DweepDiary.com | ABOUT US | Thursday, 18 April 2024

അഞ്ചു തൊഴിലാളികളുമായി ചെത്‍ലാതില്‍ നിന്നും ബേപ്പൂരിലേക്കു പോയ ബോട്ട്​ കാണാതായി

In main news BY Admin On 26 April 2018
ബേപ്പൂര്‍: ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് പോയ ബോട്ടും മത്സ്യത്തൊഴിലാളികളെയും കാണാതായി. ബേപ്പൂര്‍ സ്വദേശി പനക്കല്‍ സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണപ്രിയ എന്ന മത്സ്യബന്ധന ബോട്ടും അതിലെ സ്രാങ്ക് ഉള്‍പ്പെടെയുള്ള ദ്വീപ് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെയുമാണ് കാണാതായത്. ബോട്ടിലെ സ്രാങ്കും ആന്ത്രോത്ത് ദ്വീപ് സ്വദേശിയുമായ പി പി തത്തിച്ചമ്മട മുഹമ്മദ് മുസമ്മില്‍ (35), മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (28), കണ്ണാത്തിമട വീട്ടില്‍ മുഹമ്മദ് ബഷീര്‍ (29), ചെട്ടപൊക്കട മുഹമ്മദ് അബ്ദുല്‍ റഊഫ് (20), കടമത്ത് ദ്വീപ് സ്വദേശിയായ റിയാസ് മന്‍സിലില്‍ കെ പി റിയാസ് ഖാന്‍ (30) എന്നിവരെയാണ് കാണാതായത്.

ചെത്തലത്ത് ദ്വീപിലേക്ക് കഴിഞ്ഞ 18ന് രാത്രി 11.30നാണ് ബേപ്പൂര്‍ തുറുമുഖത്ത് നിന്ന് ബോട്ട് പോയത്. കഴിഞ്ഞ 22ന് ദ്വീപില്‍ എത്തിയ ബോട്ട് മത്സ്യബന്ധനത്തിന് ശേഷം അന്ന് രാത്രി 10.30 ഓടെ ബേപ്പൂര്‍ തുറുമുഖം ലക്ഷ്യമാക്കി യാത്ര തിരിച്ചതായി ബോട്ടിലെ സ്രാങ്ക് മുഹമ്മദ് മുസമ്മില്‍ ബോട്ടുടമയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ബോട്ടിനെയും തൊഴിലാളികളെയും കുറിച്ച് വിവരങ്ങള്‍ ലഭ്യമാകാതിരുന്നത്. 24ന് ഉച്ചയോടെ തിരിച്ച് ബേപ്പൂര്‍ ഹാര്‍ബറിലെത്തേണ്ട ബോട്ട് നിശ്ചിത സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇവര്‍ക്കായി തിരച്ചില്‍ നടത്തണമെന്നാവശ്യപ്പെട്ട് ബോട്ടുടമ ഇന്നലെ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ക്കും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കും പരാതി നല്‍കി. ദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചെത്തലത്ത് ദ്വീപ് ഉള്‍ക്കടലിലും പരിസരങ്ങളിലും ലക്ഷദ്വീപ് മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്താല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്ക് ലക്ഷദീപ് എം.പി. ഫൈസ നേതൃത്വത്തിൽ നടപടി കൈക്കൊണ്ടതായും ഹാർബർ വികസന സമിതി പ്രസിഡൻറ് കരാച്ചാലി പ്രേമൻ പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY