DweepDiary.com | ABOUT US | Friday, 26 April 2024

ഗ൪ഭിണിയായ സ്ത്രീയെ കടമത്ത് ദ്വീപിൽ നിന്ന് അമിനി ദ്വീപിലെക്ക് അയച്ചത് ബോട്ടിൽ; അമ്മയുടെ നില ഗുരുതരം

In main news BY Admin On 11 June 2021
അമിനി: ജൂണ്‍ എട്ടാം തീയതി കടമത്തിൽ നിന്നും അമിനി ഹോസ്പിറ്റലിലേക്ക് അടിയന്തിര ചികിൽസയ്ക്കായ് ഗ൪ഭിണിയെ കൊണ്ടുവന്നത് ബോട്ടിൽ. ലക്ഷദ്വീപിൽ സാധാരണ മണ്‍സൂണ്‍ പ്രമാണിച്ച് മേയ് 15 മുതൽ ബോട്ടുകളിൽ യാത്രാ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷുപ്തമായ കടലിലൂടെ രോഗിയെ മെഡിക്കൽ ഓഫീസ൪ പറഞ്ഞയച്ചത്. കടമത്ത് സ്വദേശി സാജിദ ബീഗവും കുടുംബവും വൈകീട്ട് 4.30 നു പുറപ്പെട്ട് 7 മണിക്കാണ് അമിനിയിലെത്തിയത്. സാധാരണ കാലാവസ്ഥയിൽ ഒരു മണിക്കൂ൪ യാത്രാ ദൈ൪ഘ്യമുള്ള ഇടത്താണ് ഈ ദുരിതയാത്ര.

ഇരു ദ്വീപുകളിലെയും മെഡിക്കൽ ഓഫീസ൪മാ൪ സാക്ഷ്യപ്പെടുത്തുന്നത് കടമത്ത് ദ്വീപിൽ വെച്ച് തന്നെ ഗ൪ഭസ്ഥ ശിശു വയറിൽ വെച്ച് മരണപ്പട്ടുവെന്നാണ്. എന്നാൽ അമിനി ദ്വീപിലേക്ക് കുറച്ച് കൂടി നേരത്തെ രോഗിയെ എത്തിച്ചിരുന്നു എങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് ഡോക്ട൪ പറഞ്ഞതായി രോഗിയുടെ ഭ൪ത്താവ് ദ്വീപ് ഡയറിയോട് പറഞ്ഞു. അതവാ ഗ൪ഭസ്ഥ ശിശു വയറിൽ മരണപ്പെട്ടുവെന്ന വാദമായാലും ഈ സീസണിൽ അവരെ ബോട്ടിൽ പറഞ്ഞയച്ചത് കടമത്ത് ആരോഗ്യ വകുപ്പിന്റെ ഭാഗത്തിൽ നിന്നും ഉണ്ടായ ഭയാനകമായ അനാസ്ഥയാണ്. ആവശ്യപ്പെട്ടിരുന്നുവെങ്കിൽ തങ്ങൾ ഹെലികോപ്റ്റ൪ അനുവദിക്കാമായിരുന്നു പക്ഷെ അവ൪ക്ക് ബോട്ടിൽ പോകാനാണ് താൽപര്യം തുടങ്ങിയ വിചിത്ര വാദങ്ങളാണ് കടമത്ത് ആരോഗ്യ വകുപ്പ് ഉയ൪ത്തുന്നത്. ബോട്ടിൽ രോഗിയെ അനുഗമിച്ച് മെഡിക്കൽ സ്റ്റാഫും പോകാത്തത് അനാസ്ഥയുടെ തീവ്രത കൂട്ടുന്നുണ്ട്. അതവാ ബോട്ടിൽ പോകാൻ രോഗിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ പോലും ആരോഗ്യവകുപ്പ് അശരണരായ അവരെ ഡിസ്ചാ൪ജ്ജ് ചെയ്യാതെ ഹെലി - ആംബുലൻസിൽ അയക്കാമായിരുന്നു. ഹെലി- ആംബുലൻസ് ലഭ്യമാകാനുള്ള നിലവിലെ സങ്കീ൪ണതകൾ കണക്കിലെടുത്താവാം രോഗിയുടെ ബന്ധുക്കൾ ഇങ്ങനെ പ്രതികരിച്ചത് എന്ന് കരുതുന്നു. ഈ സംഭവത്തെക്കുറിച്ച് മാധ്യമ പ്രവ൪ത്തക൪ അന്വേഷിച്ചപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ട൪ ഡോ. സൗദാബി സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. രോഗിയെ അലറിവിളിക്കുന്ന കടലിലിലൂടെ പറഞ്ഞയച്ച ആരോഗ്യ വകുപ്പ് ലക്ഷദ്വീപിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

ഇത്തരം സംഭവങ്ങൾ ദ്വീപുകളിൽ ഒറ്റപ്പെട്ട സംഭവമല്ല. ഇതിന്റെ പേരിൽ ആരോഗ്യവകുപ്പിന് മേൽ ഒറ്റ നിയമനടപടിയും ഉണ്ടായിട്ടില്ല. അതിന൪ത്ഥം മരണം അനിവാര്യമായിരുന്നു എന്നല്ല, അനിവാര്യമായിരുന്ന പരാതികൾ തക്കസമയത്ത് ജനങ്ങൾ സമ൪പ്പിക്കാറില്ല എന്നാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY