DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി മുതിര്‍ന്ന ബി‌ജെ‌പി നേതാവ് ഫാറൂഖ് ഖാന്‍ നിയമിതനായി

In main news BY Admin On 17 August 2016
ന്യൂഡല്‍ഹി (17/08/2016): നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ലക്ഷദ്വീപിലേക്ക് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. വിരമിച്ച ഐ‌പി‌എസ് ഓഫീസര്‍ ഫാറൂഖ് ഖാന്‍ ആണ് ലക്ഷദ്വീപിന്‍റെ മുപ്പത്തി നാലാമത് അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്. ഇന്ന്‍ വൈകുന്നേരം നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലായം സ്ഥിതികരിച്ചു. കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ആദ്യമായാണ് ഐ‌എ‌എസ് പദവിയില്ലാത്ത വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഇതിനുള്ള അധികാരം ഉണ്ടായിരിക്കെ നിയമ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. ജനകീയനായ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ വിജയകുമാര്‍ ഐ‌എ‌എസിനെ ഡല്‍ഹിയിലേക്ക് മാറ്റിയ ഒഴിവിലേക്ക് ഡല്‍ഹിയിലെ മിസോറാം ഹൌസിലെ റസിഡന്‍ഷ്യല്‍ കമ്മീഷണറായിരുന്ന ഡോക്ടര്‍ റണ്‍ബീര്‍ സിങ്ങിനെ നിയമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കുന്നത് അനുസ്യൂതം നീണ്ടു. ദാമന്‍ ദിയു അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.വിക്രം ദേവ് ദത്ത് IAS ആണ് താല്‍കാലിക ചുമതല വഹിക്കുന്നത്. News copied from www.dweepdiary.com

ജമ്മു-കാശ്മീരിലെ ഷേര്‍-ഇ-കാശ്മീര്‍ പോലീസ് അക്കാദമിയുടെ ചുമതലയിലായിരിക്കെ ഇന്‍സ്പെക്ടര്‍ ജനറലായ് വിരമിച്ച ഈ പോലീസുകാരന്‍ നിലവില്‍ നാഗാലാന്‍ഡ് അടക്കമുള്ള നോര്‍ത്ത്-ഈസ്റ്റ് മേഖലയിലെ ബി‌ജെ‌പി സെക്രട്ടറി, ന്യൂനപക്ഷ മോര്‍ച്ച എന്നിവയുടെ ചുമതല വഹിക്കുന്നു. ജമ്മു കാശ്മീരിലെ ബി‌ജെ‌പിയുടെ മുന്‍ ഔദ്യോഗിക വക്താവ് കൂടിയായിരുന്നു അദ്ദേഹം. 1994 ബാച്ച് ഐ‌പി‌എസ് ഉദ്യോഗസ്ഥനായ ഖാന്‍ 2013ലാണ് വിരമിച്ചത്. 1996'ല്‍ പരിശുദ്ധ ഹസ്രത്ത് ബാല്‍ (പരിശുദ്ധ തിരുമുടി) മഖ്ബറ പിടിച്ചെടുത്ത 18 തീവ്രവാദികളെ തുരത്താന്‍ നേതൃത്വം നല്‍കി. എന്നാല്‍ പിന്നീട് നടന്ന പത്രിബാല്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തില്‍ വിവാദത്തില്‍ കുടുങ്ങി. അഞ്ച് സാധാരണക്കാരെ ജീവനോടെ ചുട്ടു കൊന്നു എന്നാണ് ആരോപണം. എന്നാല്‍ 2003'ല്‍ സി‌ബി‌ഐ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി. പ്രത്യേക ഭരണഘടനയും പതാകയുമുള്ള ജമ്മു കാശ്മീരിലെ ആദ്യത്തെ പ്രസിഡന്റായിരുന്നു അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ കേണല്‍ പീര്‍ മുഹമ്മദ്. വജ്ജഹത്ത് ഹബീബുള്ളയ്ക്ക് ശേഷം ലക്ഷദ്വീപിലെ രണ്ടാമത്തെ മുസ്ലീം അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവിയും അദ്ദേഹത്തിനായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY