DweepDiary.com | ABOUT US | Saturday, 20 April 2024

കാലവര്‍ഷത്തിന് മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിയന്ത്രണം

In main news BY P Faseena On 17 May 2022
കോഴിക്കോട്: മണ്‍സൂണിന് മുന്നോടിയായി ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കത്തിനും ചെറിയ യാത്രാകപ്പലുകളുടെ സര്‍വീസിനും മെയ് 15 അര്‍ധരാത്രിമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മര്‍ക്കന്റയില്‍ മറൈന്‍ വകുപ്പ് പ്രകാരം മണ്‍സൂണില്‍ മെയ് 15മുതല്‍ സെപ്റ്റംബര്‍ 15വരെയുള്ള നാല് മാസം ചെറുകിട തുറമുഖങ്ങളില്‍ നിന്ന് വലിയകപ്പലുകളുടെ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ലക്ഷദ്വീപിലേക്ക് യന്ത്രവല്‍കൃത ഉരുക്കളില്‍ ചരക്ക് നീക്കവും, യാത്രാകപ്പലുകളുടെ സര്‍വീസും ഉണ്ടാകില്ല. ലക്ഷദ്വീപില്‍ ആള്‍താമസമുള്ള 10 ദ്വീപുകളിലേക്ക് വന്‍കരയില്‍ നിന്ന് ഉരു വഴിയാണ് ചരക്കുനീക്കം നടത്തുന്നത്.
തുടര്‍ച്ചയായ ന്യൂനമര്‍ദം കാരണം പുറംകടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി പോകേണ്ട ഉരുക്കള്‍ 10 ദിവസമായി തുറമുഖത്ത് തന്നെ നങ്കൂരമിട്ടിരിക്കുകയാണ്. അമേനി, ആന്ത്രോത്ത്, കവരത്തി, കടമത്ത്, കല്‍പേനി തുടങ്ങിയ ദ്വീപുകളിലേക്ക് പോകാനായി അവശ്യസാധനങ്ങളുള്‍പ്പടെയുള്ള ചരക്കുകള്‍ കയറ്റിയ ഉരുക്കളാണ് ദിവസങ്ങളോളമായി തുറമുഖത്ത് തന്നെ കിടക്കുന്നത്.
തമിഴ്‌നാട്ടിലെ കടലൂര്‍, തൂത്തുകുടി, സ്വദേശികളുടെയും ലക്ഷദ്വീപ് സ്വദേശികളുടെയും ഉടമസ്ഥതയിലുള്ള തരുണ്‍ വേലന്‍, ദീപദര്‍ശന്‍, ശ്രീമുരുകന്‍ തുണൈ, ഇന്‍ഫാന്റ് ജീസസ്, കറുപ്പു മുത്തു അണ്ണന്‍, ആര്‍.എസ് കമാലി, മൗല, ദീക്ഷ ചാന്ദ്‌നി, സര്‍ക്കാര്‍, മറൈന്‍ലൈന്‍ തുടങ്ങിയ ഉരുക്കളാണ് ചരക്കുമായി ലക്ഷദ്വീപിലേക്ക് എത്താനാകാതെ തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ തുറമുഖ വകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഉരുക്കള്‍ ദ്വീപിലേക്ക് പുറപ്പെടും. ബേപ്പൂര്‍ തുറമുഖത്ത് നിന്നുള്ള കടല്‍യാത്ര നിരോധനം നിലവില്‍വന്നാല്‍ കുടുങ്ങിക്കിടക്കുന്ന ഉരുക്കളിലെ ചരക്കുകള്‍ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ ഇറക്കിയ ശേഷം ഉരുവുമായി തൊഴിലാളികള്‍ തമിഴ്‌നാട്ടിലേക്ക് പോകും. അതേസമയം ഉരുവില്‍ ജോലി ചെയ്യുന്ന ഏതാനും ജീവനക്കാര്‍ നാട്ടില്‍ പോകാതെ ബേപ്പൂര്‍ തുറമുഖത്ത് തന്നെ നങ്കൂരമിടുന്ന ഉരുക്കളില്‍ താമസിച്ച് അടുത്ത സീസണില്‍ ഉരു വെള്ളത്തില്‍ ഇറക്കുന്നതിന് മുമ്പ് ഉരുവിന്റെ അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY