DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്നും ചാടി - ചെന്നുപ്പെട്ടത് ദ്വീപിനെ സ്നേഹിക്കുന്നവരുടെ മുമ്പില്‍

In main news BY Admin On 01 July 2018
മലപ്പുറം (01/07/2018): സമയം പാതിരാത്രി കഴിഞ്ഞു. മലപ്പുറം ചൈല്‍ഡ് ലൈന്‍ ഓഫീസ് പതിവ് പോലെ രാത്രിയും ഉണര്‍ന്നിരുന്നു. ട്ടോള്‍ ഫ്രീ നമ്പറിലേക്ക് അസമയത്ത് വന്ന ഫോണില്‍ മറുതലയ്ക്കലുള്ള ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരം കൗണ്‍സിലറായ മുഹ്സില്‍ പരിയെ അല്‍പം ആകാംഷഭരിതനാക്കി. അഗത്തി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ വാര്‍ഡന്‍റെ പീഢനത്തെ തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു. ലക്ഷദ്വീപിനെ ഏറെ സ്നേഹിക്കുന്ന അദ്ദേഹം കുട്ടികളെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അക്കരെ പച്ച തേടി കുട്ടികളെ വന്‍കരയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ അയക്കുന്ന രക്ഷിതാക്കള്‍ക്ക് ഒരു പാഠം കൂടിയാണിത്. ‌

അര്‍ദ്ധരാത്രി വാര്‍ഡന്‍ ഉറങ്ങികഴിഞ്ഞപ്പോള്‍ കുട്ടികള്‍ ബോർഡിങ് ഹോസ്റ്റലിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അലഞ്ഞു തിരിഞ്ഞ കുട്ടികൾ വാഹനങ്ങൾക്ക് കൈകാട്ടിയെങ്കിലും നിറുത്തിയില്ല. ഇതോടെ വീണ്ടും റോഡരികിലൂടെ നടന്നു. പടപ്പറമ്പിൽ എത്തിയപ്പോൾ ലോകക്കപ്പ് ഫുട്‌ബോൾ കളികണ്ടു മടങ്ങുന്ന ഒരു ഓട്ടോ ഡ്രൈവർ കുട്ടികളെ കണ്ട് നിർത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് ചൈൽഡ് ലൈൻ ശുപാര്‍ശപ്രകാരം കൊളത്തൂർ പൊലീസ് പോക്‌സോ ചുമത്തി ഹോസ്റ്റൽ വാർഡനെതിരെ കേസെടുത്തു. മമ്പാട് പള്ളിപ്പുറം സ്വദേശി റംസാൻ വഹാബിനെതിരെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ബന്ധുക്കള്‍ എത്തിയാല്‍ കുട്ടികളെ കൈമാറും. കുട്ടികള്‍ക്ക് അഗത്തി ദ്വീപ് ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്മിഷന്‍ നല്‍കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY