DweepDiary.com | ABOUT US | Thursday, 25 April 2024

കേരളത്തിന്‍റെ മത്സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ത്ത കപ്പല്‍ മിനിക്കോയി കപ്പല്‍ചാലിനടുത്ത് കോസ്റ്റ്ഗാര്‍ഡ് പിടിച്ചു

In main news BY Admin On 11 June 2017
കൊച്ചി (11/06/2017): കൊച്ചിയില്‍ മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ച് രണ്ട് പേരുടെ മരണത്തിന് കാരണമായ വിദേശ കപ്പല്‍ ആംബര്‍ എല്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടി. കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ കാര്‍മല്‍ മാതാ എന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്ത ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ലക്ഷദ്വീപ്-മിനിക്കോയ് കപ്പല്‍ ചാലിനടുത്താണ് കസ്റ്റഡിയിലെടുത്ത ഈ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഉച്ചയോടെ തകര്‍ന്ന ബോട്ട് കൊച്ചിയിലേക്കു എത്തിക്കാനാണ് കോസ്റ്റ്ഗാര്‍ഡ് ശ്രമിക്കുന്നത്. പുതുവൈപ്പിനില്‍നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.
അതേസമയം ഈ കപ്പലിനു അമേരിക്കന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ വിലക്കുള്ളതായി പോലീസ് കണ്ടെത്തി. വെസല്‍ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നതിനാലായിരുന്നു നടപടി. തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. വിദേശകപ്പല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതെന്തിനെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

അപകടത്തില്‍ രണ്ടു പേര്‍ കൊല്ളപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ എത്തിയവരാണ് രക്ഷപ്പെടുത്തിയത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY