DweepDiary.com | ABOUT US | Wednesday, 06 July 2022

രോഗികള്‍ക്ക് എയര്‍ആംബുലന്‍സില്ല: കേന്ദ്രമന്ത്രിക്ക് പറക്കാന്‍ ഹൈലികോപ്റ്റര്‍ തയ്യാർ

In main news BY P Faseena On 19 June 2022
കവരത്തി: രോഗികള്‍ക്ക് എയര്‍ആംബുലന്‍സ് അനുവദിക്കാതെ കേന്ദ്രമന്ത്രിക്ക് സഞ്ചരിക്കാന്‍വിട്ടുനല്‍കി ലക്ഷദ്വീപ് ഭരണകൂടം. കെച്ചിയിലേക്ക് അടിയന്തിരചികിത്സക്ക് എമര്‍ജന്‍സി ഇവാക്വോഷന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദേശിച്ച രോഗികളോട് കാലാവസ്ഥമോശമാണെന്ന് പറഞ്ഞ ലക്ഷദ്വീപ് ഭരണകൂടം ദ്വീപ് സന്ദര്‍ശിക്കാനെത്തിയ കേന്ദമന്ത്രി അശ്വിനികുമാറിന് വേണ്ടി എയര്‍ആംബുലന്‍സ് ഹെലികോപ്റ്റര്‍ സൗകര്യം നല്‍കുകയായിരുന്നു. തേങ്ങ തലയില്‍ വീണതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ ആറ് രോഗികള്‍ എയര്‍ആംബുലന്‍സിനായി കാത്തിരിക്കുമ്പോഴാണ് ഭരണകൂടത്തിന്റെ നടപടി. ബുധനാഴ്ച്ച വൈകീട്ടാണ് ആഗത്തി സ്വദേശിയായ ഒന്നര വയസ്സുകാരന്റെ തലയില്‍ തേങ്ങവീണതിനെ തുടര്‍ന്ന് അഗത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിഛര്‍ദ്ദിക്കുകയും ആരോഗ്യനില ഗുരുതരമാകുകയും ചെയ്തതോടെ മാതാപിതാക്കള്‍ എയര്‍ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ഹെലികോപ്റ്റര്‍ വരാന്‍ വൈകുമെന്നും കാലാവസ്ഥ പ്രശ്‌നമാണെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം ഉച്ചക്ക് ഒരുമണിയോടെ വിമാനമാര്‍ഗം കുട്ടിയെ കെച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് രാവിലെ 10:30ഓടെ കവരത്തിയില്‍ നിന്ന് വിനോദസഞ്ചാര ദ്വീപായ ബംഗാരത്തിലേക്ക് കേന്ദമന്ത്രിയുമായി ഹെലികോപ്റ്റര്‍ പറന്നത്, പിന്നീട് ഉച്ചയോടെ മന്ത്രിയുമായി അഗത്തിയിലേക്കും എത്തി. ചെത്ത്‌ലത്ത്,ആന്ത്രോത്ത്, അമിനി ദ്വീപുകളില്‍ നിന്നായി വേറെയും അഞ്ച് രോഗികള്‍ എയര്‍ആംബുലന്‍സിന് കാത്തിരിക്കുകയാണ് ഇവര്‍ക്ക് ഹെലികോപ്‌ററര്‍ മാത്രമാണ് ആശ്രയം.
ലക്ഷദ്വീപില്‍ മൂന്ന് എയര്‍ആംബുലന്‍സ് ഉണ്ടങ്കിലും ഭരണാധികാരികളുടെ ആവശ്യം കഴിഞ്ഞതിന് ശേഷമാണ് ദ്വീപുജനതക്ക് ലഭ്യമാകുന്നത് എന്ന പ്രധാന പരാതി ഉയരുന്നുണ്ട്. അത്യാവശ്യഘട്ടത്തില്‍ ഹെലികോപ്റ്റര്‍ സൗകര്യം ആവശ്യപ്പെട്ടാല്‍ സാങ്കേതിക തകരാറും, കാലാവസ്ഥ പ്രതികൂലമാണെന്ന സ്ഥിരം ന്യായങ്ങള്‍ പറഞ്ഞ് ഹെലികോപ്റ്റര്‍ നിഷേധിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെത്. അടിയന്തര ചികിത്സക്കായി ആശുപത്രിയില്‍ എത്തേണ്ട രോഗികകളോടാണ് ഭരണകൂടത്തിന്റെ മുഖംതിരിക്കുന്ന നിലപാട്. കേന്ദ്രമന്ത്രിയുടെ യാത്ര പുറത്തായതോടെ പ്രതിഷേധവുമായി രോഗികളുടെ ബന്ധുക്കള്‍ രംഗത്ത് വന്നു ഇതോടെ രണ്ട് ഹെലികോപ്റ്റര്‍ അധികൃതര്‍ വിട്ടുനല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY