DweepDiary.com | ABOUT US | Friday, 29 March 2024

അഡ്മിനിസ്ട്രേറ്റർ എത്തുന്നത് വൈദ്യുതി സ്വകാര്യവൽക്കരണം ഉൾപ്പെടെ കൂടുതൽ ജനദ്രോഹനടപടികൾക്കെന്ന് സൂചന

In main news BY Admin On 14 June 2021
കവരത്തി: ലക്ഷദ്വീപിലെ വിവാദ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്ന് ദ്വീപിലെത്തുന്നത് തന്റെ ഗൂഢപദ്ധതികളുമായി കൂടുതൽ മുന്നോട്ടു പോകാനാണെന്ന് സൂചന. പൊതുജനങ്ങളുടെയും ദ്വീപിലും വൻകരയിലുമുള്ള വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും കടുത്ത എതിർപ്പിനെ അവഗണിച്ച് വൈദ്യുതി സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള പുതിയ അജണ്ടകൾ പട്ടേൽ നടപ്പിലാക്കുമെന്ന് അറിവായി. കവരത്തി സെക്രട്ടറിയേറ്റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ പ്രസിദ്ധീകരിച്ച പ്രോഗ്രാം അജണ്ടയിലാണ് ഒരാഴ്ചക്കാലത്ത് പട്ടേൽ സംബന്ധിക്കുന്ന യോഗങ്ങളുടെ അജണ്ട വ്യക്തമായി കൊടുത്തിരിക്കുന്നത്. ദ്വീപുജനതയുടെ ക്ഷേമവുമായി ഒരു ബന്ധവുമില്ലാത്തതും തന്റെ ചങ്ങാതിമാരായ മുതലാളിമാർക്ക് മാത്രം ലാഭം കൊയ്യാനുതകുന്നതുമായ വിവാദപദ്ധതികളുടെ പേരിൽ കുപ്രസിദ്ധനാണ് പട്ടേൽ എന്നിരിക്കെ പല ഉദ്യോഗസ്ഥരും ഭയത്തോടെയാണ് പട്ടേലിന്റെ സന്ദർശനനടപടികളെ വീക്ഷിക്കുന്നത്.

ജൂൺ 17 നു നടക്കുന്ന സുപ്രധാന യോഗത്തിലെ അജണ്ട വൈദ്യതിവകുപ്പിന്റെ സ്വകാര്യവൽക്കരണമാണ്. നിലവിൽ ലക്ഷദ്വീപിലെ സാധാരണക്കാർക്ക് മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമെങ്കിലും ഭാവിയിൽ കറൻ്റ് ചാർജ്ജ് സ്വകാര്യകമ്പനികൾ നിശ്ചയിക്കുന്ന അവസ്ഥ വരും. വകുപ്പിലെ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് നൽകില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനകം 1200 ഓളം താൽക്കാലിക ജീവനക്കാരെയാണ് വിവിധ വകുപ്പുകളിൽ നിന്നും പട്ടേൽ കൂട്ടമായി പിരിച്ചുവിട്ടിട്ടുള്ളത്. 25 വർഷം സർവീസ് പൂർത്തിയായവർക്ക് വരെ പുറത്തേക്കുള്ള വഴി തുറക്കപ്പെടുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ദ്വീപഡയറിയോട് ആശങ്ക പങ്കുവെച്ചു.

ലക്ഷദ്വീപ് കളക്ടർ അസ്കർ അലി കൊച്ചിയില്‍വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ പരാമർശിച്ച അഗത്തി ദ്വീപിലെ കടലിനു അഭിമുഖമായി നിൽക്കുന്ന 150 ബെഡ് ആശുപത്രി കെട്ടിട നിർമ്മാണവും കവരത്തി ദ്വീപിൽ പുതിയ പവർ ഹൗസിൻ്റെ പടിഞ്ഞാറായി സ്ഥാപിക്കുന്ന പുതിയ ആശുപത്രി കെട്ടിടവും ഉണ്ടാക്കാനുള്ള പദ്ധതികൾ ഈ സന്ദർശനത്തിൽ ഉണ്ടാകുമോ എന്നത് ദ്വീപ് ഉറ്റു നോക്കുന്നുണ്ട്. നിലവിൽ നൂറുശതമാനം സൗജന്യമായാണ് ദീപിലെ സർക്കാർ ആശുപത്രികളിലെ സേവനം. നിർമാണപ്രവർത്തനങ്ങളിലുള്ള പട്ടേലിന്റെ അമിതതാത്പര്യത്തിന് പിന്നിലും സ്വന്തക്കാരായ നിർമാണക്കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള ശ്രമമാണെന്ന് വ്യാപകമായി ആരോപണമുയർന്നിട്ടുണ്ട്.

കവരത്തി സ്മാർട്ട് സിറ്റി പദ്ധതിയാണ് ഈ സന്ദർശനത്തിലെ മറ്റൊരു പ്രധാന അജണ്ട. പാവപ്പെട്ട മത്സ്യബന്ധന തൊഴിലാളികളുടെ ഷെഡുകൾ ഇടിച്ച് തകർത്ത സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാവി ഈ വരവിൽ നിശ്ചയിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. പുരാതനകാലം മുതൽക്കേ മത്സ്യബന്ധന തൊഴിലാളികൾ അവരുടെ ബോട്ടുകൾ നങ്കൂരമിടുന്നതും ഉപകരണങ്ങൾ സൂക്ഷിക്കുന്നതും കടൽകരയോട് ചേർന്നുളള 'ഫാണ്ട്യാല'കളിലും ഷെഡുകളിലുമാണ്. തീരദേശ നിയന്ത്രണ മേഖല നിയമത്തിൽ ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ളതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് അഡ്മിനിസ്ട്രേറ്റർ ഉപജീവനം പോലും താറുമാറാക്കുന്ന തരത്തിൽ ഷെഡുകൾ മുന്നറിയിപ്പില്ലാതെ രാത്രി പൊളിച്ചുമാറ്റിയത്. സ്മാർട്ട് സിറ്റിയുടെ പേരുപറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മറ്റൊരിടത്തേക്ക് പറിച്ചുനടുമ്പോൾ അതവരുടെ സ്വാഭാവിക ജീവിതരീതികളിലും ഉപജീവനമാർഗത്തിലും കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഈ സന്ദർശന അജണ്ടയിലുള്ള മറ്റൊരു ഗ്ലാമർ ഇനമാണ് ബംഗാരം ദ്വീപിലെ പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതി. ചില തൽപര കക്ഷികൾക്ക് വേണ്ടി കേന്ദ്രം നേരിട്ട് നടപ്പിലാക്കുന്ന ഗൂഢപദ്ധതിയാണിതെന്ന് ലക്ഷദ്വീപ് രാഷ്ട്രീയവൃത്തങ്ങളിൽ ആക്ഷേപമുണ്ട്. പ്രസ്തുത പദ്ധതി സുപ്രീംകോടതി ഉത്തരവ് പ്രകാരം നിർണ്ണയിച്ച പ്രത്യേക കമ്മിറ്റിയുടെയും സുപ്രീംകോടതിയുടെ തന്നെയും അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആരോപിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹട്ടുകൾ നിർമ്മിക്കാൻ ജർമ്മൻ പൗരനായ റോളണ്ട് മൊസ്ലെ ഇവിടെ എത്തിയതും വിസ കാലാവധി കഴിഞ്ഞിട്ടും പ്രത്യേകം ഇളവിന്റെ ആനുകൂല്യത്തിൽ ബംഗാരത്ത് തങ്ങിയതും വിവാദമായതാണ്. മോഡി മന്ത്രിസഭയിലെ പ്രമുഖൻ്റെ മകൻ്റെ താൽപര്യമാണ് ഇതെന്നും ആരോപണമുണ്ട്.

മിനിക്കോയ്, കവരത്തി ദ്വീപുകളിലെ സ്കൂളുകളെക്കുറിച്ചാണ് സന്ദർശനത്തിലെ മറ്റൊരു യോഗഅജണ്ടയായി കൊടുത്തിരിക്കുന്നത്. സ്‌കൂൾ പുനർനിർമ്മാണ പദ്ധതിയാണ് ഇതെന്ന് കരുതപ്പെടുന്നു. സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്നവയിൽ നിന്നും മുടക്കുമുതൽ പെട്ടെന്ന് തിരിച്ചുകിട്ടണം എന്ന അഡ്മിനിസ്ട്രേറ്ററുടെ പ്രത്യേക രീതി പരിഗണിക്കുമ്പോൾ ഈ സ്കൂളുകൾ സ്വകാര്യവൽകരിക്കാൻ സാധ്യത ഉണ്ടെന്നും ആശങ്കയുണ്ട്. മറ്റൊരു പദ്ധതി കവരത്തി ദ്വീപിലെ ഹെലിബേസ് വികസനമാണ്. ഇതിനായി തൊട്ടടുത്തുള്ള ഇന്ത്യ റിസർവ്വ് സേന അംഗങ്ങളുടെ ഹൗസിംഗ് കോളനി തകർക്കേണ്ടിവരുമെന്നും അത് ആലോചനയിലുണ്ടെന്നും ചില കേന്ദ്രങ്ങളിൽ നിന്നും അറിയുന്നു. മുൻ ഭരണകൂടം കോടികൾ ചെലവഴിച്ച് അടുത്ത കാലത്താണ് ഇവ നിർമ്മിച്ചത്.

പട്ടേലിന്റെ നേതൃത്വത്തില്‍ ദ്വീപുകളിലെ ജനതക്ക് ആവശ്യമോ ഉപകാരമോ ഇല്ലാത്തതും തീർത്തും ദ്രോഹപരമായതുമായ പരിഷ്കാരങ്ങളും പദ്ധതികളുമാണ് ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ദ്വീപുകാർക്ക് ദോഷകരമായ യാതൊന്നും നടപ്പിൽ വരുത്തുകയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലം എം പി ക്കും രാഷ്ട്രീയ-സമുദായനേതാക്കന്മാർക്കും കൊടുത്ത ഉറപ്പിന് പുല്ലുവില കൽപ്പിച്ചാണ് പ്രഫുൽ പട്ടേൽ ധാർഷ്ട്യത്തോടെ മുന്നോട്ടുനീങ്ങുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY