DweepDiary.com | ABOUT US | Friday, 26 April 2024

സോഷ്യോളജിയിലും ഹിന്ദിയിലും ആദ്യ JRF'കാരായി രണ്ടു യുവ പ്രതിഭകള്‍

In job and education BY Admin On 25 April 2014
ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ലക്ഷദ്വീപിനു അഭിമാന നേട്ടം. ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ ആദ്യമായി സോഷ്യോളജിയിലും ഹിന്ദിയിലും JRF നേടിക്കൊണ്ട് രണ്ടു യുവ പ്രതിഭകള്‍ ചരിത്രം സ്യഷ്ടിച്ചു. കടമത്ത് ദ്വീപിലെ അലിഫ് ജലീലും കല്‍പേനി ദ്വീപ് സ്വദേശിയായ ശര്‍ഷാദ് ഖാനുമാണ് ഈ ചരിത്ര നേട്ടത്തിന് അര്‍ഹരായത്. ലക്ഷദ്വീപിലെ ആദ്യ ഹിന്ദി "ജെ‌ആര്‍‌എഫ്" കാരനായി ഇനി അറിയപ്പെടുക കല്‍പേനി സ്വദേശി ശെര്‍ഷാദ് ഖാനായിരിക്കും. അതുപോലെ സോഷ്യോളജിയിലെ ആദ്യ ജെ‌ആര്‍എഫുകാരനായി അലിഫ് ജലീലും. ഇന്ത്യ ഒട്ടാകെ 72 വിഷയങ്ങളിലായി ലക്ഷക്കണക്കിന് പേര്‍ പരീക്ഷ എഴുതിയപ്പോള്‍ കേവലം 15% പേരെ മാത്രമെ ലക്ചര്‍ഷിപ്പിന് തെരെഞ്ഞെടുക്കാവൂ എന്ന പുതിയ രീതിയില്‍ പല പ്രഗല്‍ഭരായ വിദ്യാര്‍ത്ഥികളും കടമ്പ കടക്കാനാവാതെ വിഷമിക്കുന്നു. എസ്ടി വിഭാഗത്തില്‍ ഇന്ത്യ ഒട്ടാകെ 240 പേര്‍ വിവിധ വിഷയങ്ങളിലായി ജെ‌ആര്‍‌എഫ് നേടിയപ്പോള്‍ ലക്ഷദ്വീപില്‍ നിന്നും ശെര്‍ഷാദും അലിഫ് ജലീലും മാത്രമാണ് ജെ‌ആര്‍എഫും നെറ്റും നേടിയതായി റിപ്പോര്‍ട്ട് ലഭിച്ചത്.

തന്‍റെ മൂന്നാം ഉദ്യമത്തിലാണ് ശെര്‍ഷാദ് ഖാന്‍ എന്ന ഈ ഗവേഷണ വിദ്യാര്‍ത്ഥി മറ്റുള്ളവര്‍ക്ക് സാധ്യമാകാത്തത് കൈപ്പിടിയിലാക്കി ചരിത്രം സ്യഷ്ടിച്ചത്. 2013 ഡിസംബര്‍ 29നു നെറ്റ് (NET) പരീക്ഷയ്ക്കായി തന്‍റെ മൂന്നാം ഊഴത്തിനിറങ്ങുമ്പോള്‍ ശര്‍ഷാദ് മനസിലുറപ്പിച്ചു, ഇപ്രാവശ്യം താന്‍ ദൌത്യം കരസ്ഥമാക്കുമെന്ന്. എന്നാല്‍ ഫലം വന്നപ്പോള്‍ തന്‍റെ ആത്മവിശ്വാസത്തിനും ഒരുപിടി മുന്നിലായി ജെ‌ആര്‍എഫും കൂടി ലഭിച്ചത്. കോഴിക്കോട് സര്‍വ്വകലാശാല കേന്ദ്രമായി പരീക്ഷ എഴുതിയ ഹിന്ദി വിഭാഗത്തിലെ 600 ഓളം വിദ്യാര്‍ത്ഥികളില്‍ ആകെ 8 നെറ്റും ഒരു ജെ‌ആര്‍‌എഫുമാണ് ലഭിച്ചത്. പരേതനായ എംസി. ആറ്റകോയയുടേയും അമിനി ദ്വീപില്‍ ജോലി ചെയ്യുന്ന പ്രൈമറി സ്കൂള്‍ അധ്യാപിക എം. ബീബി ടീച്ചറുടേയും മകനാണ് ശര്‍ഷാദ്. ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഹിന്ദി സാഹിത്യത്തില്‍ പി.എച്ച്.ഡി. ചെയ്യുന്നു.

പോണ്ടിച്ചേരിയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ പഠിക്കുന്ന അലിഫ് ജലീലിന്‍റെ ബി‌എസ്‌എന്‍‌എല്‍ നമ്പറിലേക്ക് ഞങ്ങള്‍ വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ പ്രായം തോന്നിക്കാത്ത ഒരു നനുത്ത ശബ്ദം കേട്ടു. ദ്വീപ് ഡയറിയില്‍ നിന്നാണന്നറിഞ്ഞപ്പോള്‍ സന്തോഷം, ആഹ്ലാദം. പിന്നെ ദ്വീപ് ഡയറി കുടുംബത്തെ അശേഷം ആശ്ലേഷിച്ച ജലീല്‍ ഏറെ വാചാലനായി. കടമത്ത് ദ്വീപിലെ കീളാസുറാമ്പി പാത്തുമ്മാബീയുടേയും ഫൈബര്‍ഫാക്ടറിയിലെ മള്‍ട്ടി ടാസ്ക് എംപ്ലോയിയായ കെ‌എസ് ജലീലിന്‍റെയും മകനാണ് അലിഫ്. പ്രാഥമിക വിദ്യാഭ്യാസം കടമത്തും എസ്‌എസ്‌എല്‍‌സിയും സയന്‍സിലുള്ള +2 സി‌ബി‌എസ്‌ഇ വിഭാഗത്തില്‍ കവരത്തിയില്‍ നിന്നും സ്വന്തമാക്കി. കടമത്ത് ദ്വീപിലുള്ള കോഴിക്കോട് സര്‍വ്വകലാശാല കേന്ദ്രത്തില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലുള്ള ബിരുദം കരസ്ഥമാക്കിയ അലിഫ് പിന്നീട് അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയിലൂടെ പോണ്ടിച്ചേരി കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജിക്ക് ചേരുകയായിരുന്നു. ഇംഗ്ലീഷിന് പഠിക്കുമ്പോള്‍ ഇ-സോണ്‍ കലോല്‍സവത്തില്‍ സര്‍ഗ പ്രതിഭ, കലാപ്രതിഭ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ ലഭിച്ചു. ആദ്യ ഉദ്യമത്തില്‍ തന്നെ ജലീല്‍ ജെ‌ആര്‍‌എഫ് നേടി. തന്‍റെ വിജയം മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നതായി ഈ ഇരുപത്തിരണ്ടുകാരന്‍ പറയുമ്പോള്‍ നേരത്തെയുള്ള വാചാലത മാറി സന്തോഷ അശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു.

ഡിസംബറില്‍ പൂത്ത രണ്ടു കുസുമങ്ങള്‍ക്കും ദ്വീപ് ഡയറിയുടെ സ്നേഹാദരങ്ങള്‍...

SHARE YOUR FEEDBACK

RECENT IN THIS CATEGORY