DweepDiary.com | ABOUT US | Friday, 29 March 2024

"LDF വന്നു ദ്വീപുകാര്‍ക്ക് ശരിയായി തുടങ്ങി" - ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു

In main news BY Admin On 23 June 2016
കൊച്ചി (23/06/2016): ഓട്ടോക്കാരും ടാക്സിക്കാരുടേയും ചൂഷണത്തിന് അറുതി വരുത്തിക്കൊണ്ട് ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി കേരള സര്‍ക്കാരിന്‍റെ ബസുകള്‍ ഓടിത്തുടങ്ങി. ഇന്ന്‍ ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ വിജയ കുമാര്‍ ഐ‌എ‌എസും ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലും സംയുക്തമായി സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഏതാനും ദിവസം നടന്ന പൊടുചടങ്ങില്‍ വെച്ചു മുഹമ്മദ് ഫൈസലാണ് ഈ ആവശ്യം കേരളാ ഗതാഗത മന്ത്രി എ‌കെ ശശീന്ദ്രന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ മന്ത്രി കനിയുകയായിരുന്നു (ഈ വാര്‍ത്ത കാണാന്‍ ക്ലിക്ക് ചെയ്യുക). ലക്ഷദ്വീപിലെ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ വന്‍ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ വരവേറ്റത്. സാമൂഹ്യ മാധ്യമങ്ങളില്‍ എന്‍‌സി‌പി അനുഭാവികള്‍ മുഹമ്മദ് ഫൈസലിനെ പുകഴ്ത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ എല്‍‌ഡിഎഫിന്‍റെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമാണ് ഉപയോഗിച്ചത്. LDF വന്നെന്നും ദ്വീപുകാര്‍ക്ക് പലതും ശരിയായി തുടങ്ങിയെന്നുമുള്ള കമന്‍റുകളാണ് അവര്‍ ഉയര്‍ത്തിയത്.

ചെറുതും വലുതുമായ ഏഴ് യാത്രാകപ്പലുകളുടെ ഇരുപത്തൊന്നോളം സര്‍വീസാണ് പ്രതിമാസം ലക്ഷദ്വീപിനും കൊച്ചിക്കും ഇടയിലായി നടക്കുന്നത്. 750 യാത്രക്കാര്‍വരെ കപ്പലിറങ്ങുന്ന വാര്‍ഫില്‍നിന്ന് നഗരത്തിലേക്കു പോകാന്‍ ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം. ഒരു സര്‍വീസ് മതിയാകില്ലെന്നും കൂടുതല്‍ സര്‍വീസിനായി ശ്രമം തുടരുമെന്നും ഫൈസല്‍ പറഞ്ഞു. ഡിടിഒ ജയമോഹന്‍, എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ ടി പി പീതാംബരന്‍ മാസ്റ്റര്‍, ജിമ്മി ജോര്‍ജ്, സംസ്ഥാന സെക്രട്ടറി പി ജെ കുഞ്ഞുമോന്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രദീപ് പാറപ്പുറം, ലക്ഷദ്വീപ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY