DweepDiary.com | ABOUT US | Saturday, 20 April 2024

പാട്ടിന്റെ കനല്‍ വഴിയെ ഹസ്രത്ത് അലി

In interview Special Feature Article BY P Faseena On 15 December 2022
9XM ചാനല്‍ റിയാലിറ്റി ഷോ ഇന്ത്യാസ് ടാലന്റ് ഫൈറ്റ് സീസണ്‍ 3 യിലേക്ക് സെലക്ഷന്‍ നേടി കവരത്തി സ്വദേശിയായ ഹസ്‌റത്തലി. സംഗീതത്തെ അത്രമേല്‍ നെഞ്ചേറ്റുന്ന ഹസ്‌റത്തിന് ഇത് സ്വപ്‌ന സാഫല്യമാണ് അതിലേറെ പ്രതീക്ഷയുടെ പൊന്‍കിരണവും. ലക്ഷദ്വീപ് ജനതക്ക് സുപരിചിതനായ ഹസറത്തലി ഇനി ലോകമറിയുന്ന മികച്ച ഒരു ഗായകനിലേക്കാണ് ചുവടുവെക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലായിരുന്നു ഇന്ത്യാ ടാലന്റ് ഫൈറ്റിന്റെ ഓഡീഷന്‍.
കവരത്തിയിലെ മ്യൂസിക് ട്രൂപ്പായ ലാക് മ്യൂസിക്കിലെ സ്ഥിരം ഗായകനാണ് ഹസ്‌റത്ത്. സ്വന്തം യൂട്യൂബ് ചാനലിലും, കവരത്തിയില്‍ നിന്നുള്ള സാസ് (SAS) മീഡിയയിലൂടെയും നിരവധി കവര്‍ സോങ്‌സ് ഹസ്‌റത്ത് ആലപിച്ചിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ചെറുപ്പത്തില്‍ മൂളി നടന്ന വരികളില്‍ നിന്നും ലഭിച്ച ഊര്‍ജമാണ് ഈ ഗായകന്റെ ആത്മവിശ്വാസം. മറ്റൊരര്‍ത്ഥത്തില്‍ ഹസ്രത്ത് ഒരു പ്രചോദനമാണ്. തളരാതെ പ്രതീക്ഷയോടെ പൊരുതി നേടാനുള്ള ആത്മവിശ്വാസത്തിന്റെ പ്രതീകം.
അനിമല്‍ ഹസ്ബന്‍ഡറി ഡയറി ഫാമില്‍ സ്റ്റോക്മാനായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഹസ്‌റത്ത്. അതിനിടയിലാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വരവും ഭരണപരിഷ്‌കാരങ്ങളും ഇതില്‍ കരുങ്ങി തൊഴില്‍രഹിതനാകേണ്ടിവന്നു. എന്നും പിന്തുണയായി നിന്ന ഉമ്മ ഉമ്മുല്‍ ലത്തീഫ മകന് ഉപജീവനത്തിനായി ഒരു ടെമ്പോ വാഹനം വാങ്ങി നല്‍കി. എന്നാല്‍ ഉമ്മ വാങ്ങി നല്‍കിയ വാഹനം വില്‍പന നടത്തി ആ പൈസയും കൊണ്ടാണ് ഹസ്‌റത്ത് ഉത്തരാഖണ്ഡിലേക്ക് ഓഡീഷനായി വണ്ടികയറിയത്. ഇത്രയും റിസ്‌കെടുക്കാന്‍ കാരണവും സംഗീതമാണ് അത് ഹസ്രത്തിന്റെ ഹൃദമിടിപ്പാണ്.
കവരത്തിയില്‍ ഉള്ള മുഹമ്മദ് സലീം, ബഷീര്‍, നസീര്‍ ഇവരെല്ലാം ചേര്‍ന്ന് നടത്തിയിരുന്ന സിംഫണി ട്രൂപ്പിലാണ് ഹസ്രത്ത് ആദ്യമായി പാടുന്നത്. രണ്ട് വര്‍ഷമായി ലാക് മ്യൂസിക് തുടങ്ങിയിട്ട്. ആദ്യം സിംഫണി എന്ന പേരിലായിരുന്നു ട്രൂപ്പ്. പിന്നീട് യുവാക്കളുടെ കൂട്ടായ്മയാണ് ലാക് മ്യൂസിക്കിലേക്കെത്തിച്ചത്. ഹിന്ദി ഗാനങ്ങളാണ് ഹസ്രത്ത് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ദ്വീപുകളില്‍ കല്ല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും പാടാന്‍ പോകും 150 ഉം 200 രൂപയൊക്കെയാണ് വരുമാനമായി കിട്ടുക. തുഛമായ വേതനമാണെങ്കിലും സംഗീതം നല്‍കുന്ന ആനന്ദത്തില്‍ അതിനെയെല്ലാം ഹസ്‌റത്ത് മറച്ചുപിടിച്ചു. കലകൊണ്ട് ദ്വീപില്‍ ജീവിക്കാനാവില്ല എന്ന് ഹസ്രത്ത് പറയുന്നു.
ഡെറാഡൂണ്‍ വരെയുള്ള യാത്രയും ഒരു വലിയ ടാസ്‌ക് ആയിരുന്നു. ഡെറാഡൂണിലെത്തിയതും ദിക്കറിയാത്ത സഞ്ചാരിയെ പോലെ ആയിരുന്നു. രണ്ടര കിലോമീറ്ററോളം നടന്നാണ് പെഞ്ചോ റിസോട്ടിലെത്തിയത്. റൂം റെന്റ് കൂടുതലായത് കൊണ്ട് ഒപ്പമുണ്ടായിരുന്നവരുമായി റൂം ഷെയര്‍ചെയ്താണ് കഴിഞ്ഞത്. സഹിക്കാന്‍ പറ്റാത്ത തണുപ്പിലും പുലര്‍ച്ചെ നാലരക്ക് പോയി വരി നിന്നു. ഇത്രയും തണുപ്പ് ആദ്യമായിട്ടാണ് അനുഭവിക്കുന്നത് എന്നാല്‍ ഉള്ളില്‍ ചൂടായിരുന്നു. നല്ല തിരക്കായിരുന്നു വിവിധ ഇടങ്ങളില്‍ നിന്ന് വന്ന 15000 ത്തോളം മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.
ഒരോ കടമ്പ കടക്കുമ്പോഴും ആകാംക്ഷകൊണ്ട് ഉള്ള് പിടയുന്നുണ്ടായിരുന്നു. സ്റ്റേജിലെത്തി പ്രിയ്യപ്പെട്ട ഗായകനായ ഉദിത് നാരായണന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ ''ഗര്‍സെ നികല്‍ത്തെഹി....... കുച്ച് ദൂര് ചല്‍ത്തെഹി....... രസ്‌ദെമെ ഹെ.. ഉസ്‌ക ഘര്‍..... എന്ന ഗാനമാണ് ആലപിച്ചത്. പാടി ഒന്നര മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നിര്‍ത്താന്‍ പറഞ്ഞു അപ്പോള്‍ ഉള്ളൊന്നു പതറി. പാടിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെ എന്ന് കരുതി. എന്നാല്‍ അവര്‍ പറഞ്ഞത് നല്ല സ്വരമാണ് എന്നാണ്. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ലക്ഷദ്വീപില്‍ നിന്നാണ് വരുന്നത്. പാട്ട് പഠിച്ചിട്ടില്ല പരിമിതികളിലൂടെയാണ് താന്‍ കടന്ന് വരുന്നതെന്ന് പറഞ്ഞു. ലക്ഷദ്വീപില്‍ നിന്നാണെന്ന് കേട്ടപ്പോള്‍ പരിമിതികള്‍ താണ്ടി വന്ന ഈ ദ്വീപുകാരനെ എല്ലാവരും അഭിനന്ദിച്ചു. ദ്വീപ് ഭാഷയില്‍ സെറ്റിലുണ്ടായിരുന്ന ജഡ്ജസും മറ്റും സംസാരിപ്പിച്ചു എന്നും ഹസ്‌റത്ത് പറയുന്നു. റിസല്‍റ്റ് അറിയിക്കാമെന്നും പറഞ്ഞു.
ബസ്സിലും ട്രെയ്‌നിലുമായി തിക്കി തിരക്കിയുള്ള യാത്രയായിരുന്നു. തിരിച്ച് എത്തുമ്പോഴേക്കും വണ്ടി വില്‍പന നടത്തിയ പൈസയില്‍ ബാക്കി ഉണ്ടായിരുന്നത് പതിനായിരം രൂപയും താനും മാത്രായിരുന്നു എന്ന് ഹസ്‌റത്ത് പറയുന്നു. റിസള്‍ട്ട് എന്താകും എന്നറിയാതെ ടെന്‍ഷനായിരുന്നു. ഇടക്കിടെ ഓഡീഷന്‍ സംഘാടകരെ വിളിച്ച് ശല്യം ചെയ്യുമായിരുന്നു. സെലക്റ്റട് ആയി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അത് ആദ്യം ഉമ്മയെയാണ് വിളിച്ചറിയിച്ചത്. സന്തോഷം കൊണ്ട് കരച്ചിലാണ് വന്നതെന്ന് ഹസ്രത്ത് പറയുന്നു. എന്നും കൂട്ടുള്ള ഉമ്മ പറഞ്ഞത് ' മോനെ ഹസ്ര കുഞ്ഞി എന്നും കരയിണ്ടെ ഇപ്പ ഇലി സന്തോഷിക്കേണ്ടേ സമയം' എന്നാണ്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും നിരവധിപേര് തന്നെ പിന്തുണച്ചു എന്ന് ഹസ്രത്ത് പറയുന്നു. സോനു നിഗം, ഉദിത് നാരായണന്‍, അര്‍ജിത് സിംഗ് എന്നിവരെല്ലാം ഇഷ്ടപ്പെട്ട ഗായകരാണ്.
ക്രിസ്മസിനോട് അനുബന്ധിച്ച് ലക്ഷദ്വീപില്‍ മ്യൂസിക് പ്രോഗ്രാമുകള്‍ ഉണ്ട്. അതുകഴിഞ്ഞ് കൊച്ചിയിലെത്തണം. മാര്‍ച്ചിലാണ് ഇന്ത്യാസ് ടാലന്റ് ഫൈറ്റ് സീസണ്‍ 3 യുടെ ഷൂട്ട് തുടങ്ങുക. അതിന് മുമ്പ് സംഗീതം ശാസ്ത്രീയമായി പഠിക്കണം ഒപ്പം ഗിത്താറും കീബോര്‍ഡും പഠിക്കണം. ദ്വീപില്‍ നിരവധി കലാകാരന്മാരുണ്ട്. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പിന്തുണ വേണം. താന്‍ ഒരുപാട് വൈകിപ്പോയി എന്നും എങ്കിലും സ്വപ്‌നങ്ങള്‍ക്കൊപ്പം തന്നെ പറക്കാം എന്ന് ചിന്തിച്ചു എന്നും ഹസ്‌റത്തലി ദ്വീപ് ഡയറിയോട് പറഞ്ഞു. കലാ മേഖലയില്‍ വേണ്ടത്ര പരിഗണന ഭരണകൂടം നല്‍കുന്നില്ല തന്നെപോലെ നിരവധിപേര്‍ ഈ കടല്‍ത്തുരുത്തിലുണ്ട് ഉയരെ പറക്കാന്‍ കൊതിക്കുന്നവര്‍. ഇനി വരുന്ന തലമുറക്കെങ്കിലും അവസരങ്ങളും പരിഗണനയും നല്‍കണമെന്നും ഹസ്‌റത്തലി പറയുന്നു. കവരത്തി സ്വദേശികളായ ഹംസകോയയുടെയും ഉമ്മുല്‍ ലത്തീഫയുടെയും മകനാണ് ഹസ്രത്ത് അലി. അബ്ദുസലാം, സലീന, സമീന, മുഹമ്മദ് റഫീഖ് എന്നിവര്‍ സഹോദരങ്ങളാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY