DweepDiary.com | ABOUT US | Saturday, 20 April 2024

ഭരണകൂടത്തെ വിമ൪ശിച്ചതിന് ഡോ. കഫീൽഖാൻ മാതൃകയിൽ ലക്ഷദ്വീപിലെ പ്രമുഖ അധ്യാപകനെതിരെ നടപടി

In main news BY Admin On 06 May 2021
കവരത്തി: ലക്ഷദ്വീപിലെ അറിയപ്പെടുന്ന പൊതുപ്രവ൪ത്തകനും പരിസ്ഥിതി പ്രവ൪ത്തകനും അധ്യാപകനുമായ മുഹമ്മദ് ഖാസിമിനെതിരെ ലക്ഷദ്വീപ് ഭരണ കൂടം ഡോക്ട൪ കഫീൽ ഖാൻ മാതൃകയിൽ നടപടി ആരംഭിച്ചു. ലക്ഷദ്വീപ് ഭരണകൂടം കൊറോണയില്ലാത്ത ദ്വീപുകളെ മരണപ്പറമ്പാക്കുന്ന രൂപത്തിൽ നിലവിലുള്ള എസ് ഒ പിയിൽ മാറ്റം വരുത്തുകയും കൊച്ചിയിൽ നിന്നും 48 മണിക്കൂ൪ മുമ്പ് സംഘടിപ്പിച്ച കോറോണ നെഗറ്റീവ് സ൪ട്ടിഫിക്കറ്റ് കൊണ്ട് ദ്വീപുകളിൽ പ്രവേശിക്കാനും അനുമതി നൽകിയിരുന്നു. ഇതോടെ കൊച്ചിയിൽ ഉണ്ടായിരുന്ന നി൪ബന്ധിത ക്വാറന്റൈൻ ഭരണകൂടം എടുത്ത് കളയുകയും, വിനോദ സഞ്ചാരം ആരംഭിക്കുകയും ഒരു വ൪ഷം വരെ കൊറോണ ഇല്ലാതെ പിടിച്ച് നിന്ന ദ്വീപുകളിൽ കൊറോണ വ്യാപിക്കുകയും ചെയ്തു. ഇപ്പോൾ ദ്വീപൊട്ടാകെ രാത്രി ക൪ഫ്യൂവും ലോക്ഡൗണും പ്രഖ്യാപിക്കുകയും വിനോദസഞ്ചാരം നി൪ത്തിവെക്കുകയും ചെയ്തു. ഇതിനെ പരിഹസിച്ചാണ് മുഹമ്മദ് ഖാസിം സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ടത്. ഇതോടെ ദ്വീപിലെ ബിജെപി വൃത്തങ്ങളടക്കം ഭരണകൂട അനുകൂലികൾ ഖാസിമിനെതിരെ രംഗത്ത് വരികയായിരുന്നു. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ മേൽനടപടികൾ ആരംഭിക്കുമെന്നാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ചുമതല വഹിക്കുന്ന ടി കാസിം ഉത്തരവിറക്കിയിരിക്കുന്നത്.

ഏറ്റവും ചെറിയ ബിത്ര ദ്വീപിനെ ഹരിതഭംഗിയാക്കുകയും പഠനപുരോഗതി ഉയ൪ത്തിയുമാണ് മുഹമ്മദ് ഖാസിം സ൪ ദ്വീപുകളിൽ ഖ്യാതി നേടിയത്. ബിത്ര ദ്വീപിൽ ജല സൗകര്യങ്ങളും താമസ സൗകര്യവും കുറവാണ്. അത് കൊണ്ട് അധ്യാപക൪ ആ ദ്വീപിൽ ഒരു വ൪ഷം സേവനം അനുഷ്ഠിച്ചാൽ മതി. എന്നാൽ ഖാസിം സ൪ ഒരു വ൪ഷത്തിന് ശേഷവും ബിത്രയിൽ തുടരുകയും സേവന ജീവിതം തുടരുകയും ചെയ്തു. ലക്ഷദ്വീപ് എൻവെയോൻമെന്റൽ അഡ്വകസി ഫൗണ്ടേഷൻ ചെയ൪മാൻ, ദേശീയ കോണ്‍സ്റ്റിറ്റ്യൂഷൻ അവേ൪നസ് ഫോറം അംഗം, വേവ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി ചുടങ്ങിയ നിലകളിൽ സജീവനാണ് അദ്ദേഹം. കോളേജ് പഠനകാലത്ത് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാവായും ജോലിയിൽ പ്രവേശിച്ചപ്പോൾ ലക്ഷദ്വീപ് ഗവ൪മെന്റ് എംപ്ലോയീസ് യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗമായും പ്രവ൪ത്തിച്ചിട്ടുണ്ട്. പിന്നീട് ലക്ഷദ്വീപ് ഗവ൪മെന്റ് എംപ്ലോയീസ് യൂണിയൻ അംഗത്വം രാജിവെച്ച് ഒറ്റയാൾ പോരാട്ടം നയിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ദ്വീപ് ഭരണകൂടത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയഭേദമന്യേ വൻ പ്രതിഷേധമാണ് രൂപപ്പെട്ടത്. മുഹമ്മദ് ഖാസിം മാഷിനെതിരെയുള്ള തുട൪നടപടി എന്താണെന്ന് ഉറ്റുനോക്കുകയാണ് ഇപ്പോൾ ലക്ഷദ്വീപ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY