DweepDiary.com | Friday, 23 April 2021

പെരുമൾപ്പാറിൽ കടൽവെള്ളരി കള്ളക്കടത്തുകാ൪ പിടിയിൽ - മോശം കാലാവസ്ഥയിലും സാഹസികമായി കൊള്ളക്കാരെ കീഴടക്കി സേന

In main news / 11 March 2021
അഗത്തി/ പെരുമൾ പാ൪: ഒരിടവേളക്ക് ശേഷം ലക്ഷദ്വീപ് കടലിൽ കടൽ വെള്ളരി കള്ളക്കടത്ത് സജീവമാകുന്നു. കഴിഞ്ഞ രാത്രി മോശംകാലാവസ്ഥയിലും സാഹസികമായ ഓപ്പറേഷനിലൂടെ അന്ത൪ സംസ്ഥാന കൊള്ള സംഘത്തെ പിടികൂടുകയായിരുന്നു ലക്ഷദ്വീപ് ഫോറസ്റ്റ് വകുപ്പ്. റേഞ്ച് ഫോറസ്റ്റ് ഓഫീസ൪ അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള "രക്ഷിക" എന്ന ബോട്ടും ലക്ഷദ്വീപ് രജിസ്ട്രേഷനിലുള്ള "ബദറുത്തമാമി" എന്ന ബോട്ടും ആകെ 6 ജീവനക്കാരേയും അറസ്റ്റ് ചെയ്തു. രണ്ട് ബോട്ടുകളിൽ നിന്നുമായി അന്താരാഷ്ട്ര മാ൪ക്കറ്റിൽ ഏതാണ്ട് 5.45 കോടി രൂപ വിലമതിക്കുന്ന 486 ചത്ത കടൽ വെള്ളരികൾ സേനയുടെ മറൈൻ വാച്ചേയ്സ് കസ്റ്റഡിയിലെടുത്തു. ലക്ഷദ്വീപ് വനം, പരിസ്ഥിതി വകുപ്പിന് കീഴിലുള്ള തിണ്ണകര ദ്വീപിലെ സമുദ്ര വന്യജീവി സംരക്ഷണ സേന വ്യാഴായ്ച രാത്രി ആൾതാമസമില്ലാത്ത പെരുമൾ പാ൪ റീഫ് പരിസരത്ത് നടത്തിയ പതിവ് പെട്രോളിങ്ങിലാണ് കൊള്ള സംഘത്തെ കൈയോടെ പിടികൂടിയത്.

തമിഴ്നാട് ബോട്ടിലെ ജീവനക്കാരായ കന്യാകുാരി സ്വദേശി ജൂലിയസ് നായകം, തെക്കൻ ഡൽഹി സ്വദേശി ജഗൻ നാഥ് ദാസ്, പശ്ചിമ ബംഗാൾ സ്വദേശി പരൻ ദാസ്, കേരളത്തിലെ തിരുവനന്തപുരം സ്വദേശി സാജൻ പി എന്നിവരേയും, ലക്ഷദ്വീപ് രജിസ്ട്രേഷനിലുള്ള ബോട്ടിലെ ജീവനക്കാരായ അഗത്തി ദ്വീപുകാരായ അബ്ദുൽ ജബ്ബാ൪ കടപ്പുറത്ത ഇല്ലം, മുഹമ്മദ് ഹാഫിള്എസ് ബി, സഖലൈൻ മുസ്താഖ് എന്നിവരെയും കസ്റ്റഡിയിലെടുത്ത് അഗത്തി ദ്വീപിലെത്തിച്ചു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് ഫയൽ ചെയ്തു. അഗത്തി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ഇവരെ അമിനി ദ്വീപ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും. ഓപ്പറേഷനിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ൪ അബ്ദുൽ റഹീം, അഗത്തി ദ്വീപ് ഫോറസ്റ്റ൪ സിനാൻ യൂസഫ്, കൂടാതെ അഞ്ച് ഫോറസ്റ്റ് ഗാ൪ഡുകൾ ഉൾപ്പെടെ തിണ്ണകര ദ്വീപിലെ 35 സമുദ്ര വന്യജീവി സംരക്ഷണ സേനാംഗങ്ങളും പങ്കെടുത്തു. സംഭവം റിപ്പോ൪ട്ട് ചെയ്ത ഉടനെ കവരത്തിയിൽ നിന്നും ലക്ഷദ്വീപ് ചീഫ് വൈൽഡ് ലൈഫ് വാ൪ഡൻ ദാമോദ൪ ഐ എഫ് എസ് മുതി൪ന്ന ഉദ്യോഗസ്ഥരെയടക്കം കൂടുതൽ സേനയെ പ്രദേശത്തേക്ക് അയക്കുകയും മേഖലയിൽ ശകത്മായ പെട്രോളിങ്ങ് നടത്തുകയും ചെയ്തു. സംഭവത്തിന് പിന്നിലുള്ള സംഘത്തെ കണ്ടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.

ശ്രീലങ്കയാണ് കടൽവെള്ളരി കള്ളക്കടത്തിനെ നിയന്ത്രിക്കുന്നത്. ചൈനയാണ് പ്രധാന മാ൪ക്കറ്റ്. കടൽ വെള്ളരികൾ നിരുപദ്രവകാരിയായ കടൽ ജീവികളാണ്. ലക്ഷദ്വീപിന്റെ പവിഴപ്പുറ്റുകളടങ്ങിയ ആവാസ വ്യവസ്ഥയിലെ ഏറ്റവും പ്രധാന കണ്ണിയാണ് ഇവ. ഇവയുടെ നാശം പവിഴപ്പുറ്റുകളുടെ നാശത്തിനും അത് വഴി ദ്വീപിന്റെ നിലനിൽപ്പിനും അപകടമാണ്. വംശനാശ ഭീഷണി കൂടിയുള്ളതോടെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരികയാണ്. ഇവയെ കൊല്ലുന്നത് സിംഹത്തെയും കടുവയെയും കൊല്ലുന്നതിന് തുല്ല്യമാണ്. കടൽവെള്ളരികളുടെ വംശനാശം കണക്കിലെടുത്ത് ലോകത്തിലെ ആദ്യ കടൽവെള്ളരി സംരക്ഷണ റിസ൪വ്വായി ലക്ഷദ്വീപ് മേഖലകളെ പ്രഖ്യാപിച്ചിരുന്നു. ചെറിയപാണി ദ്വീപിൽ 239 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഡോ. കെ കെ മുഹമ്മദ് കോയ കടൽ വെള്ളരി സംരക്ഷണ റിസർവും, അമിനി ദ്വീപിനും പക്ഷികളുടെ ദ്വീപായ പക്ഷി പിട്ടിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന 344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആറ്റക്കോയ തങ്ങൾ മറൈൻ റിസർവുമാണിത്. കൂടാതെ 62 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പക്ഷികളുടെ ദ്വീപായ പക്ഷി പിട്ടിയെ പി എം സയീദ് മറൈൻ ബേർഡ് കൺസർവേഷൻ റിസർവ് ആയും പ്രഖ്യാപിച്ചിരുന്നു.

കടൽ വെള്ളരി

SHARE YOUR FEEDBACK

RECENT IN THIS CATEGORY