DweepDiary.com | ABOUT US | Saturday, 20 April 2024

കടല്‍ വെള്ളരി കള്ളക്കടത്ത് - അഗത്തി സ്വദേശി കസ്റ്റഡിയില്‍, രക്ഷപ്പെടുത്താന്‍ അണിയറയില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി

In main news BY Admin On 03 November 2018
അഗത്തി (02/11/2018): വംശനാശ ഭീഷണി നേരിടുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 1'ല്‍ ഉള്‍പ്പെടുത്തിയ കടല്‍ വെള്ളരി (Sea Cucumber) കള്ളക്കടത്ത് വീണ്ടും സജീവമാകുന്നു. നശിപ്പിച്ചാല്‍ പവിഴപ്പുറ്റുകളടക്കമുള്ള ജീവികള്‍ക്ക് നാശം വിതയ്ക്കുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കടല്‍ വെള്ളരി (കോക്ക) കടത്തിയതിന് അഗത്തി സ്വദേശി പൂമോന്‍ എന്ന മുഖ്ബീലിനെ പോലീസ് തൊണ്ടി സഹിതം കസ്‍റ്റെഡിയിലെടുത്തിരിക്കുകയാണ്. കിലോക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏറ്റവും കുറഞ്ഞത് 20,000 രുപയാണ് മതിപ്പ് വില. ടൂറിസം ബിസിനസില്‍ ഏര്‍പ്പെട്ട പൂമോന് കേരളം ഉള്‍പ്പെടേയുള്ള അന്തര്‍ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. ഈ വിഷയത്തില്‍ പോലീസിന് ഒറ്റക്ക് കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഗത്തി ദ്വീപില്‍ എന്‍വയോണ്‍മെന്റ് വാര്‍ഡന്‍ ജോലിമാറ്റം കിട്ടിപ്പോയ ഒഴിവില്‍ ആരും എത്താത്തതിനാല്‍ എസ് പി എന്‍വയോണ്‍മെന്റ് വിഭാഗം ഡയരക്റ്ററോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടത് പ്രകാരം ഒരു സംഘം കവരത്തിയില്‍ നിന്നും വന്ന് പരിശോധന നടത്തി. എന്നാല്‍ നാളിതു വരേയായിട്ടും പരിസ്ഥിതി വകുപ്പ് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഇതോടെ ഇയാളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടേയുള്ളവ പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. ബംഗാരത്തില്‍ പവിഴപ്പുറ്റ് സംരക്ഷണ ലക്ഷ്യത്തോടെ അന്താരാഷ്ട്ര സെമിനാര്‍ നടന്ന പശ്ചാതലത്തിലായിട്ടും പരിസ്ഥിതി വകുപ്പ് ഇതുവരെ അനങ്ങിയിട്ടില്ല. ഇതോടെ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ തങ്ങള്‍ പരസ്യമായിട്ട് കടല്‍വെള്ളരിയെടുക്കുമെന്നാണ് നാട്ടുകാര്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ അട്ജസ്റ്റമെന്റ് കാരണം അഗത്തിയിലെ പോലീസ് സേനക്ക് കനത്ത് തവവേദനയായിട്ടുണ്ട്. അടുത്തിടെ കഞ്ചാവു കൃഷിക്കാരെ പിടിച്ച് സേന പൊതുജന ശ്രദ്ധ നേടിയിരുന്നു.


2014 ഏപ്രില്‍ 7നും 2015 ഒക്ടോബര്‍ 24നും മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ തീരദേശ സംരക്ഷണ സേനാ കപ്പല്‍ പിടികൂടിയിരുന്നു. തീരദേശ സംരക്ഷണ സേനയെ മാനിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സേന കടലില്‍ വെടിയുതിര്‍ത്തു മുന്നറിയിപ്പ് നല്‍കിയാണ് 2015ല്‍ കീഴടക്കിയത്. തുടര്‍ന്ന് ഇവര്‍ കീഴടങ്ങുകയായിരുന്നു. അന്ന് 11000 കിലോഗ്രാം വരുന്ന കടല്‍വെള്ളരി കണ്ടെടുത്തിരുന്നു. ര​ണ്ട് സംഭവങ്ങളിലായി ബോട്ടുകളിലെ യഥാക്രമം 16 ഉം 29ഉം ശ്രീലങ്കന്‍ തൊഴിലാളികളേയും സേന നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വന്നിരുന്നു.

2015 ലെ വാര്‍ത്ത വായിക്കാന്‍ ക്ലിക്ക് ചെയ്യുക : ലക്ഷദ്വീപ് കടലില്‍ വീണ്ടും കള്ളക്കടത്ത് - തീരദേശ സേന വെടിയുതിര്‍ത്തു രണ്ട് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

2014 ലെ വാര്‍ത്ത വായിക്കാന്‍ ക്ലിക്ക് ചെയ്യുക : ചെറിയപാണിയില്‍ കള്ളകടത്ത് നടത്തുകയായിരുന്ന ശ്രീലങ്കന്‍ ബോട്ട് പിടിയില്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY