DweepDiary.com | ABOUT US | Sunday, 08 September 2024

കാത്തുമ്പി (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)

In interview Special Feature Article BY Web desk On 07 August 2024
ആരെ കാറിത്തുപ്പി എന്നാണ് പറയുന്നത്. തേന്മാവിൻ കൊമ്പത്ത് ന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രം നായികയോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്.അതിന് നായികയുടെ മറുപടി ഇങ്ങനെ, ആരെയും കാറിത്തുപ്പി എന്നല്ല.എന്‍റെ പേരാണ് കാത്തുമ്പി. ലക്ഷദ്വീപിലും ഇങ്ങനെയുള്ള അനേകം പേരുകള്‍ ഉണ്ട്. റോസുമ്പി,മക്കമ്പി,ജറാദുമ്പി,ഇന്നുമ്പി,ഉമ്പി,കാച്ചാമ്പി,ഇങ്ങിനെ നീണ്ടുപോകുന്നു അവ.എന്നാല്‍ കാത്തുമ്പി എന്ന പേരുതന്നെ ഇവിടെ ഉണ്ടായിരുന്നു എന്നു കേട്ടാല്‍ എല്ലാവരും അതിശയിച്ചുപോകില്ലേ. 1958ല്‍ നടത്തിയ ഒരു ജനസംഖ്യാ കണക്കെടുപ്പില്‍ കില്‍ത്താന്‍ ദ്വീപില്‍ കാത്തുമ്പി എന്നു പേരുള്ള രണ്ടുപേര്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2/6 -ാം നമ്പര്‍ വീടായ പാത്തുമ്മളോട എന്ന വീട്ടില്‍ 55 വയസ്സുള്ള ഒരു കാത്തുമ്പിയും, സി-8-100 എന്ന നമ്പറിലുള്ള മുള്ളിപ്പുര എന്ന വീട്ടില്‍ 58 വയസ്സുള്ള ഒരു കാത്തുമ്പിയും ഉണ്ടായിരുന്നു എന്നാണ് ആ സെന്‍സസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഖാത്തൂന്‍ ബി എന്ന അറബിപ്പേരാണ് ഖാത്തും ബീ എന്ന് ഇവിടെ പ്രചരിക്കപ്പെട്ടത്.പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പ്രഥമ ഭാര്യ ഖദീജ(റ)യുടെ യഥാര്‍ത്ഥ നാമം ഖദീജ ഖാത്തൂന്‍ എന്നാണ്. ഖാത്തൂന്‍ ബീ ലോപിച്ചാണ് ഖാത്തുമ്പി,ഹാത്തുമ്പി,കാത്തുമ്പി,എന്നൊക്കെ ആയത്. കര്‍ണ്ണാടക ജില്ലയിലെ മംഗലാപുരം പോലെയുള്ള പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന നവൈത്തി മുസ്ലീംകള്‍ക്കിടയില്‍ ഈ പേര് ധാരാളമായി ഉള്ളതായി പറയുന്നുണ്ട്.
ഇതുപോലെയുള്ള മറ്റ് അനേകം പേരുകളും ദ്വീപുകളില്‍ ഉള്ളതായി നമുക്ക് കാണാവുന്നതാണ്. പീച്ചാട്ടി, മലയാട്ടി, അടിയാട്ടി, ഐലബി, കാമാബി, കമലാബി, മണിച്ചിബി, കരിച്ചിബി, മിക്കിബി, കാച്ചാമ്പി, കാരാബി, റഹിയാമ്പി, സുവനപ്പൂ, മധുരപ്പൂ, മുല്ലപ്പൂ, പര്‍ക്കി,പാറി, കക്കോമ്മാ, കാക്കച്ചി, ഇങ്ങനെ അധകൃതമെന്നു തോന്നിയേക്കാവുന്ന പലപേരുകളും ഇവിടെയുണ്ട്.പക്ഷേ ഇവയൊക്കെത്തന്നെയും, പല പദങ്ങളും ലോപിച്ചും പരിണമിച്ചും ഉണ്ടായവയാണെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാകുന്നതാണ്.
ഉദാ:- 1. മദീനാബി എന്ന പേര് സര്‍വ്വ സാധാരണമാണ്. (മദീനാ+ ബീ = മദീനാബി).എന്നാല്‍ മക്കമ്പി എന്നത് അത്ര സാധാരണമല്ല. മക്കം + ബീ യാണ് മക്കമ്പി ആയതെന്ന് മനസ്സിലാക്കിയാല്‍ നമ്മുടെ സംശയം തീരും. 2. റോഷന്‍ + ബീ അല്ലെങ്കില്‍ റോസ് + ബീ യാണ് റോസുമ്പിയായി പരിണമിച്ചത്. 3. കദീജ എന്ന അറബിപ്പേരാണ് കദീശായും കാശായും കാച്ചാമ്പിയും ആയി പരിണമിച്ചത്. ഇത്തരം പല പേരുകളും കര്‍ണ്ണാടകയിലെ നവൈത്തി മുസ്ലീംകള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉള്ളതായി കാണുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY