DweepDiary.com | ABOUT US | Thursday, 25 April 2024

കൊള്ളക്കാര്‍ക്ക് വീണ്ടും പണി - "വാര്‍ഫില്‍ നിന്നും എര്‍ണാകുളം വരെ കെ‌എസ്‌ആര്‍‌ടി‌സി ബസ് ഏര്‍പ്പെടുത്തും" - മന്ത്രി

In main news BY Admin On 20 June 2016
കൊച്ചി (20/06/2016): കൊച്ചിയിലെ കൊള്ളക്കാര്‍ എന്ന്‍ വിശേഷിപ്പിക്കുന്ന ഓട്ടോക്കാര്‍ക്ക് ലക്ഷദ്വീപുകാര്‍ ഓണ്‍ലൈന്‍ ടാക്സി വഴി പണികൊടുത്തത് ഈ മാസം ആദ്യം വാര്‍ത്തയായിരുന്നു (വാര്‍ത്ത കാണാന്‍ ക്ലിക്ക് ചെയ്യുക). ഇപ്പോള്‍ ഇതാ കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി വഴി വീണ്ടും പണി. വാര്‍ഫ് മുതല്‍ എര്‍ണാകുളം വരെ കെ‌എസ്‌ആര്‍‌ടി‌സി ബസ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു. ഇന്നലെ കൊച്ചിയില്‍ നടന്ന എന്‍‌സി‌പി നേതാക്കളുടെ സമ്മേളനത്തില്‍ ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസലിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി എ‌കെ ശശീന്ദ്രന്‍ ദ്വീപുകാര്‍ക്ക് കപ്പല്‍ ഷെഡ്യൂള്‍ അനുസരിച്ച് കെ‌എസ്‌ആര്‍‌ടി‌സി ചാര്‍ട്ട് ചെയ്യാന്‍ സമ്മതം മൂളിയത്. ഇതോടെ ഓട്ടോക്കാരുടെ കാര്യത്തില്‍ തീരുമാനമായി.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കാര്യക്ഷമമാക്കുമെന്നും ജലഗതാഗതമേഖല നവീകരിക്കുകയും പുതിയ ബോട്ടുകള്‍ സര്‍വീസിനായി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു. എറണാകുളം ടൌണ്‍ഹാളില്‍ നടന്ന സമ്മേളനം എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി അബ്ദുള്‍ അസീസ് അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍, ജനറല്‍ സെക്രട്ടറി ജിമ്മി ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ കുഞ്ഞുമോന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, ചെറിയാന്‍ ഫിലിപ്പ്, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY