DweepDiary.com | ABOUT US | Tuesday, 16 April 2024

നിലവിലുള്ള മൃഗഡോക്ടർമാർക്ക് അധികചുമതല; ഹൈക്കോടതിവിധി അട്ടിമറിക്കാൻ ശ്രമം

In main news BY P Faseena On 15 May 2022
കവരത്തി: മൂന്നാഴ്ചയ്ക്കുള്ളിൽ എല്ലാ ദ്വീപുകളിലേയ്ക്കും മൃഗഡോക്ടർമാരെ നിയമിക്കാനുള്ള ഹൈക്കോടതിവിധി നിലനിൽക്കെ നിലവിൽ കവരത്തിയിലുള്ള രണ്ട് ഡോക്ടർമാർക്ക് ബാക്കിയുള്ള ദ്വീപുകളുടെ അധികചുമതല നൽകി ഹൈക്കോടതി വിധി അട്ടിമറിക്കാൻ ശ്രമം. മെയ് 10നാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.പി കോയ അദ്ദേഹത്തിന് തന്നെയും ഡോ. അക്‌ബറിനും ബാക്കിയുള്ള ദ്വീപുകളുടെ അധികചുമതല നൽകിക്കൊണ്ട് ഉത്തരവിറക്കിയത്.
ആന്ത്രോത്ത്, അഗത്തി, മിനിക്കോയ്‌,അമിനി ദ്വീപുകളിലേക്ക് ഡോക്ടർ പി. കോയയെയും കൽപ്പേനി, കടമത്ത്, അമിനി, ചെത്ലത്, കിൽത്താൻ ദ്വീപുകളിൽ ഡോ കെ.കെ അക്ബറിനെയുമാണ് നിയമിച്ചിട്ടുള്ളത്.
ദ്വീപുകളിലേക്കുള്ള ഗതാഗത സൗകര്യമനുസരിച്ച് ഉദ്യോഗസ്ഥർക്ക് ക്രമാടിസ്ഥാനത്തിൽ ജോലി ചെയ്യാം എന്നാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ ഹെഡ്‌ക്വാർട്ടേഴ്‌സിലെ ചുമതലകളും ഇവർ വഹിക്കണം. ഓരോ ദ്വീപുകളിലെയും ജോലി പൂർത്തിയാകുമ്പോൾ മൃഗ സംരക്ഷണവകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ചൂണ്ടികാണിക്കുന്നു.
ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്കുള്ള യാത്രാസൗകര്യങ്ങൾ വളരെ പരിമിതമായതിനാൽ ഇത് ഒട്ടും പ്രായോഗികമല്ലാത്ത ഉത്തരവാണെന്ന് വിമർശമുണ്ട്. പ്രത്യേകിച്ചും മൺസൂൺ കാലത്ത്. അതുകൊണ്ട് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത് പോലെ ദ്വീപുകളിലേക്കെത്തി പക്ഷിമൃഗാദികളെ ചികിത്സിക്കുക എന്നത് സാധ്യമാകുന്ന കാര്യമല്ല. എല്ലാ ദ്വീപുകളിലേക്കും ഡോക്ടർമാരെ നിയമിക്കാനുള്ള ഹൈക്കോടതി വിധിയെ മറികടക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ എന്ന് നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ മാസമാണ് ലക്ഷദ്വീപിൽ എല്ലാ ദ്വീപുകളിലും മൃഗഡോക്ടർമാരെ നിയമിക്കാൻ ആവശ്യപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്. കല്പേനി സ്വദേശിയായ ചെറിയ പുറക്കാട് അബ്ദുൽ കബീർ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദ്വീപുകളിലെ മൃഗഡോക്ടർമാരെ പിരിച്ചുവിട്ടതിനു ശേഷം പക്ഷി മൃഗാദികൾക്ക് ആവശ്യമായ ചികിൽത്സ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും, സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടായിട്ടും ഡോക്ടർമാരെ നിയമിക്കാതിരിക്കുകയാണ് എന്നുമുള്ള ഹർജിക്കാരന്റെ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ലക്ഷദ്വീപിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന എല്ലാ മൃഗഡോക്ടർമാരെയും 2021 സെപ്തംബർ 23 നാണ് ഭരണകൂടം പിരിച്ചുവിട്ടത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY