DweepDiary.com | ABOUT US | Tuesday, 23 April 2024

ലക്ഷദ്വീപിലെ ജാതി വ്യവസ്ഥ : ഒരു വിശകലനം

In main news BY Salahudheen KLP On 09 November 2019
പരിശുദ്ധമായ റബീഉൽ അവ്വൽ മാസത്തിലൂടെ നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ആറാം നൂറ്റാണ്ടിലെ അറേബ്യൻ ജനതയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംസ്കാരസമ്പന്നരാക്കി മാറ്റിയ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിതം നമ്മുടെ സാമൂഹിക മൂല്യങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്ന കാര്യം ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. മൂല്യങ്ങളുടെയും ആചാരങ്ങളുടേയും ഒരു മിശ്രിതം ആണ് മതങ്ങൾ. ആചാരങ്ങൾ പിൻപറ്റാൻ എളുപ്പമാണ് ആചാരങ്ങളെ ചൊല്ലി വിശ്വാസികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും സർവ്വസാധാരണമാണ്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്തത് ആചാരമായിരുന്നു അതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഹിന്ദുമതത്തിൽ തന്നെയുണ്ട്. സുന്നി വിഭാഗം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് എതിരാണ് എന്നാൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കണം എന്ന് വാദിക്കുന്നവരാണ് സലഫികൾ.
മൂല്യങ്ങൾ പിന്തുടരണം എന്ന കാര്യത്തിൽ വിശ്വാസികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ല ഉദാഹരണത്തിന് വ്യഭിചാരം കുറ്റകരമാണെന്ന കാര്യത്തിൽ സലഫികൾക്കും സുന്നികൾക്കും ഒരേ അഭിപ്രായമാണ്.
ഇസ്ലാമിക മൂല്യങ്ങൾ ദ്വീപിലേക്ക് കടന്നു വരുന്നതിന് മുമ്പേ ഇവിടെ നിലനിന്നിരുന്ന ഒന്നാണ് ജാതി വ്യവസ്ഥ. ചരിത്രപരമായ ചില കാരണങ്ങളാൽ കടമം ചേത്ത്ലാത്ത് എന്നീ ദ്വീപുകളിൽ ജാതി നിലനിൽക്കുന്നില്ല. ജാതി ഒരു വ്യവസ്ഥ എന്ന നിലയിൽ ഇന്ന് ഒരു ദ്വീപിലും നിലവിലില്ല പകരം വ്യവസ്ഥ പോയി ജാതി മാത്രം ബാക്കിയായി. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലുകൾ വിഭജിക്കപ്പെടുകയും എല്ലാ ജാതിക്കാരുടേയും ഒരു കൂട്ടമായി സമൂഹം മാറുകയും ചെയ്യുമ്പോഴാണ് ജാതിവ്യവസ്ഥ നിലനിൽക്കുന്നു എന്ന് നമുക്ക് പറയാൻ പറ്റുകയുള്ളൂ. ഉദാഹരണത്തിന് ചേരി വിഭാഗം തെങ്ങു കയറുകയും മാലി വിഭാഗം കച്ചവടം നടത്തുകയും കോയമാർ ഭൂമിയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തിൽ ജാതി വ്യവസ്ഥ നിലനിൽക്കുന്നു എന്ന് നമുക്ക് പറയാൻ ആവുകയുള്ളൂ.
ജാതി വ്യവസ്ഥ നിലനിൽക്കുന്നില്ലെങ്കിലും നമ്മുടെ മനസ്സുകളിൽ നിന്നും ജാതിചിന്ത പൂർണ്ണമായും തുടച്ചുനീക്കാൻ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈയൊരു പശ്ചാത്തലത്തിൽ സാമൂഹികമായി വളരെ ഉയർന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇസ്ലാം മത പ്രബോധകൻ ആയിരുന്ന ഹസ്രത്ത് ഉബൈദുള്ള യുടെ കടന്നു വരവിനു ശേഷം നമ്മുടെ ജാതി ചിന്തകൾ ഉന്മൂലനം ചെയ്യാൻ നമുക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യത്തിന് ഇപ്പൊ അങ്ങനെ ജാതി ഒക്കെ ആരും നോക്കുന്നുണ്ടോ എന്നതായിരിക്കും മറുചോദ്യം.
മാറ്റങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് അമിനിയിലെ മെതിയടി സമരവും കൽപേനിയിൽ മേൽ വസ്ത്രം ധരിച്ചെത്തിയ വർക്ക് മർദനമേറ്റതുമൊന്നും ഇപ്പോൾ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. എന്നാൽ നിങ്ങളുടെ വീട്ടിൽ ഒരു കല്യാണാലോചന വരുമ്പോൾ പ്രമുഖ പള്ളിയിലേക്ക് ഒരു ഇമാമിനെ നിശ്ചയിക്കുമ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം നടത്തേണ്ടി വരുമ്പോൾ നമ്മൾ ജാതി നോക്കാറുണ്ട്.
ജാതി ചിന്തകൾ എല്ലാ ദ്വീപിലും ഒരേ പോലെയല്ല നിലനിൽക്കുന്നത്. അമിനി ഈ കാര്യത്തിൽ ഏറ്റവും മുന്നിലാണ് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കമില്ല. ഒരുപാട് കല്യാണങ്ങൾ ജാതിയുടെ പേരിൽ മുടങ്ങിയിട്ടുണ്ട് ഇപ്പോഴും മുടങ്ങി കിടക്കുന്നുമുണ്ട്. ഈയടുത്തിടെ ഒരു കല്യാണം നടക്കാതെ വളരെയധികം നീണ്ടുപോകുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ വളരെ ആശ്ചര്യം തോന്നി കാരണം ആണും പെണ്ണും ഒരേ ജാതിയാണ് പക്ഷേ സ്ത്രീയുടെ കുടുംബക്കാർ അതേ ജാതിയിൽ തന്നെ ഒരല്പം മേൽക്കോയ്മ ഉള്ളവർ ആണത്രേ. ഇത്രയും തീവ്രമായി ജാതി ചിന്തകളെ നമ്മൾ പിൻതുടരുമ്പോൾ മതപ്രഭാഷണങ്ങളിലും സൗഹൃദ സംഭാഷണങ്ങളിലും നമ്മൾ ആവർത്തിക്കുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ ജനതയെ സാമൂഹിക സമത്വത്തിന്റെ പരമോന്നതിയിൽ എത്തിച്ച ലോകത്തിൽ ജീവിച്ചുമരിച്ച ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അനുയായികളാണ് നമ്മൾ എന്നുള്ള കാര്യം മറക്കരുത്. നിസ്കാരവും മറ്റു ആചാരങ്ങളും ഇസ്ലാമിൽ വളരെ പ്രധാനപ്പെട്ടതാണ് എന്നാൽ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നില്ലെങ്കിൽ നമ്മുടെ വിശ്വാസം പൂർണ്ണമാവുകയില്ല.
ഇതര ജാതിയിൽ പെട്ടവരെ കല്യാണം കഴിക്കുന്നത് എല്ലാ ദ്വീപിലും ഒരു പ്രശ്നം തന്നെയാണ് മതപരമായ കാര്യത്തിലും ജാതി കൃത്യമായി കടന്നുവരുന്നുണ്ട്. ഒരു ദ്വീപിലും മേലാച്ചേരിക്കാരനായക്കാരനായ ഖാളി ഇല്ല. ഒരു ദ്വീപിലും പ്രമുഖ പള്ളികളിലെ ഇമാമായി കോയമാർ അല്ലാത്തവർ ഇല്ല. ഇനി അവർ ഉദ്ദേശിക്കുന്ന ജാതിയിൽ നിന്നും ആളെ കിട്ടിയില്ലെങ്കിൽ പുറത്തുനിന്ന് ഒരു മുസ്ലിയാരെ കൊണ്ടുവരൽ ആണ് പതിവ്. ചില ദ്വീപുകളിൽ ജാതിയെ പ്രോത്സാഹിപ്പിക്കുന്ന ആചാരങ്ങൾ ഇപ്പോഴും നിലവിലുണ്ട്. കല്യാണത്തിന് കുട പിടിക്കൽ അങ്ങനെ ഒരാചാരമാണ്. ചില വീടുകളിൽ സന്ദർശകർക്കിരിക്കാൻ രണ്ട് തറകൾ ഉണ്ടാവും ഒന്നു മേൽജാതിക്കാർക്ക് പിന്നെ ഒന്നു കീഴ്ജാതിക്കാർക്ക്.
യഥാർത്ഥത്തിൽ സമൂഹത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താൽ പൊതുവേ താഴ്ന്ന ജാതിക്കാർ എന്ന് കണക്കാക്കപ്പെടുന്ന മേലാ ചേരിക്കാരാണ് ഏറ്റവും ഉന്നതർ. പണ്ട് നാട്ടുകാർ കൂടിയാണ് ഗ്രൗണ്ട് ഉണ്ടാക്കിയത് അല്ലെങ്കിൽ വേറെ സ്ഥലങ്ങളൊക്കെ വൃത്തിയാക്കിയത് എന്നൊക്കെ നമ്മൾ പറഞ്ഞുകേട്ടിട്ടുണ്ട് ഇതിൽ ഒക്കെയും ഒരു പ്രതിഫലവും കാംക്ഷിക്കാതെ പണിയെടുത്തവരിൽ ഭൂരിഭാഗവും വും അധ്വാനവർഗമായ മേലാ ചേരിക്കാരായിരുന്നു.
അയൽ സംസ്ഥാനമായ കേരളത്തിൽ നടന്ന വർഗ്ഗ സമരങ്ങളെക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ട് പക്ഷേ ലക്ഷദ്വീപിൽ നടന്ന മെതിയടി സമരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. ജാതിവ്യവസ്ഥയ്ക്ക് എതിരെ ശബ്ദങ്ങൾ ലക്ഷദ്വീപിൽ ഒരുപാട് ഉയർന്നിട്ടുണ്ട്. പി ഐ പൂക്കോയയിൽ തുടങ്ങി മെതിയടി സമരം പോലുള്ള സമരങ്ങളിലൂടെ കടന്ന് സി ടി നജ്മുദ്ദീൻ കൽപേനിയിൽ തെങ്ങുകയറ്റ തൊഴിലാളി കളുടെ കൂലി കൂട്ടിക്കൊടുക്കാൻ നടത്തിയ സമരങ്ങൾ വരെ ജാതിവ്യവസ്ഥയെ ചെറുത്ത ചരിത്രങ്ങൾ നിരവധിയുണ്ട്.
വിശ്വാസികൾ എന്ന നിലയിൽ ചെറിയൊരു ഇടത്താവളം മാത്രമാണ് നമുക്ക് ഇഹലോകം നാളെ അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും സമന്മാർ ആയിരിക്കും. ഖുർആനിൽ കൃത്യമായി പറയുന്നുണ്ട് ഓ ജനങ്ങളെ നിങ്ങളെ നാം പടച്ചത് ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് നിങ്ങളെ വ്യത്യസ്ത ഗോത്രങ്ങളും തറവാട്ടുകാരും ആക്കിയത് നിങ്ങൾക്ക് ഒരു വിലാസം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്. നിങ്ങൾക്കിടയിൽ അല്ലാഹുവിന്റെ അരികിൽ ഏറ്റവും മഹത്വം തഖ്വവ ഉള്ളവർക്ക് മാത്രമാണ്.
ഈ റബീഉൽ അവ്വൽ മാസത്തിൽ ജാതി ചിന്തകൾ ക്കെതിരെ നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനി ഒരു കല്യാണവും ജാതിയുടെ പേരിൽ മുടങ്ങാതിരിക്കട്ടെ ഇനി നടക്കുന്ന ഒരു സ്ഥാനാർഥിനിർണയവും ജാതിയുടെ പേരിൽ ആക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ധൈര്യപ്പെടാതിരിക്കട്ടെ. വെറുമൊരു അടിമയായിരുന്ന ബിലാൽ റളിയള്ളാഹു അൻഹുവിനെക്കൊണ്ട് ആദ്യ ബാങ്ക് വിളിപ്പിച്ച റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ പ്രാവർത്തികമാക്കിയ മൂല്യങ്ങൾ നമുക്ക് പിന്തുടരാം. ഓർക്കുക ആചാരങ്ങൾക്കൊപ്പം മൂല്യങ്ങളും ഉൾക്കൊള്ളുമ്പോൾ മാത്രമേ നമ്മൾ യഥാർത്ഥ വിശ്വാസികൾ ആകുന്നുള്ളൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY