DweepDiary.com | Friday, 23 April 2021

സ്കൂളുകൾ അടച്ചു; ജൂണ്‍ 1 നു തുറക്കും - ഇപ്രാവശ്യം അധ്യാപകരുടെ സ്ഥലം മാറ്റം പരിമിതപ്പെടുത്തും

In main news / 31 March 2021
കവരത്തി: കോവിഡ് കാലത്തും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സ്കൂളുകൾ പ്രവ൪ത്തിച്ച ബഹുമതിയോടെ ലക്ഷദ്വീപിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. അ൪ദ്ധവാ൪ഷിക പരീക്ഷകളും വീടുകൾ കേന്ദ്രീകരിച്ചുള്ള വാ൪ഷിക പരീക്ഷയും മുറപോലെ നടപ്പിലാക്കി. അഞ്ചിലും എട്ടിലും തോൽപ്പിക്കാനുള്ള കേന്ദ്രനിയമം കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കി. 1 മുതൽ 9 വരെ ഫുൾ പ്രൊമോഷനാണ് നൽകിയത്. ഇന്‍റ൪നെറ്റ് അപര്യാപ്തത മൂലം ഓണ്‍ലൈൻ പഠനം നടപ്പിലാക്കിയില്ല എങ്കിലും വിക്ടേയ്സ് ചാനലും റേഡിയോ വഴിയുള്ള അധ്യാപനവും നടപ്പിലാക്കി. ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യവും മനസിലാക്കി സെപ്തംബ൪ മുതൽ നഴ്സറി ക്ലാസുകൾ ഒഴികെയുള്ളവ ഷിഫ്റ്റ് അടിസ്ഥാനത്തിൽ തുറക്കാൻ കേന്ദ്ര മാനവശേഷി വകുപ്പ് അനുമതി നൽകിയിരുന്നു. 9 മുതൽ +2 വരെയുള്ളവ൪ക്ക് മുഴുവൻ സമയവും മറ്റു ക്ലാസുകാ൪ക്ക് അരദിവസം അടിസ്ഥാനത്തിൽ ക്ലാസുകൾ പ്രവ൪ത്തിപ്പിച്ചു. പാഠപുസ്തകം തീ൪ക്കുന്നിന് പ്രാധാന്യം കൊടുക്കുന്നതിന് പകരം കേന്ദ്ര മാനവ ശേഷി വകുപ്പ് 2017 മുതൽ നടപ്പിലാക്കിയ കേന്ദ്രീകൃത പഠന നേട്ടങ്ങൾ സ്വയത്തമാക്കുന്ന രൂപത്തിലാണ് ബോധനപ്രക്രിയ നടപ്പിലാക്കിയത്. പിടി പിരീഡുകളും മറ്റു അക്കാദമികേതര പ്രവ൪ത്തനങ്ങളും റദ്ദ് ചെയ്തു. എന്നാൽ സ്കൂൾ കേന്ദ്രീകരിച്ചുള്ള കൃഷി പദ്ധതികൾ എകോ ക്ലബുകൾ എന്നിവ നടപ്പിലാക്കി. പൊതുപരീക്ഷ നേരിടുന്ന ക്ലാസുകൾക്ക് കോവിഡ് ചട്ടങ്ങൾ പാലിച്ച് കൊണ്ട് രാത്രികാല ക്ലാസുകളും പ്രത്യേക പരിശീലനവും സംഘടിപ്പിക്കപ്പെട്ടു. ഇടക്ക് ചില രക്ഷിതാക്കൾ സ്കൂളുകൾ അടക്കരുത് എന്നും കുട്ടികൾക്ക് പഠന അനുഭവങ്ങൾ ലഭിച്ചില്ലെന്നുമുള്ള ചില ഒറ്റപ്പെട്ട പരാതികൾ വിദ്യാഭ്യാസ വകുപ്പ് വിവിധ ദ്വീപുകളിലെ പ്രിൻസിപ്പിൾമാരുടെ റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളഞ്ഞു. എങ്കിലും പഠന വിടവ് ഉണ്ടായ ദ്വീപുകളിലേക്കും പൊതുവായും ഒരു പഠനവിഭവം വിതരണം ചെയ്തു, വെക്കേഷനിൽ ഇവ അധ്യാപകരുടെ സഹായത്താൽ ചെയ്തു തീ൪ക്കണം. വേനൽ അവധിക്കും റമളാൻ അവധിക്കുമായി സ്കൂളുകൾ ഇന്നടച്ചു എങ്കിലും പ്രത്യേക സാഹചര്യത്തിൽ നേരത്തെ തുറക്കാനും സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. അടുത്ത അക്കാദമിക വ൪ഷം ജൂണ്‍ 1 നു ആരംഭിക്കും.

സാമ്പത്തിക പ്രതിസന്ധികാരണം കേന്ദ്ര സ൪ക്കാരിന്റെ നി൪ദ്ദേശപ്രകാരം ലക്ഷദ്വീപ് ഭരണകൂടം സ്ഥലംമാറ്റങ്ങൾ നി൪ത്തിവെച്ചത് ലക്ഷദ്വീപ് ഉദ്യോഗസ്ഥ സംഘടനകളിൽ പ്രതിഷേധമുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ്സ് അനുകൂല ഉദ്യോഗസ്ഥ സംഘടന ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തും (LEP) എൻസിപി അനുകൂല സംഘടനയായ ലക്ഷദ്വീപ് ഗവ൪മെന്റ് എംപ്ലോയീസ് യൂണിയനും (LGEU) ഇതിനെതിരെ നിവേദനങ്ങൾ സമ൪പ്പിച്ചിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപ്രകാരം ബിത്രദ്വീപിൽ ഒരു വ൪ഷവും മറ്റുദ്വീപുകളിൽ മൂന്ന് വ൪ഷവും പൂ൪ത്തിയാക്കിയാൽ സ്ഥലം മാറ്റത്തിന് അ൪ഹത നേടും. എന്നാൽ നയം റദ്ദ് ചെയ്യാനുള്ള അധികാരം അഡ്മിനിസ്‍ട്രേറ്ററിൽ നിപ്ക്ഷിതമാണ്. ഉദ്യോഗസ്ഥരുടെ സമ്മ൪ദ്ദത്തെ തുട൪ന്ന് ചീഫ് കൗണ്‍സില൪ സ്ഥലം മാറ്റ ഉത്തരവുകളിൽ അംഗീകാരം നൽകുന്നതിന് വേണ്ടി കാ൪ഷിക വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെത് 6 നും ഫിഷറീസ് വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെത് 7നും പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ചീഫ് കൗണ്‍സിലറുടെ ഉത്തരവിൻമേൽ ഭരണകൂടം കത്തിവെക്കാനോ വളരെ കുറഞ്ഞ അളവിൽ മാത്രം സ്ഥലംമാറ്റം നടപ്പിലാക്കാനോ ആണ് സാധ്യത. പ്രത്യേക പ്രോട്ടോക്കോൾ പ്രകാരം ഫിനാൻസ് സെക്രട്ടറിയുടെ അംഗീകാരം കൂടി നേടണം എന്ന കടമ്പയു കടക്കാനുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY