DweepDiary.com | ABOUT US | Friday, 19 April 2024

ദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധമുയർത്തി കോണ്ഗ്രസ്സ് പ്രക്ഷോഭം.

In main news BY Mubeenfras On 05 January 2022
കവരത്തി. ലക്ഷദ്വീപിന്റെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്ന ദ്വീപ് ഭരണകൂടത്തിനെതിരെ പ്രത്യക്ഷ സമരവുമായി കോണ്ഗ്രസ്സ് പാർട്ടി രംഗത്ത്.
വ്യാപകമായ പിരിച്ച് വിടലുകൾ, വകുപ്പുകളും സ്ഥാപനങ്ങളും അടച്ച് പൂട്ടൽ, സ്‌കൂൾ സമയമാറ്റം, കപ്പലുകൾ വെട്ടികുറച്ചത്, ആന്ത്രോത്ത് കോളേജിൽ നിന്ന് പി.എം.സഈദ് സാഹിബിന്റെ പേര് മാറ്റം, പഞ്ചായത്ത് സ്ഥാപനങ്ങളുടെ അധികാരം വെട്ടികുറച്ചത്, വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്, ഹോസ്റ്റൽ അഡ്മിഷൻ പ്രശ്നങ്ങൾ, സഹകരണ സംഘങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയത് വികസന മുരടിപ്പ് തുടങ്ങി ഒട്ടനവധി ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കോണ്ഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പല ദ്വീപിലെയും പ്രതിഷേധമാർച്ചുകൾ പോലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. ശേഷം നേതാകൾ അധികാരികളെ കണ്ട് നിവേദനം കൈമാറി. ലക്ഷദ്വീപ് തല പ്രതിഷേധ മാർച്ച് ആന്ത്രോത്ത് ദ്വീപിൽ ലക്ഷദ്വീപ് കോണ്ഗ്രസ്സ് അധ്യക്ഷൻ അഡ്വ ഹംദുള്ളാ സഈദ് ഉത്ഘാടനം ചെയ്തു. കോണ്ഗ്രസ്സ് ഭരണകാലത്ത് ലക്ഷദ്വീപിന്റെ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികളും വകുപ്പുകളും സ്ഥാപനങ്ങളുമാണ് ബി.ജെ.പി കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം ദ്വീപ് ഭരണകൂടം ഇല്ലാതാക്കികളയുന്നത് അത് അനുവദിക്കാൻ ആവില്ലെന്നും ജനകീയ പ്രതിഷേധങ്ങളിലൂടെ അതിനെ എതിർത്ത് തോല്പിക്കുമെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് ഹംദുള്ളാ സഈദ് പറഞ്ഞു.

എല്ലാ ദ്വീപുകളിലും മുതിർന്ന കോണ്ഗ്രസ്സ് നേതാക്കൾ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. വ്യത്യസ്തമായ രീതികളിലൂടെ തുടർ പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY