DweepDiary.com | ABOUT US | Saturday, 20 April 2024

പവിഴ ദ്വീപുകൾക്ക് ഒരു ജന്മദിനംകൂടി: ദ്വീപുജനതക്ക് പ്രതീക്ഷിക്കാന്‍ ഇനി എന്ത്?

In interview Special Feature Article BY P Faseena On 01 November 2022
ലക്ഷദ്വീപിന് ഇന്ന് 66ാം ജന്മദിനം. നിരവധി പോരാട്ടങ്ങളിലൂടെയും ചരിത്രനാള്‍ വഴികളിലൂടെയും കടന്നുവന്ന ലക്ഷദ്വീപുജനത ഇന്നും പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ്. 1956 ല്‍ രൂപംകൊണ്ടെങ്കിലും ലക്ഷദ്വീപ് എന്ന പേര് ഔദ്യോഗികമായി ലഭിക്കുന്നത് 1973ലാണ്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ്‌സമൂഹങ്ങളില്‍ ഒന്നായാണ് ലക്ഷദ്വീപ് അറിയപ്പെടുന്നത്. ഈ കടല്‍തുരുത്തുകളില്‍ ജീവിക്കുന്ന മനുഷ്യരാകട്ടെ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും ശീലിച്ച സഹായമനസ്‌കരും മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കല്‍പിക്കുന്നവരുമാണ്. ലക്ഷദ്വീപ്‌സമൂഹത്തില്‍ ആകെ 36 ദ്വീപുകളാണുള്ളത്, അതില്‍ 11 ദ്വീപുകളില്‍ മാത്രമാണ് ജനവാസം. മഹല്‍ ഭാഷയും സ്വന്തമായി ലിപി ഇല്ലാത്ത ജസരിയുമാണ് ദ്വീപിന്റെ ഭാഷയെങ്കിലും കാലത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മാറ്റത്തില്‍ ഭൂരിഭാഗം ദ്വീപുകാരും മലയാളമാണ് സംസാരിക്കുന്നത്. സ്വർഗമാല, ഹുബ്ബ്മാല, ചരതമാല, ദ്വീപിലെ കടലോട്ട ശാസ്ത്രം പ്രതിപാതിക്കുന്ന റഹ്മാനി, എന്നിവയെല്ലാം ജസരി ഭാഷയില്‍ രചിക്കപ്പെട്ട കൃതികളാണ്. ദ്വീപിലെ 90ശതമാനം പേരും ഇസ്ലാം മത വിശ്വാസികളാണ്. മറ്റ് പത്ത്ശതമാനം ജോലിക്കായി കുടിയേറിയവരാണ്. തേങ്ങയും മത്സ്യബന്ധനവുമാണ് ദ്വീപുകളുടെ പ്രധാനവരുമാനമാര്‍ഗ്ഗം.
അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ത്ലാത്ത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് ജനവാസം. കല്‍പ്പിട്ടി, തിണ്ണകര, ചെറിയപരളി, വലിയപരളി, പക്ഷിപ്പിട്ടി, സുഹേലി വലിയകര, സുഹേലി ചെറിയകര, തിലാക്കം, കോടിത്തല, ചെറിയപിട്ടി, വലിയപിട്ടി, ചെറിയം, വിരിംഗിലി, വലിയപാണി, ചെറിയപാണി എന്നീ ദ്വീപുകളില്‍ ജനവാസമില്ല. കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാന നഗരി. എഴുപതിനായിരത്തിന് താഴെയാണ് ലക്ഷദ്വീപിലെ ആകെ ജനസംഖ്യ.
അറബിക്കടലിന്റെ മര്‍മപ്രധാനമായ ഭാഗത്താണ് ലക്ഷദ്വീപ് എന്നതിനാല്‍ അറബികളും മലബാര്‍ ലക്ഷ്യമാക്കി വന്നിരുന്ന വിദേശി വ്യാപാരികളും പണ്ടുകാലത്ത് ഇടത്താവളമായി ലക്ഷദ്വീപിനെ ആശ്രയിച്ചിരുന്നു. ദ്വീപില്‍ ജനവാസം ആരംഭിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അറേബ്യയിലേക്ക് പ്രവാചകനെ കാണാന്‍പോയ ചേരമാന്‍ പെരുമാള്‍ രാജാവിനെ തേടിപ്പോയവരുടെ കപ്പല്‍തകര്‍ന്നാണ് ലക്ഷദ്വീപില്‍ കുടിയേറ്റം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. ഇതിന് ചരിത്രപരമായ രേഖകള്‍ ഇനിയും ലഭ്യമായിട്ടില്ല.
അത്താഴം വിളിപ്പാട്ട്, ഉലക്കമുട്ട്, പരിചകളി, കോല്‍ക്കളി, ആട്ടം, ദോലിപ്പാട്ട്, ദഫ്‌റാത്തീബ്, കാറ്റ് വിളി എന്നിവയെല്ലാം ലക്ഷദ്വീപിലെ നാടോടി കലകളാണ്. 1873ല്‍ അമിനിയിലാണ് ദ്വീപിലെ ആദ്യ വിദ്യാലയം ആരംഭിക്കുന്നത്, 1904 ല്‍ ആദ്യ ഗവണ്‍മെന്റ് സ്‌കൂള്‍ അമിനിയില്‍ തന്നെ ആരംഭിച്ചു. 1874ല്‍ ദ്വീപിലെ പ്രഥമ ഡിസ്പന്‍സറിയും അമിനിയിൽ ആരംഭിച്ചു. ഇസ്ലാം മതപ്രചാരകനായ ഹസ്റത്ത് ഉബൈദുള്ള (റ) യിലൂടെയാണ് ഇസ്ലാം മതം ലക്ഷദ്വീപിലേക്ക് കടന്നുവന്നത് എന്നാണ് കരുതുന്നത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്ക് കടന്നുവന്നതോടെ ലക്ഷദ്വീപിന്റെ പ്രാധാന്യം മനസ്സിലാക്കി ലക്ഷദ്വീപിലും ആധിപത്യം സ്ഥാപിച്ചു. അതുവരെ ദ്വീപ് കോലത്തിരി രാജാക്കന്മാര്‍ക്ക് കീഴില്‍ മമ്മാലികള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന രാജപ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരുന്നു ഭരണം. പോര്‍ച്ചുഗീസുകാരുടെ ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ചിറക്കല്‍ രാജാവിന്റെ സഹായത്തോടെ പോര്‍ച്ചുഗീസുകാരെ കീഴടക്കി. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ സൈന്യത്തെ അയച്ച് വീണ്ടും ഭരണം പിടിച്ചെടുത്തു. പിന്നീട് അറക്കൽ രാജവംശം ദ്വീപിലേക്കയച്ച കാതിൽ തഞ്ചക്കാരൻ അമിനിയിലെ അബൂബക്കർ കാളിയും നാട്ടുകാരും ചേർന്ന് പോർച്ചുഗീസുകാരെ വിഷം കൊടുത്ത് കൂട്ടക്കുരുതി നടത്തിയതോടെയാണ് അവരുടെ ആക്രമണം നിലച്ചത്. അറക്കൽ ബീവി അക്രമികളായ കാര്യക്കാരന്മാരെ അയച്ച് അമിത നികുതി പിരിക്കുകയും ആക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്തു. അഗത്തിയിലെ ബലിയ ഇല്ലം തറവാട്ടുകാരനായ കണക്കാപ്പിള്ളയേയും കുടുംബത്തേയും വെട്ടിക്കൊന്ന് കടലിലെഴുക്കുകയായിരുന്നു. ആ ആക്രമി സംഘം അമിനിയിലെത്തിയപ്പോൾ അവിടത്തെ ആളുകൾ അവരെ പിടിച്ചു കെട്ടി ഓടത്തിന്റെ കള്ളിയിലിട്ട് ടിപ്പുവിന്റെ കൊട്ടാരത്തിൽ കൊണ്ടുപോയി ഹാജരാക്കുകയായിരുന്നു. തങ്ങളെ അറക്കലിൽ നിന്നും രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് ടിപ്പു അറക്കലുമായി സംസാരിച്ച് ദ്വീപിന്റെ ഭരണം ഏറ്റെടുക്കുകയായിരുന്നു. ടിപ്പുവിന്റെ മരണത്തെ തുടർന്ന് ദ്വീപുകളുടെ ഭരണം ബ്രിട്ടീഷുകാരുടെ കൈക്കലായി. സ്വാതന്ത്ര്യാനന്തരം 1956ല്‍ ഇന്ത്യ ലക്ഷദ്വീപിനെ കേന്ദ്രഭരണപ്രദേശമാക്കി പ്രഖ്യാപിച്ചു. അമിനി ദ്വീപിലെ പാമ്പിന്‍ പള്ളി, ചെത്ത്ലാത്തിലെ പറങ്കിയെ കൊന്ന സ്ഥലം, ആന്ത്രോത്തിലെ പറങ്കിയെ അറുത്തു കൊന്നസ്ഥലം എന്നിവയെല്ലാം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ ദ്വീപുജനതയുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. സ്വതന്ത്ര്യാനന്തരം കേന്ദ്രഗണ്‍മെന്റ് നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കാണ് ലക്ഷദ്വീപിന്റെ ഭരണകാര്യങ്ങളുടെ നേതൃത്വം.
ഒട്ടുമിക്കകാര്യങ്ങള്‍ക്കും ദ്വീപുകാര്‍ ആശ്രയിക്കുന്നത് കേരളത്തെയാണ്. ആശുപത്രി, വിദ്യാഭ്യാസം എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള എല്ലാത്തിനും ദ്വീപുകാര്‍ കേരളത്തിലെത്തുന്നു. എന്നാല്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് സ്വയംപര്യാപ്തരാകേണ്ടത് ഇനിയെങ്കിലും ലക്ഷദ്വീപുജനത ശ്രദ്ധിക്കേണ്ടതാണ്. അത്യാവശ്യ ഭക്ഷ്യഉല്‍പന്നങ്ങള്‍ ലക്ഷദ്വീപില്‍ തന്നെ നിര്‍മിച്ചെടുക്കാവുന്നതാണ്. ലക്ഷദ്വീപിന്റെ സാമ്പത്തിക രംഗങ്ങളില്‍ ഒരു ചുവടെങ്കിലും മുന്നേറാന്‍ സ്വയംപര്യാപ്ത തൊഴിലിലൂടെയും ഉത്തരവാദിത്ത ടൂറിസത്തിലൂടെയും സാധിക്കും. ഇതിനു മുൻകയ്യെടുക്കേണ്ടത് ഓരോ ദ്വീപുപൗരനുമാണ്. ആരെയെങ്കിലും കാത്തുനില്ക്കുന്നതിൽ ഒരർത്ഥവുമില്ല. സാക്ഷരതാ നിരക്കിലും ഉയര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ശക്തമായ ഒരു രാഷ്ട്രീയപാരമ്പര്യവും ലക്ഷദ്വീപിന് സ്വന്തമായുണ്ട്.
ചരിത്ര പശ്ചാത്തലവും, പ്രകൃതിഭംഗിയും, മനുഷ്യസ്നേഹവുമെല്ലാം എടുത്തുപറയുമ്പോഴും സങ്കീര്‍ണമായ പാതയിലൂടെയാണ് ഓരോ ദ്വീപുകാരന്റെയും യാത്ര. പ്രകൃതി ഭംഗികൊണ്ട് നിറഞ്ഞ ദ്വീപ് പരിമിതികളുടെ തുരുത്തുകൂടിയാണ്. സമീപകാലങ്ങളിൽ ആഗോള മാധ്യമങ്ങളാല്‍ ഏറെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. യാത്രാദുരിതത്തില്‍ വലയുന്ന, അഡ്മിനിസ്ട്രേറ്ററുടെ കിരാത നയങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു ജനത കൂടിയാണ് ഇന്ന് ദ്വീപിലെ ജനത. പ്രഫുല്‍ പട്ടേല്‍ 2021 ല്‍ അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ എത്തിയതിന് ശേഷം എടുത്ത ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള ദ്വീപുജനതയുടെ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദ്വീപില്‍ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗുണ്ടാനിയമം, മദ്യനയം ഉദാരമാക്കല്‍, സ്‌കൂള്‍ ഉച്ചഭക്ഷണമെനുവില്‍ നിന്ന് മാംസാഹാരം എടുത്തുമാറ്റല്‍, നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമുകള്‍ അടച്ചുപൂട്ടിയത്, റോഡുകള്‍ ഏഴുമീറ്റര്‍ വീതിയിലാക്കാനുള്ള നീക്കം, മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, പാര്‍പ്പിടപരിധി നിയമം തുടങ്ങിയവ ദ്വീപുജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണ്. കൃത്യമായ ചികിത്സലഭിക്കാതെ കഴിഞ്ഞുപോകുന്നവരും, യാത്രാദുരിതത്തിൽ നട്ടം തിരിയുകയും ചെയ്യുന്ന ദ്വീപുജനതയുടെ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. വര്‍ത്തമാനകാല ലക്ഷദ്വീപിലെ ജനതക്ക് ഈ തുരുത്തില്‍ ജീവിക്കുക എന്നതും ഒരു സ്വാതന്ത്ര്യ പോരാട്ടമായിരിക്കുന്നു.
കേന്ദ്രഭരണപ്രദേശമാണെങ്കിലും ഇവിടുത്തെ ജനതയും ഇന്ത്യക്കാര്‍ തന്നെയാണ്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെങ്കില്‍ ദ്വീപുജനതയ്ക്കും വേണം സ്വാതന്ത്ര്യവും എല്ലാ മൗലിക അവകാശങ്ങളും. സ്വാതന്ത്ര്യവും, അവകാശവും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കനിഞ്ഞു നല്‍കുന്നതാകരുത്. അത് ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. വന്‍കരകളില്‍ നിന്നെത്തുന്ന ഏതെങ്കിലും രാഷ്ട്രീയക്കാരല്ല ലക്ഷദ്വീപിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ലക്ഷദ്വീപിലെ വികസനകാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇന്നാട്ടുകാര്‍ തന്നെയാകണം. ആരോഗ്യം, യാത്ര, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം മറ്റിടങ്ങളെ ആശ്രയിക്കാതെ ഇവിടെതന്നെ അതിനുള്ള സൗകര്യങ്ങളെത്തണം. ദ്വീപിന്റെ പാരമ്പര്യവും സംസ്‌കാരവും ഉള്‍കൊള്ളാന്‍ കഴിയുന്ന തദ്ദേശിയരായ ജനതയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭരണ നേതൃത്വം വേണം. ജനാധിപത്യം വേണം, ജനങ്ങള്‍ ജനങ്ങളെ നയിക്കണം; അതിനുവേണ്ടി നാം ഓരോ ദിനവും ഐക്യത്തോടെ മുന്നേറണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY