DweepDiary.com | ABOUT US | Saturday, 20 April 2024

"ജൂലൈ 11 World Population Day" - ലോക ജനസംഖ്യ ദിനം പഠിക്കാന്‍ ചില കാര്യങ്ങള്‍

In interview Special Feature Article BY Admin On 20 July 2015
ജനക്കണക്ക് തുടങ്ങിയത് പുരാതന കാലം മുതല്‍ ജനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പ് നടന്നിരുന്നതായി കരുതുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീനകാലത്ത് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പറ്റിയവരുടെ കണക്ക് ഭരണാധികാരികള്‍ക്ക് ആവശ്യമായിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റോബര്‍ട്ട് മാല്‍ത്തസ് ജനസംഖ്യാപഠനങ്ങളുടെ പിതാവായി കരുതപ്പെടുന്നു. 1798ല്‍ "പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍" എന്ന പുസ്തകം അദ്ദേഹത്തെ പ്രശസ്തനാക്കി. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് "കാനേഷുമാരി" എന്ന വാക്ക് ഉണ്ടായത്. "വീട്ടുനമ്പര്‍" എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ "ഖനേ" എന്നാല്‍ "വീട്" എന്നര്‍ത്ഥം. "ഷൊമാരേ" എന്നാല്‍ "എണ്ണം" എന്നും. ഈ രണ്ടു പദങ്ങളും യോജിച്ചാണ് കാനേഷുമാരി ഉണ്ടായത്. ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വീടുകള്‍ക്ക് നമ്പറിടുന്ന പതിവില്‍ നിന്നാകാം ഈ വാക്ക് സെന്‍സസിന്റെ മറ്റൊരു പേരായി മാറിയത്. പഠിക്കുന്നവര്‍ക്കായി ചില കാര്യങ്ങള്‍ രേഖപ്പെടുത്തട്ടെ:-


1. 19ാം നൂറ്റാണ്ട് മുതലാണ് പല രാജ്യങ്ങളും ജനസംഖ്യ കണക്കെടുപ്പും ജനനമരണ രജിസ്ട്രേഷനും ആരംഭിച്ചു.
2. 1989 ജൂലൈ 11മുതലാണ് ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്.
3. 1987 ജൂലായ് 11നാണ് ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

4. ഡെമോഗ്രാഫി (ജനസംഖ്യാ ശാസ്ത്രം) ഒരു ശാസ്ത്രശാഖയായി വളര്‍ന്നു.
5. 1927ല്‍ ജനീവയില്‍ ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നു.
6. ആധുനിക രീതിയിലുള്ള കാനേഷുമാരി (സെന്‍സസ്) ആദ്യം നടന്നത് 18ാം നൂറ്റാണ്ടില്‍ . സ്വീഡന്‍ (1749), അമേരിക്ക (1790), ഇംഗ്ലണ്ട് (1801) എന്നീ രാജ്യങ്ങളാണ് ആദ്യം തുടങ്ങിയത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാവരില്‍ നിന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരേ സമയം ശേഖരിക്കുന്നു എന്നതാണ് കാനേഷുമാരിയുടെ പ്രത്യേകത.
7. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം 2025-ഓടെ ഇന്ത്യക്ക് ലഭിക്കും. 2050 പിറക്കുമ്പോള്‍ ലോക ജനസംഖ്യ 940 കോടിയോടടുക്കും. 42.3 കോടി ജനങ്ങളുമായി അമേരിക്ക മൂന്നാം സ്ഥാനത്തു തന്നെയായിരിക്കും.
8. 134 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്ത്. ചൈനയുടെ ജനസംഖ്യ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നേക്കും. ജപ്പാനും റഷ്യയും നിലവിലുള്ള ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍നിന്ന് 16, 17 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുമെന്നും പഠനത്തില്‍ പറയുന്നു.
9. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ധനയുണ്ടാവുക നൈജീരിയയിലും എത്യോപ്യയിലുമായിരിക്കും. ഇപ്പോള്‍ 16.6 കോടി പേരുള്ള നൈജീരിയയില്‍ 40.2 കോടിയായിരിക്കും അന്ന് ജനസംഖ്യ. എത്യോപ്യയുടേത് 9.1ല്‍നിന്ന് 27.8 കോടിയുമാകും. 228 രാജ്യങ്ങളിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

10. സെന്‍സസ് ഇന്ത്യയില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലത്തുതന്നെ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ചില പ്രദേശങ്ങളില്‍ ശ്രമം ആരംഭിച്ചിരുന്നു. ചോദ്യാവലിയും പട്ടികയും ഉപയോഗിച്ച് നടന്ന ആദ്യ സെന്‍സസ് 1872ല്‍ ആയിരുന്നു. ഇത് എല്ലായിടത്തും നടന്നില്ല. ഇന്ത്യയൊട്ടാകെ ഒരേ അടിസ്ഥാനത്തില്‍ സെന്‍സസ് നടന്നത് 1881ലാണ്.

11. ഇന്ത്യയില്‍ ഇതുവരെ 15 സെന്‍സസ് നടന്നു. സ്വതന്ത്ര്യ ഇന്ത്യയിലെ ഏഴാമത്തെ സെന്‍സസാണ് 2011-ല്‍ നടന്നത്. 1951-ലായിരുന്നു ആദ്യ സെന്‍സസ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ്. 2011-ലെ സെന്‍സസ് എല്ലാവീടുകളും ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിച്ചാണ് സെന്‍സസ് നടത്തുന്നത്. രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസുകളാണ് ഇന്ത്യയില്‍ സെന്‍സസ് നടത്തിപ്പിന്റെ ചുമതലക്കാര്‍.

12. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സെന്‍സസ് നടന്നത്. ആദ്യഘട്ടത്തില്‍ വീടുകള്‍ സംബന്ധിച്ച വിവരങ്ങളും പിന്നെ ജനസംഖ്യാവിവരങ്ങളും ശേഖരിച്ചു. ഇനി പുതിയ കണക്കുകള്‍ 2011 മാര്‍ച്ച് ഒന്നിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,21,01,93,422 (ഏതാണ്ട് 121 കോടി രണ്ട് ലക്ഷം). 2001നേക്കാള്‍ 181 മില്യണ്‍ കൂടുതലാണ് ഇത്. ജനസംഖ്യയില്‍ അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിനെക്കാള്‍ അല്‍പം കുറവ്. ഭൂവിസ്തൃതിയുടെ 2.42 ശതമാനം മാത്രമുള്ള ഇന്ത്യയില്‍ ലോക ജനസംഖ്യയുടെ 17.5 ശതമാനവും വസിക്കുന്നു. ലോകത്തെ ആറുപേരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍. ലോകത്ത് ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.

13. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ജനസംഖ്യ 17.64 ശതമാനം ഉയര്‍ന്നപ്പോള്‍ ചൈനയില്‍ വര്‍ദ്ധനവ് 5.43 ശതമാനം മാത്രം.

14. ഉത്തര്‍പ്രദേശ് മുന്നില്‍ 20 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശാണ് ജനസംഖ്യയില്‍ മുന്നിലുള്ള സംസ്ഥാനം. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്. സിക്കിമിലാണ് ഏറ്റവും കുറവ് ജനസംഖ്യ. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മുമ്പില്‍ ഡല്‍ഹിയും പിന്നില്‍ ലക്ഷദ്വീപുമാണ്.

15. സാക്ഷരതയില്‍ വീണ്ടും കേരളം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 74.04 ശതമാനം ഉയര്‍ന്നു. 2001-ല്‍ ഇത് 64.83 ആയിരുന്നു. പുരുഷ സാക്ഷരത 75.26-ല്‍ നിന്നും 82.14 ആയും സ്ത്രീ സാക്ഷരത 53.67-ല്‍ നിന്ന് 65.46 ആയും ഉയര്‍ന്നിട്ടുണ്ട്. കേരള(93.91)മാണ് സാക്ഷരതയില്‍ മുന്നില്‍ . ലക്ഷദ്വീപ് (92.28), മിസോറം (91.58) എന്നിവ തൊട്ടുപിറകെ. ബിഹാര്‍ (63.82), അരുണാചല്‍ പ്രദേശ് (66.95), രാജസ്ഥാന്‍ (67.06) എന്നിവ പിറകിലാണ്.

16. സ്ത്രീപുരുഷ അനുപാതം 2001ല്‍ ആയിരം പുരുഷന്മാര്‍ക്ക് 933 സ്ത്രീകള്‍ എന്നത് 2011ല്‍ 940 ആയി ഉയര്‍ന്നു. ലോകത്ത് ആകെ 1000 പുരുഷന്മാര്‍ക്ക് 984 സ്ത്രീകളാണ്. കേരളത്തിലും പോണ്ടിച്ചേരിയിലും മാത്രമാണ് സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ മുന്നില്‍ . സ്ത്രീ പുരുഷ അനുപാതം കേരളത്തിലെ എല്ലാ ജില്ലകളിലും പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. തൃശൂര്‍ (1109), കണ്ണൂര്‍ (1133), ആലപ്പുഴ (1100), പത്തനംതിട്ട (1129), കൊല്ലം (1113) എന്നീ ജില്ലകളാണ് മികച്ച സ്ത്രീപുരുഷ അനുപാതം ദൃശ്യമാകുന്നവ.
17. ഇന്ത്യയിലെ മികച്ച സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനം (1084) ഈ സെന്‍സസിലും കേരളം തന്നെ. ജനസാന്ദ്രത 2001ല്‍ കേരളത്തിലെ ജനസാന്ദ്രത 819 ആയിരുന്നുവെങ്കില്‍ 2011ല്‍ അത് 859ആയി. ജനസാന്ദ്രതയില്‍ തിരുവനന്തപുരം മുന്നിലെത്തി. (1509) ആലപ്പുഴയായിരുന്നു 2001ല്‍ . ആലപ്പുഴയുടേത് ഇപ്പോള്‍ 1501ആണ്. ഏറ്റവും കുറവ് ഇടുക്കിയിലും (254). സാക്ഷരത സാക്ഷരതയില്‍ കേരളത്തിനാണ് ഇത്തവണയും ഒന്നാംസ്ഥാനം (93.91). കേരളത്തിലെ മൂന്നുജില്ലകള്‍ 96 ശതമാനത്തിന് മുകളില്‍ സാക്ഷരതാ നിരക്കുള്ളവയാണ്. പത്തനംതിട്ട (96.93), കോട്ടയം (96.40), ആലപ്പുഴ (96.26) എന്നിവയാണ് അവ. കാസര്‍കോട് (89.85), വയനാട് (89.31), പാലക്കാട് (88.49) എന്നിവയാണ് പിന്നില്‍

18. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം


കടപ്പാട്: Block Resource Centre, Cheruvathur, കാസര്‍ക്കോട്. (http://brccheruvathur.blogspot.in/)

SHARE YOUR FEEDBACK

RECENT IN THIS CATEGORY