DweepDiary.com | ABOUT US | Friday, 19 April 2024

ആന്ത്രോത്ത് കേന്ദ്രത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി ആരോപണം - വിദ്യാര്‍ത്ഥികള്‍ പക വീട്ടുകയാണെന്ന് അധികൃതര്‍

In job and education BY Admin On 21 June 2016
ആന്ത്രോത്ത് (21/06/2016): കോഴിക്കോട് സര്‍വകലാശാലയുടെ ആന്ത്രോത്ത് ദ്വീപ് കേന്ദ്രത്തില്‍ കഴിഞ്ഞ 16നു (16/06/2016) ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷ പേപ്പര്‍ ചോര്‍ത്തി എന്നാരോപണം. രണ്ടാം വര്‍ഷ B.Com'മിന്‍റെ നാലാം സെമെസ്റ്ററിന്‍റെ EDP (Entrepreneurship) എന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ 9ആം തീയതി തന്നെ കോളേജ് പ്രിൻസിപ്പൽ ചില വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് അനധികൃതമായി പൊട്ടിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എന്‍‌എസ്‌യു‌ഐ 'യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥലം സബ് ഡിവിഷണല്‍ ഓഫീസര്‍, പോലീസ് എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെതിനെത്തുടര്‍ന്ന് പോലീസും എസ്‌ഡി‌ഓ യും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ മേല്‍നടപടി സ്വീകരിച്ചില്ലെന്ന് എന്‍‌എസ്‌യു‌ഐ ആരോപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന്‍ എന്‍‌എസ്‌യു‌ഐ ഭാരവാഹികള്‍ ദ്വീപ് ഡയറിയോട് പ്രസ്താവിച്ചു.

എന്നാല്‍ എന്‍‌എസ്‌യു‌ഐ'യുടെ ആരോപണം പോലീസും അധികൃതരും മറ്റൊരു തരത്തിലാണ് എടുത്തിരിക്കുന്നത്. പോലീസിന്‍റെയും കോളേജിന്‍റെയും മറുപടി ഇങ്ങനെയൊക്കെയാണ്:- സംശയിക്കേണ്ട തരത്തിലുള്ള ഒന്നും തന്നെ കോളേജില്‍ നടന്നതായി മനസിലാക്കാന്‍ സാധിച്ചില്ല രണ്ടു രാഷ്ട്രീയ യൂണിയനുകള്‍ തമ്മിലുള്ള വൈരമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍ കോളേജ് സന്ദര്‍ശിക്കുന്നതിനെതിരെ എന്‍‌എസ്‌യു‌ഐ പ്രതിഷേധിക്കുകയും പരിപാടി അലങ്കോലമാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അച്ചടക്ക നടപടികളുടെഭാഗമായി ചില വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പാളിനോടുള്ള പകയാണ് പുതിയ സംഭവം. ചോദ്യം ചോര്‍ന്നു എന്ന്‍ വെച്ചാല്‍ തന്നെ രണ്ടാമത്തെ സെറ്റ് ചോദ്യങ്ങള്‍ ഉപയോഗിക്കാന്‍ വകുപ്പുണ്ടെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെ നീക്കം സംശയകരമെന്ന് പ്രിന്‍സിപ്പാളിന്‍റെ ഓഫീസ് ആരോപിക്കുന്നു. സര്‍വകലാശാല അന്വേഷിക്കട്ടെ എന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നുമാണ് പ്രിന്‍സിപ്പാളിന്‍റെ നിലപാട്.

ഒരു ഭാഗത്ത് എന്‍‌എസ്‌യു‌ഐ അതീവ ഗൌരവമുള്ള ആരോപണം ഉന്നയിക്കുമ്പോള്‍ അധികൃതര്‍ അത് രാഷ്ട്രീയ പകപോക്കലെന്ന് ആരോപിക്കുന്നു. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നും നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടായാലെ ഇനി സത്യം പുറത്തു കൊണ്ട് വരാന്‍ സാധിക്കുകയുള്ളു. എന്നാല്‍ സര്‍വകലാശാല കുറ്റകരമായ മൌനമാണ് ഈ വിഷയത്തില്‍ കാണിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY