ക് പ്രാക്ടിക്കലും ഉള്‍പ്പെടുന്നു. ഏറ്റവും കുറഞ്ഞ പാസിംഗ് മാര്‍ക്ക് 25 ആയിരിക്കും. പരീക്ഷയുടെ ഫലം ബന്ധപ്പെട്ട വകുപ്പുകളെയായിരിക്കും അറിയിക്കുക. പരീക്ഷ എഴുതി വിജയിച്ചതിന്റെ ഫലം കോംപിറ്റന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തും. പരിശീലന തീയതിക്ക് മുമ്പ് പരിശീലന സ്ഥാപനങ്ങള്‍ വാര്‍ഷിക പരിശീലനവും പരീക്ഷയും നിശ്ചയിക്കുകയും യു.ടി.യുടെ എല്ലാ ഓഫീസുകളേയും അറിയിക്കുകയും വേണം. പ്രമോഷന്‍ മാനദണ്ഡത്തില്‍ ഉള്‍പെടുന്നവരോ സീനിയോറിറ്റി ലിസ്റ്റില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കോ പരിശീലനത്തിനും പരീക്ഷയ്ക്കും മുന്‍ഗണന നല്‍കാം. ഇതിനായി എല്ലാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. പരീക്ഷ എല്ലാ സര്‍ക്കാര്‍ സെക്ടര്‍ ഓഫീസര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോര്‍പ്പറേഷനുകള്‍ക്കും, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, പഞ്ചായത്തുകള്‍ക്കും ബാധകമായിരിക്കും. 55 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാരെ മേല്‍പ്പറഞ്ഞ പരീക്ഷയില്‍ നിന്ന് ഒഴിവാക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY