DweepDiary.com | ABOUT US | Thursday, 25 April 2024

ഹെലി-ആംബുലന്‍സ് കേടായിട്ട് ആറ് ദിനം - മിനിക്കോയിയില്‍ രോഗി മരിച്ചു - സഹായവുമായി നാവികസേന കുതിച്ചെത്തി

In main news BY Admin On 25 June 2016
മിനിക്കോയ് (24/06/2016): സ്വാതന്ത്രം കിട്ടിയിട്ട് 60 പതിറ്റാണ്ടുകള്‍ക്കപ്പുറം ഭാരതം എത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു ഭരണം നടത്തുന്ന ലക്ഷദ്വീപില്‍ നിന്ന്‍ ഇങ്ങനേയുള്ള വാര്‍ത്തകള്‍ ഉയരുന്നുണ്ടെങ്കില്‍ നിസ്സംശയം ആര്‍ക്കും പറയാവുന്നതാണ് ഭരണ-ഉദ്യോഗസ്ഥ കെടുകാര്യസ്ഥത. ലക്ഷദ്വീപ് ഭരണകൂടം അടിയന്തിര മെഡിക്കല്‍ ആംബുലന്‍സായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ രണ്ടും കേടായിട്ട് ഒരാഴ്ചയോളമായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടന്നത് കാരണം നഷ്ടമായത് ഒരു കുടുംബനാഥനാണ്. മിനിക്കോയ് സ്വദേശി ഗബ്രിഗേ മുഹമ്മദിനേയാണ് (68) അധികൃതര്‍ ദാരുണമായി മരണത്തിന് നല്‍കിയത്. ഹൃദ്രോഗിയായിരുന്ന മുഹമ്മദ് മിനിക്കോയ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു. ഗുരുതരമായ അവസ്ഥയിലായതിനാല്‍ മെഡിക്കല്‍ ഓഫീസര്‍ കൊച്ചിയിലേക്ക് അടിയന്തിര ഇവാക്വേഷന് ഹെലി-ആംബുലന്‍സിന് വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഹെലികോപ്റ്ററുകള്‍ രണ്ടും പ്രവര്‍ത്തനരഹിതമായിരുന്നു. ലക്ഷദ്വീപ് വ്യോമ-തുറമുഖ വകുപ്പ് പെട്ടെന്ന് അവ നന്നാക്കാനോ നാവിക സേനയുടെ സഹായം അഭ്യര്‍ത്ഥിക്കാനോ കൂട്ടാക്കിയില്ല. വളരെ വൈകി നാവിക സേനയോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഹെലിപ്പാടില്‍ വെച്ചു തന്നെ മുഹമ്മദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ മറ്റു രണ്ടു രോഗികളെ നാവിക സേനയുടെ സഹായത്തോടെ അഗത്തി വഴി കൊച്ചിയിലെത്തിച്ചു.

വ്യാഴാഴ്ച വൈകീട്ട് (23/06/2016) സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിഴാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് നിന്നും ഒരു ഡോണിയര്‍ വിമാനം അഗത്തിയിലേക്കും നേവി ഹെലികോപ്റ്റര്‍ വടക്കന്‍ ദ്വീപായ കില്‍ത്താനിലേക്ക് കുതിച്ചെത്തുകയായിരുന്നു. അടിയന്തിര വൈദ്യ സഹായം കാത്തു കിടക്കുന്ന ഒമ്പത് മാസം പ്രായമായ മുഫീദ മിസ്രിയ എന്ന കുഞ്ഞിനേയും എഴുപതുകാരിയായ മാലിഹ എന്ന സ്ത്രീയേയും അഗത്തിയിലെത്തിക്കുകയായിരുന്നു. അഗത്തിയില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച നേവി ഡോണിയര്‍ വിമാനം രോഗികളെ നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നു. ഉടനെ എര്‍ണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര വൈദ്യ സഹായം നല്‍കി. തുടയെല്ല് പൊട്ടിയതിനെത്തുടര്‍ന്ന് നാല് ദിവസമായി മുഫീദ മിസ്രിയ വേദന തിന്നുകയായിരുന്നു. എഴുപതു വയസ്സുകാരി മാലിഹയാവട്ടെ നാട്ടെല്ലിനേറ്റ ക്ഷതം കാരണം അടിയന്തിര ചികില്‍സ തേടിയെത്തിയതാണ്. ഏതാനും വര്‍ഷം മുമ്പ് അമിനി സ്വദേശിയും മലയാള അദ്ധ്യാപകനുമായ ശൈക്കോയ എയര്‍ ആംബുലന്‍സ് വൈകിയതിനെത്തുടര്‍ന്ന് യാത്രാ മദ്ധ്യേ മരണപ്പെട്ടിരുന്നു. കമാന്‍ഡര്‍ വി‌വി മണി, ലെഫ്റ്റനന്‍റ് ആര്‍‌സി വിഷ്ണു, ലെഫ്റ്റനന്‍റ് കേണല്‍ വൈ‌കെ അജിത് സിങ്ങ്, ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ എസ്‌എസ് ദാഷ്, ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ആര്‍‌കെ ശര്‍മ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഇതിനിടെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്തു പ്രതിഷേധമാണ് ഉയര്‍ത്തിയത്. സംഭവം എന്‍‌സി‌പിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പ്രധാന മന്ത്രി മോഡി പറഞ്ഞ സോമാലിയ കേരളമല്ല ലക്ഷദ്വീപ് എന്നാണ് ആന്ത്രോത്തിലെ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചത്. ദ്വീപില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും ലക്ഷദ്വീപ് എം‌പി ബസ് ഫ്ലാഗ് ഓഫ് ചെയ്തു കളിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയയിലെ ഫ്രീക്കന്‍മാരുടെ ചോദ്യം. ഭരണപക്ഷം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY