DweepDiary.com | ABOUT US | Friday, 26 April 2024

വൈകി വന്ന വസന്തം - മുരാദുഗണ്ടവ൪ അലി മണിക്ക്ഫാന് പത്മശ്രി; ഡോ. റഹ്മത്ത് ബീഗത്തിനു ശേഷം ലക്ഷദ്വീപിലെത്തുന്ന രണ്ടാമത്തെ പൊൻതുവൽ

In main news BY Admin On 25 January 2021
കടലിലൊരു മീനുണ്ട്​. പേര്​ അബു ദഫ്ദഫ് മണിക്​ഫാനി. അത്ര പെട്ടന്നൊന്നും വലയിൽ കുടുങ്ങാത്ത വേറി​ട്ടൊരു മീൻ. ആ പേരിന്​ കാരണക്കാരനായ ആളും അങ്ങിനെ തന്നെ. നടപ്പ് ജീവിതശീലങ്ങളുടെ വലയിൽ കുടുങ്ങാതെ വിജ്​ഞാന സാഗരത്തിൽ നീന്തിത്തുടിക്കുന്ന വേറി​ട്ടൊരു മീൻ- എം. അലി മണിക്​ഫാൻ. കടലാഴങ്ങളും അറിവാഴങ്ങളും ഒരുപോലെ ഇഷ്​ടപ്പെടുന്ന, കടലിനെയും കരയെയും ആകാശത്തേയും ഒരുപോലെ തൊട്ടറിഞ്ഞ ഈ ജീവിതത്തെ എന്തുപറഞ്ഞ്​ വിശേഷിപ്പിക്കുമെന്ന്​ ആരുമൊന്ന്​ ആശയക്കുഴപ്പത്തിലാകും.
സമുദ്ര ശാസ്ത്രജ്ഞൻ, ജ്യോതി ശാസ്ത്രജ്ഞൻ, ഭൂമി ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ, സാങ്കേതിക വിദഗ്‌ധൻ, പരിസ്ഥിതി പ്രവർത്തകൻ, കാർഷിക വിദഗ്‌ധൻ, പ്രകൃതി നിരീക്ഷകൻ, മുസ്‌ലിം പണ്ഡിതൻ, ബഹുഭാഷ പണ്ഡിതൻ എന്നിങ്ങനെ നീളുന്നു മണിക്​ഫാന്‍റെ വിശേഷണങ്ങൾ. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹൽ, അറബി, ഉർദു, ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, പേർഷ്യൻ തുടങ്ങി 14ൽ പരം ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയുന്ന ഏഴാം ക്ലാസുകാരൻ. മൂന്ന്​ വർഷം മാത്രം ഭൗതിക വിദ്യാഭ്യാസം നേടിയ ആൾക്ക്​ എങ്ങിനെ ഇതെല്ലാം സാധിക്കുന്നുവെന്ന ചോദ്യത്തിന്‍റെ മറുപടി സ്വന്തം ജീവിതം കൊണ്ട്​ തന്നെ മണിക്​ഫാൻ കാണിച്ചുതന്നിട്ടുണ്ട്​ -'മനസ്സ്​ വെച്ചാൽ നമുക്ക്​ എന്തും പഠിക്കാം'.
ജീവിതരീതിയിലും വേഷത്തിൽ പോലും ലാളിത്യം കാത്തുസൂക്ഷിച്ചു വന്ന മണിക്​ഫാന്​ ഇപ്പോൾ രാജ്യം പത്​മശ്രീ നൽകി ആദരിക്കു​േമ്പാഴും ആ ശൈലിയിൽ മാറ്റമില്ല. പുരസ്​കാരത്തിന്‍റെ വിവരമറിഞ്ഞ്​ അടുപ്പമുള്ളവർ വിളിച്ചപ്പോൾ ഫോണെടുത്തത്​ ഭാര്യയാണ്​. 'അദ്ദേഹം ഉറങ്ങാൻ കിടന്നു' എന്ന മറുപടിയാണ്​ ലഭിച്ചത്​. പണ്ടേ അദ്ദേഹം അങ്ങിനെയാണ്​. അഭിനന്ദനങ്ങൾക്കായി കാത്തുനിൽക്കാറില്ല. ഇത്രയും നേട്ടങ്ങൾ കൈവരിച്ചിട്ടും വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചില്ലല്ലോ ആളുകൾ തിരിച്ചറിയുന്നില്ലല്ലോ എന്നൊക്കെ ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു- 'മരുഭൂമിയിൽ എ​ത്രയോ തരം പൂക്കൾ ആരുമറിയാതെ വിരിയുന്നു, കൊഴിയുന്നു. അതുപോലെയാണ്​ എന്‍റെ ജീവിതവും...'.

ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാൾ!
പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല, സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ പഠിച്ചവയാണ്. 15 ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയും! അദ്ദേഹത്തിന് ആഴത്തിൽ അറിവുള്ള വിഷയങ്ങള്‍ ഇതാ:
Marine Biology, Marine research, Geography, Astronomy, Social science, Ecology, Traditional shipbuilding, Fisheries, Education, Agriculture, Horticulture, Self-sufficiency and Technology.
നിരീക്ഷണപാടവത്തിനുള്ള ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടെത്തിയ മീനിന് അബുദെഫ്ദഫ് മണിക്ക്ഫാനി എന്ന പേര് നല്‍കിയത്.
വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു. സ്വന്തമായി നിര്‍മ്മിക്കുന്നതേ ഉപയോഗിക്കൂ എന്ന വാശിയാണോ അദ്ദേഹത്തിനെന്ന് തോന്നും! തന്റെ വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിര്‍മ്മിതിയാണ്!
സ്വന്തം ആവശ്യത്തിനായി മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചു. മണിക്കൂറില്‍ 25 കി.മീ. വേഗതയില്‍ പോകുന്ന ആ സൈക്കിളില്‍ തന്റെ മകന്റെ കൂടെ ഡല്‍ഹി വരെ പോയ് വന്നു. ഈ സൈക്കിളിന് അദ്ദേഹത്തിന് പേറ്റന്റുമുണ്ട്.

ജോലിയില്‍ നിന്ന് VRS എടുത്ത ശേഷമാണ് അടുത്ത നാഴികക്കല്ല്!
1200 വര്‍ഷം മുമ്പ് സിന്‍ബാദ് ഉലകം ചുറ്റിയ ‘സിന്‍ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍നിന്നുള്ള പ്രചോദനത്തില്‍ ഒരു കപ്പലില്‍ ഉലകം ചുറ്റാന്‍ ടിം സെവെറിന്‍ ആഗ്രഹിച്ചു. കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി നിന്നു. ഒരു വര്‍ഷംകൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേര്‍ന്ന് സൊഹാര്‍ എന്ന കപ്പല്‍ നിര്‍മ്മിച്ചു. ടിം സെവെറിൻ 22 യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ യാത്രയും നടത്തി. മണിക്ക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പല്‍ ഇപ്പോള്‍ മസ്ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു. പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി പല തവണ അദ്ദേഹം എത്തി.. ലോകമെങ്ങുമുള്ളവര്‍ക്ക് ഒരുപോലെ പിന്തുടരാവുന്ന ഒരു ഏകീകൃത ചന്ദ്ര മാസ കലണ്ടര്‍ മണിക് ഫാൻ രൂപപ്പെടുത്തി. ഇപ്പോള്‍ അതിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടും സഞ്ചരിക്കുകയാണ് ഈ മനുഷ്യന്‍.

അദ്ദേഹം സേവനമനുഷ്ടിച്ച ചിലത്: Lakshadweep Environment Trust, vice chairman of Union Territory Building Develop Board, Member Advisory Board, and Fellow of marine Biological Association of India, Chairman Hijra Committee തുടങ്ങിയവ. NIST യില്‍ വളരെ പ്രധാനപ്പെട്ട് രണ്ട് അക്കാദമിക്ക് വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അലി മണിക്ക്ഫാന്‍ ക്ഷണിക്കപ്പെട്ടു.
മക്കാളെയാരെയും നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്‍ന്ന് പഠിപ്പിച്ചില്ല; എന്നിട്ടും മകന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു! പെണ്മക്കള്‍ മൂന്നു പേരും അദ്ധ്യാപികമാര്‍!

SHARE YOUR FEEDBACK

RECENT IN THIS CATEGORY