DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിൽ കേന്ദ്ര സർവ്വകലാശാല കോഴ്സുകൾ ആരംഭിക്കാൻ അനുമതി - പുതുച്ചേരി സർവ്വകലാശാല കോഴ്സുകൾ കടമത്തിലും മിനിക്കോയ് ദ്വീപിലും

In job and education BY Atta koya On 27 July 2021
കവരത്തി: പുതുച്ചേരിയിലെ കേന്ദ്ര സർവ്വകലാശാല ലക്ഷദ്വീപിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് അനുമതി നൽകി. ബാച്ചിലർ ഓഫ് വോക്കേഷൻ വിഭാഗത്തിലെ കോഴ്സുകൾ കടമത്ത് ദ്വീപിലും ഈ വിഭാഗത്തിലെ ഡിപ്ലോമ കോഴ്സുകൾ മിനിക്കോയ് ദ്വീപിലും ആരംഭിക്കും. കടമത്ത് ദ്വീപിൽ മൂന്ന് വർഷം ദൈർഘ്യമുള്ള ടൂറിസം കോഴ്സുകളും സോഫ്റ്റ്വെയർ വികസന സംബന്ധമായ കോഴ്സുകളും അനുവദിക്കും. മിനിക്കോയ് ദ്വീപിൽ ഒരു വർഷം ദൈർഘ്യമുള്ള കാറ്ററിങ്ങ് ആൻഡ് ഹോസ്പിറ്റിലിറ്റി, മറൈൻ കോഴ്സുകൾ, മറൈൻ മേഖലയുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് കോഴ്സുകൾ, മെക്കാനികൽ എഞ്ചിനിയറിങ്ങ് തുടങ്ങിയവ ആരംഭിക്കും. കോഴ്സുകൾ ഈ അക്കാദമിക വർഷം തന്നെ തുടങ്ങുമെന്ന് ദ്വീപ് ഭരണകൂടത്തിലെ വിദ്യാഭ്യാസ വൃത്തങ്ങൾ ദ്വീപ് ഡയറിയോട് പറഞ്ഞു.

എന്നാൽ കടമത്ത് ദ്വീപിൽ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് സർവ്വകലാശാല കേന്ദ്രം കേന്ദ്ര സർവ്വകലാശാലയുടെ കോഴ്സ് നടത്താൻ ഉപയോഗിക്കാമെങ്കിൽ മിനിക്കോയ് ദ്വീപിൽ ഇതിനായി കെട്ടിടമില്ല. നിലവിൽ ലോവർ പ്രൈമറി സ്കൂളായ ജൂനിയർ ബേസിക് സ്കൂൾ മിനിക്കോയ് ആണ് ഇതിനായി തെരഞ്ഞെടുത്തത് എന്ന് സ്കൂൾ ഹെഡ്മാസ്റ്ററെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ട്. മിനിക്കോയിയിൽ ചില സ്കൂളുകൾ ഭരണകൂടം അടച്ച് പൂട്ടിയതിൽ രക്ഷകർത്താക്കളുടെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഈ സ്കൂൾ കൂടി ഭരണകൂടം മറ്റാവശ്യങ്ങൾക്ക് വക മാറ്റിയാൽ പ്രൈമറി വിദ്യാഭ്യാസം താറുമാറാകും എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY