DweepDiary.com | ABOUT US | Thursday, 28 March 2024

ഉയരെകുതിച്ച് ലക്ഷദ്വീപിന്റെ പെണ്‍പുലി

In interview Special Feature Article BY P Faseena On 14 March 2023
''മുബസ്സിന മുഹമ്മദ്'' അറബിക്കടലിന്റെ നടുവിലുള്ള കൊച്ചു കടല്‍തുരുത്തില്‍ നിന്നും സ്വപ്‌നങ്ങളുടെയും വിജയങ്ങളുടെയും ഉയരങ്ങള്‍ കീഴടക്കിയ പെണ്‍കരുത്ത്. തോറ്റുകെടുക്കാത്ത മനസ്സുമതി ഏത് വിജയവും നേടിയെടുക്കാന്‍ എന്ന് തെളിയിച്ച ലക്ഷദ്വീപിന്റെ മകള്‍ കൂടിയാണ് ഇന്ന് മുബസ്സിന. ട്രാക്കിലോടി തീര്‍ത്ത ദൂരവും നേടിയ അംഗീകാരങ്ങളും കൊണ്ട് ലക്ഷദ്വീപ് എന്ന കേന്ദ്രഭരണ പ്രദേശത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധയില്‍പെടുത്താന്‍ ഈ മിനിക്കോയ്കാരിക്ക് കഴിഞ്ഞു. 16 വയസ്സിനുള്ളില്‍ മുബസ്സിന നേടിയതത്രയും മനോഹര വിജയങ്ങളാണ്.
കുട്ടിക്കാലം മുതല്‍ കായിക മേഖലയോട് അവള്‍ക്കേറെ പ്രിയമായിരുന്നു. മുബസ്സിനയിലൊരു സ്‌പോട്‌സ് താരം ഒളിഞ്ഞുകിടപ്പുണ്ട് എന്ന് ആദ്യം തിരിച്ചറിഞ്ഞത് മാതാവ് ദുബീന ഭാനുവും. മകളിലെ കഴിവിനെ പ്രോത്സാഹിപ്പിച്ച് ദുബീന അവള്‍ക്കൊപ്പം ചേര്‍ന്ന് നിന്നു. പിതാവ് മുഹമ്മദ് മകളുടെ ആദ്യ കോച്ചായി. ലക്ഷദ്വീപിന്റെ കായിക മേഖലയിലെ പരിമിതികള്‍ അവളെ വട്ടംകറക്കി. എന്നാല്‍ പിന്മാറാന്‍ അവള്‍ തയ്യാറായിരുന്നില്ല. കാരണം ട്രാക്കില്‍ അവള്‍കണ്ട കിനാക്കള്‍ മാതാപിതാക്കളുടെ കൂടിയായിരുന്നു.
ചെറുപ്പത്തില്‍ ഉപ്പയോടൊപ്പം മുബസ്സിന മാരത്തണുകളില്‍ പങ്കെടുക്കുമായിരുന്നു. രണ്ട് പേരേയും രാവിലെ വിളിച്ചെഴുന്നേല്‍പിച്ച് പ്രഭാതഭക്ഷണമെല്ലാം ഒരുക്കി കൃത്യസമയത്ത് ഉമ്മ ദുബീന പറഞ്ഞയക്കും.
തുടക്കത്തില്‍ ലക്ഷദ്വീപില്‍ നടക്കുന്ന ഇന്റര്‍ ജേ.ബി മത്സരങ്ങളില്‍ പങ്കെടുത്ത് മുബസ്സിന ഒന്നാമത് എത്തുമായിരുന്നു. ദ്വീപില്‍ ഏത് മത്സരം നടന്നാലും ഏത് കുട്ടികളുടെ ഉമ്മമാര്‍ വന്നില്ലെങ്കിലും മുബസ്സിനയുടെ ഉമ്മ ഗാലറിയില്‍ എത്തിയിട്ടുണ്ടാകും.
മാരത്തണിലെ ദീര്‍ഘമേറിയ ഓട്ടങ്ങള്‍ മുബസ്സിനയിലെ അത്‌ലറ്റിനെ വാര്‍ത്തെടുക്കുന്നതില്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ കിട്ടിയാലും ഇല്ലങ്കിലും ഒന്നാംക്ലാസ് മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ഒരു പതിവായി.
മിനിക്കോയ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറില്‍ പഠിക്കുമ്പേളാണ് മുബസ്സിന ആദ്യമായി ദേശീയ മീറ്റില്‍ പങ്കെടുക്കുന്നത്. പൂനയില്‍ വെച്ചായിരുന്നു മത്സരം. സ്പോര്‍ട്സ് ഗൗരവമായി എടുക്കുന്നത് ഒമ്പതില്‍ പഠിക്കുമ്പോള്‍. ഒമ്പതിലെ പഠനം മിനിക്കോയ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആന്ത്രോത്ത് സ്‌കൂളിലുമായിട്ടായിരുന്നു. അക്കാലത്ത് പരിമിതമായിട്ടാണെങ്കിലും ആന്ത്രോത്തിലെ സായി സെന്ററില്‍ പരിശീലനത്തിന് സാധിച്ചു. പരിശീലനത്തിനാണ് ഇങ്ങനെ പകുതി പകുതിയായി പഠിക്കേണ്ടി വന്നതും. ഹോസ്റ്റല്‍ സൗകര്യമില്ലാത്ത ലക്ഷദ്വീപില്‍ വളരെ ബുദ്ധിമുട്ടിയാണ് മുബസ്സിന പരിശീലനം നടത്തുന്നതും എന്നിട്ടും പല ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയിയാകുന്നതും. ലക്ഷദ്വീപില്‍ നിന്നുള്ള ജാമിയ അബ്ദുല്‍ ജലീല്‍, മുഹമ്മദ് കാസിം, അഹമ്മദ് ജവാദ് ഹസ്സന്‍, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ ടോമി ചെറിയാന്‍ എന്നീ കോച്ചുമാരുടെ കീഴില്‍ മുബസ്സിന പരിശീലനം നേടിയിട്ടുണ്ട്. കോച്ച് അഹമദ് ജവാദിന് കീഴിലുള്ള പരിശീലനം അവളുടെ കായിക ജീവിതത്തിലെ മറ്റൊരു വഴിതിരിവായി.
ആദ്യമെഡല്‍ ലഭിക്കുന്നത് അഞ്ചില്‍ പഠിക്കുമ്പോഴാണ്. മിനിക്കോയ് ദേശീയ ഫെസ്റ്റിലെ മാരത്തണില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടി. 2015, 2016, 2018 വര്‍ഷങ്ങളില്‍ മിനിക്കോയ് ദേശിയ ഫെസ്റ്റില്‍ പങ്കെടുത്ത് തുടര്‍ച്ചയായ സ്വര്‍ണ വേട്ടയായിരുന്നു. 2013ലെ ഇന്റര്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ കായികമേളയില്‍ ലോങ് ജംമ്പ്, 4x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍, 400 മീറ്റര്‍ സ്പ്രിന്റില്‍ വെള്ളിമെഡല്‍ നേടി അത്‌ലറ്റിക്‌സിലെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. 2021-22 കളിലായി 65 ആമത് കോഴിക്കോട് ജില്ല സീനിയര്‍ ആന്‍ഡ് ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി അത്‌ലറ്റിക്‌സില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യസ്വര്‍ണമെഡല്‍ ജേതാവായി മാറി. ദക്ഷിണമേഖല ദേശീയ അത്‌ലറ്റിക് മീറ്റില്‍ ലോങ് ജംമ്പില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കി. 2021-22ല്‍ തന്നെ ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ 19ആമത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് സ്‌കൂള്‍ ജിംനാസ്റ്റികില്‍ ഇന്ത്യക്ക് വേണ്ടി ട്രാക്കിലിറങ്ങി. ആന്ധ്രാപ്രദേശില്‍ നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിലും ഭോപ്പാലില്‍ നടന്ന പതിനേഴാമത് നാഷണല്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ലോങ് ജമ്പ്, ഹെപ്റ്റാതലണ്‍ എന്നിവയിലായി നാല് സ്വര്‍ണം. ഏഷ്യന്‍ ഗെയിമില്‍ രണ്ട് വെള്ളി. 2023 ഫെബ്രുവരിയിൽ ഭോപ്പാലിൽ നടന്ന അഞ്ചാമത് ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളിമെഡൽ. കർണാടകയിലെ ഉഡുപ്പിയിൽ നടന്ന 18ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പിലും, ഹെപ്റ്റാത്തലണിലും സ്വർണമെഡൽ നേടി.
പൂനെ, ആന്ധ്രാപ്രദേശ്, ഭോപ്പാല്‍, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ദേശീയ മീറ്റിനായി ഇതിനോടകം പോയിട്ടുണ്ട്. ഇത്രയും നേട്ടം മുബസ്സിന നേടിയത് ആധുനിക പരിശീലന സൗകര്യങ്ങളൊന്നുമില്ലാത്ത, ഒരു സിന്തറ്റിക്ക് ട്രാക്ക് പോലുമില്ലാത്ത കടല്‍നടുവിലെ തുരുത്തില്‍ നിന്നാണ്. മഡ് ട്രാക്കില്‍ നിന്നാണ് മുബസ്സിനയുടെ വര്‍ക്കൗട്ടും പരിശീലനവുമെല്ലാം. അത്ലറ്റിക്‌സില്‍ മത്സരിക്കാന്‍ ഇഷ്ടം ലോങ് ജമ്പാണ്. വോളിബോളും ഫുട്‌ബോളും കളിക്കാന്‍ ഇഷ്ടമാണെന്നും മൂബസ്സിന പറയുന്നു.
തന്നെക്കാള്‍ പരിചയ സമ്പന്നരും ഫിസിക്കല്‍ സ്‌ട്രെങ്ത്ത് ഉള്ളവരുമായ അത്‌ലറ്റുകളെ കാണുമ്പോള്‍ മുബസ്സിന പതറിപോകാറുണ്ട് എങ്കിലും ജയിക്കാനുള്ള വാശി കൈവിടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവരൊന്നും തന്റെ അത്ര എക്‌സ്പീരിയന്‍സ്ഡ് ആയവരല്ല എന്ന് പറഞ്ഞ് അതിനെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാനും കോച്ച് ജവാദിനറിയാം. മത്സരത്തിന് മുമ്പ് ഒപ്പമുള്ള അത്‌ലറ്റുകളുടെ സ്‌കോര്‍ ബോര്‍ഡ് നോക്കും. മനസ്സില്‍ എന്ത് തോന്നിയാലും തോല്‍ക്കരുത് എന്ന ഒരൊറ്റ ശ്വാസത്തിലാകും പിന്നീട് ട്രാക്കില്‍ നില്‍ക്കുക എന്നും മുബസ്സിന പറയുന്നു. നീരജ് ചോപ്രയും അഞ്ജു ബോബി ജോര്‍ജുമാണ് ഇഷ്ടകായിക താരങ്ങള്‍. ഇന്റര്‍നാഷണല്‍ ഒളിമ്പ്യന്‍ താരമാകണമെന്നും ട്രാക്കില്‍ ഉയരങ്ങള്‍ താണ്ടണമെന്നുമാണ് മുബസ്സിനയുടെ സ്വപ്നം. ഏപ്രിൽ 22 ന് ഉസ്ബാക്കിസ്താനിൽ നടക്കുന്ന അഞ്ചാമത് ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് മുബസ്സിന.

ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏത് പരിമിതികളെയും മറികടക്കാം എന്ന് തെളിയിച്ച പെണ്‍മനസ്സ് കൂടിയാണ് മുബസ്സിന മുഹമ്മദ്. കാലങ്ങളായി ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്ന ദ്വീപിലെ കായിക മേഖലയെകുറിച്ച് പരിതപിച്ചിരുന്നെങ്കില്‍ ഇന്നീകാണുന്ന നേട്ടങ്ങളൊന്നും മുബസ്സിനക്ക് നേടാന്‍ കഴിയുമായിരുന്നില്ല. പരിമിതികളിലെല്ലാം അവൾ പൊരുതി.എല്ലാ പരിമിതികളെയും തട്ടിമാറ്റി ഉയര്‍ത്തെഴുനേറ്റ് ഉയരേ തന്നെ കുതിക്കണം. തളര്‍ത്താന്‍ മറ്റൊരാള്‍ക്കും അവസരം നല്‍കാതെ ഇഷ്ടങ്ങളെയും സ്വപ്‌നങ്ങളെയും എത്തിപ്പിടിക്കാന്‍ ഒരോ സ്ത്രീക്കും കഴിയണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY