DweepDiary.com | ABOUT US | Tuesday, 19 March 2024

മലയാളി ബോട്ടുകാര്‍ കാരണം ലക്ഷദ്വീപിലെ മീനുകളെക്കുറിച്ച് വന്ന തെറ്റായ വാര്‍ത്തക്കെതിരെ ലക്ഷദ്വീപ് ശബ്ദിച്ചു

In main news BY Admin On 11 January 2019
കൊച്ചി: മലയാളി ബോട്ടുകാര്‍ കാരണം ലക്ഷദ്വീപിലെ മീനുകളെക്കുറിച്ച് വന്ന തെറ്റായ വാര്‍ത്തക്കെതിരെ ലക്ഷദ്വീപ് ഒട്ടാകെ ശബ്ദിച്ചു. സോഷ്യല്‍ മീഡിയയില്‍ പൊതുജനങ്ങളും വാര്‍ത്ത വന്ന മാതൃഭൂമി പത്രത്തില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് ഫിഷറീസ് അസിസ്റ്റന്‍റ് ഡയരക്റ്റര്‍ കെ. മുഹമ്മദ് കാസിമും സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. ആദ്യമായിട്ടാണ് ലക്ഷദ്വീപിലെ ഒരു ഉദ്യോഗസ്ഥന്‍ ദ്വീപിന് വേണ്ടി മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. പ്രതികരണം ഇങ്ങനെ:-

പ്രചാരണം ശരിയല്ല - പി.പി. മുഹമ്മദ് ഫൈസൽ എം.പി.
ലക്ഷദ്വീപിലെ മത്സ്യം ഏറ്റവും ഗുണമേന്മ കൂടിയതും ശുദ്ധവുമാണ്. ഇവിടെ നിന്നു മോശം മത്സ്യം കേരളത്തിലേക്കെത്തുന്നു എന്ന പ്രചാരണം ശരിയല്ല. ലക്ഷദ്വീപിൽനിന്നു പിടിക്കുന്ന ശുദ്ധമായ മത്സ്യം ഇവിടെ എത്തിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് മൂലമാണ് കേരളത്തിൽനിന്നുള്ള മത്സ്യ ബന്ധന ബോട്ടുകൾക്ക് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന ശുദ്ധ മത്സ്യം ഇവിടെയെത്തി ശേഖരിക്കാൻ അനുമതി നൽകിയത്. ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം ഒരു കാലതാമസവും കൂടാതെയാണ് കേരളത്തിൽനിന്നെത്തുന്ന ബോട്ടുകൾക്ക് കൈമാറുന്നത്. ലക്ഷദ്വീപിൽ മീനുകൾ സൂക്ഷിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാലും വിപണി കുറവായതിനാലുമാണ് കേരളത്തിൽ നിന്നെത്തുന്ന ബോട്ടുകൾക്ക് അവ നേരിട്ട് വാങ്ങാൻ അനുമതി നൽകിയത്. മത്സ്യം കൈമാറിക്കഴിഞ്ഞാൽ പിന്നീട് എന്ത് സംഭവിക്കുന്നു എന്നറിയില്ല. ലക്ഷദ്വീപിലെ മീനുകളുടെ ഗുണമേന്മ രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിദേശ രാജ്യങ്ങളിൽ ഏറെ ഡിമാൻഡുള്ള മത്സ്യമാണ് ലക്ഷദ്വീപിലേത്. ഏറ്റവും ശുദ്ധമായ മത്സ്യം മോശമാണെന്ന തരത്തിലുള്ള പ്രചാരണം വേദനാജനകമാണ് - അദ്ദേഹം പറഞ്ഞു.

പഴകിയ മീനെങ്കിൽ ഇത്രയും പണം കൊടുത്ത് ആളുകൾ വാങ്ങുമോ? - കെ. മുഹമ്മദ് കാസിം, അസി ഡയറക്ടർ ഫിഷറീസ്)
ഈ സീസണിൽ ഇതുവരെയും അഞ്ചു കോടിയോളം രൂപയുടെ വ്യാപാരം നടന്നത് ദ്വീപിലെ മത്സ്യങ്ങളുടെ മുല്യത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. പഴകിയ മീൻ ആരും ഇത്രയും രൂപ കൊടുത്ത് വാങ്ങില്ലല്ലോ. ഔദ്യോഗിക തലത്തിൽ തന്നെ കൃത്യമായ നിരീക്ഷണമാണ് ലക്ഷദ്വീപ് ഭരണകൂടം ഇക്കാലമത്രയും നടത്തിവരുന്നത്. പരമ്പരാഗത രീതിയിൽ അത്തരം കാര്യങ്ങൾ കർശനമായി പാലിക്കുന്നവരും കൂടിയാണ് ലക്ഷദ്വീപിലെ മത്സ്യ തൊഴിലാളികൾ. കഴിഞ്ഞ രണ്ടു വർഷം മുതലാണ് വലിയ, കളക്ടർ ബോട്ടുകൾക്ക് ചില മാനദണ്ഡങ്ങൾ മുൻനിർത്തി മീൻ വാങ്ങാൻ ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് അനുവാദം നൽകിയത്. വലിയ തോതിലുള്ള ഉയർച്ചയാണ് ഇതിലൂടെ ലക്ഷദ്വീപ് മത്സ്യമേഖല കൈവരിച്ചത്. ഇത് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് അവർ പിടിച്ചുകൊണ്ടു വരുന്ന മീനുകൾക്ക് ഒരു മാർക്കറ്റ് കണ്ടെത്തുന്നതായി മാറി.

കടപ്പാട്: മാതൃഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY