DweepDiary.com | ABOUT US | Saturday, 20 April 2024

"എല്‍‌ഡി ക്ലര്‍ക്ക് നിയമനം" വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു..

In job and education BY Admin On 21 October 2014
കവരത്തി: വീണ്ടും വിവാദങ്ങളുമായി ലക്ഷദ്വീപ് സര്‍വീസ് വകുപ്പ്. കഴിഞ്ഞ എല്‍‌ഡി‌സി നിയമനം സ്പീഡ് ടെസ്റ്റിനുള്ള ചോദ്യം ഇന്‍റര്‍നെറ്റില്‍ നിന്നും അതേപടി പകര്‍ത്തിയതെന്നും സര്‍വീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്ക് വേണ്ടി ഈ ചോദ്യം നേരത്തെ തന്നെ ഫോട്ടോ കോപ്പി എടുത്ത് നല്‍കിയിരുന്നുവെന്നുമുള്ള ആരോപണങ്ങളും, നിഷ്പക്ഷമായ അന്വേഷണത്തിന് പരീക്ഷ നടത്തിയ വകുപ്പ് തലവന്‍ തന്നെ അന്വേഷണ ചുമതല വഹിക്കുകയും 'തെറ്റായതൊന്നും കണ്ടില്ല' എന്ന അദ്ദേഹത്തിന്‍റെ 'നിഷ്പക്ഷമായ' റിപ്പോര്‍ട്ടുമാണ് കഴിഞ്ഞ നിയമന കാലം നാം കണ്ടത്. ഒടുവില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷ അനിശ്ചിതത്വത്തില്‍ അവസാനിക്കുകയും ഈ പ്രശ്നത്തിനെതിരെ പ്രതികരിച്ച 'സ്വതന്ത്ര' (?) വിദ്യാര്‍ത്ഥി സംഘടന അനക്കമറ്റുപോവുകയും ചെയ്തു. പാവം ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിലായി. ഇപ്രാവശ്യം എഴുത്തു പരീക്ഷയുടെ ഫലം വന്നപ്പോള്‍ വിജയിച്ചവരുടെ പേരും റോള്‍ നമ്പറും നാടും മാത്രം! മാര്‍ക്കില്ല. യു‌പി‌എസ്‌സി, എസ്‌എസ്‌സി, മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങള്‍-സംസ്ഥാന സര്‍ക്കാരുകളുടെ നിയമന ബോര്‍ഡുകള്‍ തുടങ്ങിയവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്കിന്‍റെ വിവരങ്ങളും കൊടുക്കാറുണ്ട്. പരീക്ഷയുടെ സുതാര്യത ഉറപ്പിക്കാന്‍ വേണ്ടി ഓ‌എം‌ആര്‍ ഷീറ്റിന്‍റെ കാര്‍ബണ്‍ കോപ്പി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ സര്‍വീസ് വകുപ്പ് ഫലത്തിന്‍റെ കാര്യത്തില്‍ എന്താണ് ഈ ചുവടുമാറ്റമെന്ന്‍ ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു. കൂടാതെ ഇപ്രാവശ്യം സ്പീഡ് ടെസ്റ്റിന് ഉദ്യോഗാര്‍ത്ഥികള്‍ കൊച്ചിയിലെ കളമശേരി പോളിടെക്നിക് സ്കൂള്‍ വരെ പോകണം. ലക്ഷദ്വീപില്‍ സ്പീഡ് ടെസ്റ്റ് നടത്താന്‍ സൌകര്യമുണ്ടായിട്ടും ഉദ്യോഗാര്‍ത്ഥികളെ കൊച്ചിയിലേക്ക് അയക്കുന്നതില്‍ സര്‍വീസ് വകുപ്പിന്‍റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. ദ്വീപന്‍ വനിതകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തു ശീലമില്ലാത്തത്തിനാല്‍ കൂടെ ഒരാള് കൂടി പോകേണ്ടി വരും. കൊച്ചിയിലെ യാത്ര, താമസ, ഭക്ഷണ ചെലവുകള്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. കൊച്ചിയിലേക്ക് പോകാന്‍ കപ്പല്‍ ടിക്കറ്റ് ബ്ലോക് ചെയ്ത തുറമുഖ വകുപ്പ് തിരിച്ച് വരുന്ന കപ്പലിനെക്കുറിച്ച് പരാമര്‍ശിക്കാത്തത്തിലും ഉദ്യോഗാര്‍ത്ഥികള്‍ അങ്കലാപ്പിലാണ്. ഇതോടെ കഷ്ടപ്പെട്ട് പഠിച്ച് എഴുത്തു പരീക്ഷ വിജയിച്ച ചില ഉദ്യോഗാര്‍ത്ഥികള്‍ സ്പീഡ് ടെസ്റ്റിന് പോകുന്നതില്‍ നിന്ന്‍ പിന്മാറി. ലക്ഷദ്വീപിലെ ബന്ധപ്പെട്ട യുവജന സംഘടനകളും ഇതുവരേയായി ഈ പ്രശ്നത്തില്‍ പ്രതികരിക്കാത്തതും ഉദ്യോഗാര്‍ത്ഥികളെ നിരാശരാക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY