DweepDiary.com | ABOUT US | Saturday, 20 April 2024

തെരെഞ്ഞെടുക്കപ്പെട്ട സഭയും കേന്ദ്ര സ൪ക്കാരും തുറന്ന പോരിൽ - ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദ് ചെയ്ത് "ലക്ഷദ്വീപിന്റെ മുഖ്യമന്ത്രി"

In main news BY Admin On 21 April 2021
കവരത്തി: ലക്ഷദ്വീപിന് പുതുച്ചരി മാതൃകയിൽ ഒരു മിനി അസംബ്ലി വേണമെന്ന ആവശ്യം നേരത്തെ ഭരിച്ച യൂപിഎ സ൪ക്കാരും ഇപ്പോയുള്ള ബിജെപി സ൪ക്കാരും വകവെച്ച് കൊടുത്തിരുന്നില്ല. ലക്ഷദ്വീപിലെ ജനങ്ങൾ തെരെഞ്ഞെടുത്ത പ്രതിനിധികളാണ് പാ൪ലെമെന്റ് മെമ്പറും ദ്വീപ് പഞ്ചായത്ത് അംഗങ്ങളും. ഇതിൽ ലക്ഷദ്വീപിലെ മുഖ്യമന്ത്രി എന്ന് അനൗദ്യോഗിക വിളിപ്പേരുള്ള പ്രസിഡൻറ് കം ചീഫ് കൗണ്‍സില൪ എന്ന തസ്തിക പ്രസിഡന്റ് ഓഫ് ഇന്ത്യ 1994 ലെ പഞ്ചായത്തീ രാജ് നിയമപ്രകാരം സൃഷ്ടിച്ചതാണ്. സാംസ്കാരിക-ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് അധികാരം ജനപ്രതിനിധികൾക്ക് കൂടുതൽ നൽകാതെ ഉദ്യോഗസ്ഥ൪ ഭരിച്ച് പോകുന്ന രീതിയാണെങ്കിലും ജനപ്രതിനിധി സഭ എന്ന ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന് അടുത്തകാലത്ത് കൂടുതൽ അധികാരം നൽകി തുടങ്ങിയിരുന്നു. വിദ്യാഭ്യാസം, ഫിഷറീസ്, കാ൪ഷികം എന്നീ വകുപ്പുകളുടെ നിയന്ത്രണം ഭരണകൂടം സഭയുടെയോ അല്ലെങ്കിൽ പ്രസിഡൻറ് കം ചീഫ് കൗണ്‍സിലറോടോ കൂടിയാലോചന നടത്തി വേണം നടപ്പിലാക്കാൻ. ഇതിന് വിരുദ്ധമായി വല്ലതും സിവിൽ സർവീസ് ഉദ്യോഗസ്ഥർ ചെയ്താൽ ചീഫ് കൗസിലർ സാധാരണ ഗതിയിൽ മുണ്ടാപൂച്ച നയമാണ് തുടരുക. എന്നാൽ പുതിയ സാഹചര്യത്തിൽ പ്രത്യേകിച്ച് കേന്ദ്ര നയങ്ങൾക്ക് എതിരെ ദ്വീപിൽ പൊതുജന വികാരം ഉണർന്ന സാഹചര്യത്തിൽ ഉണർന്നു പ്രവർത്തിക്കുകയാണ് ചീഫ് കൗൺസിലർ. താനറിയാതെ ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥരെ വിന്യസിച്ചതിൽ കടുത്ത ഭാഷയിൽ ദ്വീപ് ഭരണകൂടത്തിനെതിരെ പ്രതികരിക്കുകയും ഉത്തരവ് റദ്ദ് ചെയ്തു കൊണ്ടും ഉത്തരവിറക്കിയതോടെ കേന്ദ്ര സ൪ക്കാരിനെതിരിൽ ദ്വീപിൽ അടുത്ത കാലത്തുണ്ടായ പ്രത്യക്ഷമായ പ്രതിഷേധമായി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് നിലവിലെ പ്രസിഡൻറ് കം ചീഫ് കൗണ്‍സില൪ മിനിക്കോയ് സ്വദേശി ഹസൻ ബൊഡുമുക്ക. കോണ്‍ഗ്രസിന്റെ മുതി൪ന്ന നേതാവ് കൂടിയായ അദ്ദേഹത്തിന്റെ ഉത്തരവ് കക്ഷി ഭേദമന്യേ ദ്വീപിൽ ച൪ച്ച ചെയ്യപ്പെടുകയാണ്. ഒപ്പം തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അധികാരങ്ങളെക്കുറിച്ചും മിനി അസംബ്ലിയെക്കുറിച്ചും.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ഭരണപരമായ ക൪ത്തവ്യങ്ങൾ നടപ്പിലാക്കുന്നത് കേന്ദ്ര സ൪ക്കാ൪ പ്രതിനിധിയായ അഡ്മിനിസ്ട്രേറ്ററും ഐഎഎസ് ഉദ്യോഗസ്ഥ പ്രതിനിധികളുമാണ്. പലപ്പോയും ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ നോക്കുകുത്തികളാക്കുന്നതാണ് കേന്ദ്രത്തിന്റെയും ദ്വീപ് ഭരണകൂടത്തിന്റെയും ഉത്തരവുകൾ. സാധാരണയായി മുതി൪ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ദ്വീപിൽ അഡ്മിനിസ്ട്രേറ്ററായി നിയമിതരാവുന്നത്. ബിജെപി കേന്ദ്രത്തിൽ വന്നതോടെ പാ൪ട്ടിയിലെ മുതി൪ന്ന നേതാക്കളെയോ ബിജെപി അനുഭാവികളെയോ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച് തുടങ്ങി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY