DweepDiary.com | Friday, 15 December 2017

ഓഖി - സംഹാരം തുടങ്ങി, കല്‍പേനിയില്‍ 5ഉം മിനിക്കോയിയില്‍ 2 ഉം ബോട്ടുകള്‍ മുങ്ങി, ഹെലിപാടും, പുലിമൂട്ടും വെള്ളത്തിലായി, ദുരന്ത നിവാരണ സേന ഉടന്‍ അഗത്തിയില്‍

In main news / 01 December 2017
(വിവിധ ദ്വീപുകളിലെ വാര്‍ത്തകള്‍ അപഗ്രഥിച്ചത്): ഓഖയുടെ ഫലം ദ്വീപുകളില്‍ എത്തി തുടങ്ങി. ദ്വീപുകളില്‍ ശക്തമായ കാറ്റും കടല്‍ ക്ഷോപവും രൂക്ഷമായി. മിനിക്കോയിയില്‍ രാത്രിയോടെ ശക്തമായ പേമാരി തുടങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ താമസയിടമായ "അമ്പത് ഏക്കറില്‍" മരങ്ങള്‍ കടപുഴകി ക്വാട്ടേയ്സുകള്‍ക്ക് സാരമായ നാശം സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക റോഡുകള്‍ ഏതാണ്ട് മരം വീണും മറ്റും ബ്ലോക്ക് ആയിരിക്കുകയാണ്. തുറമുഖ വകുപ്പിന്‍റെ രണ്ട് ബോട്ടുകള്‍ എംഎല്‍ പൂകുട്ടി, ഭീം എന്നിവ മുങ്ങിയതായി സ്ഥലം പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. നിരവധി തെങ്ങുകള്‍ കടപുഴകുകയും 35 പേരേ വിവിധ സ്കൂളുകളിലേക്ക് മാറ്റുകയും ചെയ്തു. തീരപ്രദേശങ്ങളിലെ വീടുകള്‍ക്ക് കടല്‍ക്ഷോപത്തില്‍ കേട് പറ്റിയിട്ടുണ്ട്. ചിലവീടുകളുടെ മേല്‍കൂര കാറ്റില്‍ പറന്നു പോയതായി പരിസരവാസികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

കല്‍പേനി ദ്വീപില്‍ പുലിമൂട്ടില്‍ നങ്കൂരമിട്ട് കിടന്ന അഞ്ച് ബോട്ടുകള്‍ കടലില്‍ മുങ്ങി. ഇതില്‍ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ബേബി, അസദുള്ളാ, ഹീറാ, സംസം, ബിസ്മി എന്നീ ബോട്ടുകളാണ് മുങ്ങിയത്. അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏതാണ്ട് 50 തെങ്ങുകള്‍ കടപുഴകിയിട്ടുണ്ട്. പുലിമുട്ടും ഹെലിപാടും കടലില്‍ മുങ്ങിയതായി സ്ഥിതീകരിച്ചിട്ടുണ്ട്. ഒരു വീട് തകര്‍ന്നു. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് രാത്രി തന്നെ മാറ്റിയിട്ടുണ്ട്.

ദ്വീപുകളിലേക്ക് ദുരന്ത നിവാരണ സേനയിലെ 45 പേരടങ്ങിയ പ്രത്യേക വിമാനം അഗത്തിയിലേക്ക് ഉടന്‍ എത്താന്‍ സാധിക്കുമെന്നാണ് അവസാനം ലഭിച്ച വിവരം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY