DweepDiary.com | ABOUT US | Tuesday, 24 May 2022

വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്നു: മൃഗ​​ഡോക്ടർ നിയമനത്തിനുള്ള ഹൈക്കോടതിവിധി നടപ്പിലാക്കാതെ ഭരണകൂടം

In main news BY P Faseena On 09 May 2022
കവരത്തി: ലക്ഷദ്വീപിൽ പക്ഷിമൃഗാദികൾക്ക് ചികിത്സാസൗകര്യം ലഭിക്കാതായിട്ട് എട്ട്മാസമാകുന്നു. ദ്വീപുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മുഴുവൻ മൃഗഡോക്ടർമാരെയും 2021 സെപ്റ്റംബർ 23 തീയതി ഭരണകൂടം പിരിച്ചുവിടുകയായിരുന്നു. മൃഗഡോക്ടർമാരുടെ പിരിച്ചുവിടലോടുകൂടി മിണ്ടാപ്രണികളായ പക്ഷിമൃഗാദികൾക്ക്മതിയായ ചികിത്സ ലഭിക്കാനുള്ള സാഹചര്യം കൂടിയാണ് നിഷേധിക്കപ്പെട്ടത്. സാമ്പത്തികസ്രോതസ്സുകൾ ഉണ്ടായിട്ടും ഡോക്ടർമാരെ നിയമിക്കുന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി കല്പേനി സ്വദേശി ചെറിയ പുറക്കാട് അബ്ദുൽ കബീർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ 2022 ഏപ്രിലിൽ ഹൈക്കോടതി എല്ലാ ദ്വീപുകളിലും ഡോക്ടർമാരെ നിയമിക്കാൻ ഉത്തരവിട്ടിരുന്നു. നിയമനനടപടികൾ മൂന്നാഴ്ച കൊണ്ട് പൂർത്തിയാക്കണമെന്ന് നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്.
കേസ് വിസ്താരത്തിനിടയിൽ നിയമനനടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്ന തരത്തിൽ വാദം നിരത്തിയ സർക്കാർ ഇപ്പോൾ ഹൈക്കോടതിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് വിമർശനമുണ്ട്. ഈ കേസിൽ മേൽകോടതിയെ സമീപിക്കുന്ന കാര്യത്തിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പക്ഷിമൃഗാദികളുടെ ആരോഗ്യത്തെക്കുറിച്ച് ലോകം ഏറെ ശ്രദ്ധ പുലർത്തുന്ന കാലഘട്ടമാണിത്. മനുഷ്യരുടെയും മൃഗങ്ങളുടെയും പരസ്പരാശ്രിത ബന്ധങ്ങളെ മുൻനിർത്തി 'വൺ ഹെൽത്ത്' പോലുള്ള ആശയങ്ങൾ ലോകരാഷ്ട്രങ്ങൾ നടപ്പിലാക്കുന്ന കാലത്താണ് ലക്ഷദ്വീപ് ഭരണകൂടം പക്ഷിമൃഗാദികൾക്ക് ചികിത്സ പാടെ നിഷേധിക്കുന്നത്.
മൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യം പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന ചില രോഗങ്ങൾ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണ്. ഏകദേശം ഇരുന്നൂറോളം രോഗങ്ങൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നുണ്ട് എന്നാണ് കണക്ക്. സമയാസമയം കുത്തിവെപ്പുകൾ നടത്തുകയും പക്ഷിമൃഗാദികൾക്ക് ചികിത്സ നൽകുകയും ചെയ്തില്ലെങ്കിൽ ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവൻ കൂടി അപകടത്തിലാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പക്ഷിയിൽ നിന്നും മനുഷ്യരിലേക്ക് പടർന്നുപിടിച്ച നിപ വൈറസ് കേരളത്തെയും ഏതാനും ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളെയും കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക് നയിച്ചത് വിദൂരകാലത്തല്ല. ലക്ഷദ്വീപ് ഭരണകൂടം നിരുത്തരവാദപരമായി കൈക്കൊണ്ടിരിക്കുന്ന ഈ നടപടി സത്യത്തിൽ ദ്വീപുജനതക്ക് മാത്രമല്ല രാജ്യത്തെ മൊത്തം പൗരന്മാർക്കും ഒരുവേള ലോകത്തിനുതന്നെയും ഭീഷണിയായേക്കാം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY